ഒരിക്കൽ ഞാനും എൻറെ കൂട്ടുകാരനും ഒരു മീറ്റിങ്ങിനായി ഓഫീസിൽ നിന്ന് കാറിൽ സഞ്ചരിക്കുകയായിരുന്നു. സമയം ഏതാണ്ട് ഒരു മണിയോടെ അടുത്തിട്ടുണ്ടാകും. ഏപ്രിൽ മാസത്തിലെ കനത്ത ചൂട് ശരിക്കും അനുഭവപ്പെടുന്നുണ്ടായിരുന്നു.കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഞങ്ങൾ ഒരു കാഴ്ച കണ്ടു. ഒരു സ്ഥലത്ത് റോഡ് പണി നടക്കുന്നു.ആ പൊരി വെയിലത്ത് കുറേ തൊഴിലാളികൾ പണിയെടുക്കുന്നു. അവർ വെയിലിൻറെ ചൂട് മാത്രമല്ല ടാർ ഉരുക്കാൻ ആയി കത്തിക്കുന്നതിൻറെ ചൂടിനെ കൂടി അഭിമുഖീകരിച്ചാണ് പണിയെടുക്കുന്നത്. നമ്മൾ ആ ചൂടിൽ ചെരുപ്പിടാതെ പുറത്തിറങ്ങാൻ പോലും മടിക്കുമ്പോൾ ഒരു വശത്ത് ചെരുപ്പ് പോലും ഇടാതെ കുറെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു. ഇത് കണ്ട് സത്യം പറഞ്ഞാൽ എനിക്കും വിഷമം തോന്നി. ഞാൻ ചിന്തിച്ചു എന്തുകൊണ്ടാണ് കുറച്ചുപേർ മാത്രം ദിവസവും എസിയിൽ ഇരുന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്നു? എന്തുകൊണ്ടാണ് ഭൂരിപക്ഷം ജനങ്ങൾക്കും കനത്ത വെയിലിലും കോരിച്ചൊരിയുന്ന മഴയത്തും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി എന്തു പണിയെടുക്കാനും തയ്യാറാകേണ്ടി വരുന്നത്? ഈ ചോദ്യങ്ങൾ എൻറെ മനസ്സിലേക്ക് വന്നപ്പോൾ ഒരുപാട് കാര്യങ്ങൾ എൻറെ തലച്ചോറിൽ ഉത്തരങ്ങളായി വന്നു. ഈ രണ്ടു വിഭാഗത്തെയും വേർതിരിക്കുന്ന ഘടകങ്ങൾ. ഉദാഹരണത്തിന് വിദ്യാഭ്യാസം,കഴിവ്, അനുഭവങ്ങൾ, റിസ്ക് എടുക്കാനുള്ള ധൈര്യം, അവരുടെ ശീലങ്ങൾ, മത്സരം,മൈൻഡ് സെറ്റ് തുടങ്ങി നിരവധി ഘടകങ്ങൾ. എന്നാൽ ഇതിലെല്ലാം വളരെ പ്രധാനപ്പെട്ട ഒരു ഘടകമായ് എനിക്ക് തോന്നിയത് മൈൻഡ് സെറ്റ് തന്നെയാണ്. ഇനി എന്താണ് മൈൻഡ് സെറ്റ് എന്ന് അറിയാത്തവർക്കായി; വളരെ ലളിതമായി പറഞ്ഞാൽ മൈൻഡ് സെറ്റ് എന്നത് നിങ്ങൾ ചിന്തിക്കുന്ന രീതി, അല്ലെങ്കിൽ നിങ്ങൾ എങ്ങനെ ഒരു കാര്യത്തെ നോക്കിക്കാണുന്നു എന്നത് തന്നെയാണ്. നിങ്ങൾ എങ്ങനെയാണ് ഈ ലോകത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ചിന്തിക്കുന്നത്, നിങ്ങൾ എങ്ങനെയാണോ ഈ ലോകത്തെ നോക്കി കാണുന്നത് അതിൻറെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ മൈൻഡ് സെറ്റ് രൂപീകരിക്കപ്പെടുന്നത്. പ്രധാനമായും ഇതിൻറെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ ഭാവി വ്യത്യാസപ്പെട്ടിരിക്കുന്നത്. ഒരാൾ മരണംവരെ ദരിദ്രനായ് ഇരിക്കാനും ഒരാൾ മരണംവരെ പണക്കാരനായിരിക്കാനും കാരണം മൈൻഡ് സെറ്റ് തന്നെയാണ്. ഇതാണ് ഒരു സമൂഹത്തിൽ തന്നെ പാവപ്പെട്ടവനെയും, പണക്കാരനെയും നിർമ്മിക്കുന്നത്. ഇത് ഞാൻ ഒരു ഉദാഹരണത്തിലൂടെ നിങ്ങൾക്ക് വ്യക്തമാക്കി തരാം. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എൻറെ ഏറ്റവും അടുത്ത രണ്ട് കൂട്ടുകാരായിരുന്നു രൂപേഷും,സുധീഷും.രൂപേഷ് കോളേജ് കാലഘട്ടം മുതലേ എന്തെങ്കിലും പുതുതായി പഠിച്ചു കൊണ്ടേയിരിക്കുമായിരുന്നു. അവൻ എല്ലാ സമയവും എന്തെങ്കിലും പുതിയതായി തേടിക്കൊണ്ടിരുന്നു. പുതിയ അറിവുകൾ നേടുക എന്നത് അവൻറെ ഒരു മൈൻഡ് സെറ്റായ് രൂപപ്പെട്ടു. അങ്ങനെ ചെയ്തു,ചെയ്തു അവൻ ജാവ പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, എന്നിവയൊന്നും പോരാഞ്ഞ് മെക്കാനിക്കലിലെ മൂന്ന് നാല് സോഫ്റ്റ്‌വെയറുകൾ കൂടി പഠിച്ചു. ഇതു മൂലം കോളേജ് സമയം മുതലേ അവൻ ഫ്രീലാൻസായി പല ജോലികൾ ചെയ്ത് പൈസ സമ്പാദിച്ചു. ആ പൈസയും അവൻ പുതിയ എന്തെങ്കിലും കാര്യങ്ങൾ പഠിക്കാനായി ഉപയോഗിച്ചു. ഇന്ന് രൂപേഷിന് സ്വന്തമായി രണ്ട് കമ്പനികളുണ്ട്. ഒരു കമ്പനി ആനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ ഫോക്കസ് ചെയ്യുമ്പോൾ മറ്റൊരു കമ്പനി പരസ്യ നിർമാണ രംഗത്ത് പ്രവർത്തിക്കുന്നു. അവന് കീഴിൽ ഏകദേശം 170 പേർ ജോലി എടുക്കുന്നു.രൂപേഷ് മാസത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ജോലിചെയ്തും, സ്വന്തം കമ്പനികളിൽ നിന്നും സമ്പാദിക്കുന്നത്. എന്നാൽ മറുവശത്ത് സുധീഷ് ആകട്ടെ അവൻ കുറച്ച് വ്യത്യസ്തമായിരുന്നു. അവന് ഒരിക്കലും എന്തെങ്കിലും പഠിക്കണം എന്ന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. അവൻ കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കാൻ ആയി 5000 രൂപ വരെ ചെലവഴിക്കുമായിരുന്നു. എന്നാൽ എന്തെങ്കിലും പഠിക്കാനായി 500 രൂപ പോലും ചെലവഴിച്ചില്ല. കോളേജ് കാലഘട്ടം കഴിഞ്ഞ് പുറത്തിറങ്ങിയ അവൻ ഇന്ന് തിരുവനന്തപുരത്ത് ഒരു കമ്പനിയിൽ 20000 രൂപ ശമ്പളത്തിൽ പണിയെടുക്കുന്നു. ഇവർ രണ്ടു പേരും ഒരേ കോളേജിൽ നിന്ന്, ഒരേ ക്ലാസ്സിൽ നിന്ന്, എം.ബി.എ പഠിച്ചിറങ്ങിയവരാണ്. പഠനത്തിന്റെ ലെവലിലും ഇവർ ഏകദേശം രണ്ടു പേരും ഒരേ പോലെ ആയിരുന്നു. എന്നിട്ടും ഈ വ്യത്യാസം എങ്ങനെ രൂപപ്പെട്ടു? അതിനുള്ള ഉത്തരം ഇവരുടെ മൈൻഡ് സെറ്റ് എന്നതു തന്നെയാണ്. ഒരാളുടെ മൈൻഡ് സെറ്റ് പുതുതായി എന്തെങ്കിലും കണ്ടെത്തുക എന്നതായിരുന്നപ്പോൾ ഒരാളുടെ ജോലി എടുക്കുക എന്നത് മാത്രമായി ഒതുങ്ങി. ഈ ലോകത്ത് മനുഷ്യർക്ക് ഒരു മൂല്യവും ഇല്ല. മൂല്യം അവരുടെ കഴിവുകൾക്കും, അവരുടെ കൈവശമുള്ള അറിവുകൾക്കും ഒപ്പം അവരുടെ മൈൻഡ് സെറ്റിനും തന്നെയാണ്. അതിനാൽ തന്നെ വിജയിച്ച ഏതൊരാളെ എടുത്തു നോക്കിയാലും ഓരോ നിമിഷവും പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള ത്വര അവരിൽ ഉണ്ടായിരിക്കും. അവരുടെ ഈ മൈൻഡ് സെറ്റ് ആണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
തയ്യാറാക്കിയത്:അപ്സര പ്രദീഷ്
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
