നമ്മുടെ എല്ലാ കോളേജിലും ഒരു ആൺകുട്ടി എങ്കിലും ഉണ്ടായിരിക്കും എല്ലാ പെൺകുട്ടികളുടെയും ഇഷ്ടപ്പെട്ട ഹീറോയായി.മറ്റുള്ളവരാകട്ടെ ആ ഹീറോയെ കണ്ടു അതുപോലെയാവാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നുണ്ടാകും. ഞാൻ പഠിച്ച കോളേജിലും ഒരു ഹീറോ ഉണ്ടായിരുന്നു. മനോഹരമായി പാട്ടുപാടുന്ന, ഗിത്താർ വായിക്കുന്ന ഒരു സുഹൃത്ത്. കോളേജിലെ ഏതു പരിപാടിയിലും അവൻറെ ഒരു ഗാനം ഉറപ്പായിരുന്നു. പഠനത്തിൻറെ കാര്യത്തിൽ അവൻ ഞങ്ങളെ പോലെ തന്നെയായിരുന്നു.ക്ലാസിൽ കയറിയാൽ കയറി എന്ന് പറയാം. എന്നിരുന്നാലും ആ കോളേജിലെ എല്ലാ ടീച്ചർമാർക്കും കുട്ടികൾക്കും അവനെ നന്നായി അറിയാമായിരുന്നു. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. പക്ഷേ എൻറെ സുഹൃത്ത് വലയത്തിലെ എല്ലാ പെൺകുട്ടികൾക്കും അവനോട് പ്രണയമുണ്ടായിരുന്നു. അവനെ കണ്ടു; അവനെപ്പോലെ പെൺകുട്ടികളെ ഇമ്പ്രെസ്സ് ചെയ്യാനായി ആ കോളേജിലെ പല കുട്ടികളും ഗിത്താർ പഠിക്കാൻ ശ്രമിച്ചു, പാട്ടുപാടാൻ ശ്രമിച്ചു. എന്നാൽ ആരും കോളേജ് കാലഘട്ടം അവസാനിക്കുന്നതു വരെ ഗിത്താർ വായിക്കാനും പഠിച്ചില്ല, പാട്ടുപാടാനും പഠിച്ചില്ല.എന്നാൽ ഞങ്ങൾക്ക് ആർക്കും അത് ഒരിക്കലും അപ്പോൾ മനസ്സിലായില്ല. എന്നാൽ ഇപ്പോൾ മനസ്സിലാകുന്നുണ്ട്. ഞങ്ങൾക്ക് ആർക്കും ഗിത്താർ വായിക്കാൻ താൽപര്യമുണ്ടായിരുന്നില്ല; എന്തിന് പാട്ടുപാടുന്നതിനോടു പോലും താൽപര്യമുണ്ടായിരുന്നില്ല. ഞങ്ങൾക്ക് എല്ലാവർക്കും ആ സുഹൃത്തിനു ലഭിക്കുന്ന ശ്രദ്ധ ലഭിക്കണമായിരുന്നു. ഞങ്ങൾ ചിന്തിച്ചത് ഇതിലൂടെ ഞങ്ങൾക്കും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയും എന്നാണ്. പ്രത്യേകിച്ചും പെൺകുട്ടികളുടെ. എന്നാൽ ഞങ്ങൾ എല്ലാവരുടെയും ധാരണ തെറ്റ് തന്നെയായിരുന്നു. കാരണം ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നത് ഞങ്ങൾക്ക് ഒരിക്കലും പഠിക്കാൻ താല്പര്യം ഇല്ലാത്ത ഒരു കാര്യം പഠിക്കാൻ ആയിരുന്നു. അത് പഠിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ശ്രദ്ധ. നമ്മളിൽ പലർക്കും എപ്പോഴും സംഭവിക്കുന്ന തെറ്റാണ് ഇത്. മറ്റുള്ളവരുടെ വിജയം കണ്ടു നമ്മൾ അതിനു പുറകെ സഞ്ചരിക്കാൻ ശ്രമിക്കുന്നു. നമുക്ക് ആ കാര്യത്തിൽ താല്പര്യം ഉണ്ടോ എന്ന് പോലും മനസ്സിലാക്കാതെ അവർക്ക് പുറകെ യാത്ര ചെയ്യുന്നു. അവിടെ നിങ്ങൾ മറന്നു പോകുന്ന ഒരു കാര്യമുണ്ട്.ആ വ്യക്തി അവിടെ എത്തിച്ചേരാൻ ആയി മാസങ്ങൾ, വർഷങ്ങൾ നീണ്ട കഠിനാദ്ധ്വാനം ചെയ്തു കാണും. ആ വ്യക്തിക്ക് അതിൽ താല്പര്യമുണ്ട്. നിങ്ങളും വർഷങ്ങൾ നീണ്ട കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ തീർച്ചയായും അവിടെ എത്തിച്ചേരാൻ കഴിയും.
നിങ്ങൾ ഏതെങ്കിലും ഒരു സെലിബ്രറ്റിയെ എടുത്തു നോക്കൂ. ആ വ്യക്തിയെ കാണാനായി ജനങ്ങളുടെ ഒരു നീണ്ടനിര തന്നെ നിങ്ങൾക്ക് കാണാനാകും.ആ നിരയിലുള്ള നിങ്ങളും അവരെ പോലെയാകാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും. ഇവിടെ നിങ്ങൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. അവർ ആ നിലയിൽ എത്തിച്ചേരാൻ എത്രയോ വർഷത്തെ കഠിനാധ്വാനവും, കഷ്ടതകളും അനുഭവിച്ചവരാണ്. ഒരിക്കലും നിങ്ങൾ ഒരാളുടെ വിജയം കണ്ടു അയാളെ പോലെയാകാൻ ശ്രമിക്കരുത്. നിങ്ങൾക്ക് ഒരിക്കലും അറിയില്ല അവിടെ എത്തിച്ചേരാനായി അവർ എത്ര ദിനരാത്രങ്ങൾ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് എന്ന്. ഈ ലോകത്ത് ഓരോ വ്യക്തിയും വ്യത്യസ്തമാണ്. ഓരോ വ്യക്തിയുടെയും താൽപര്യങ്ങളും, ഇഷ്ടങ്ങളും വ്യത്യസ്തമാണ്. നിങ്ങൾക്ക് എന്ത് ചെയ്യാനാണ് താല്പര്യം അത് കണ്ടെത്തി ആ വഴിയെ സഞ്ചരിക്കുക. അതിൽ വിജയിക്കാൻ നിങ്ങൾക്ക് എത്ര വർഷങ്ങൾ വേണ്ടി വന്നാലും കീഴടങ്ങാതെ മുന്നോട്ടുപോവുക. ഒരിക്കലും നിങ്ങൾ മറ്റുള്ളവരുടെ വിജയം കണ്ട് അവരുടെ വഴിയെ സഞ്ചരിക്കാൻ ശ്രമിക്കരുത്.
തയ്യാറാക്കിയത്:രൂപേഷ് വിജയൻ
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.