ഒരിക്കൽ ഒരു ഗ്രാമത്തിൽ വലിയൊരു ബിസിനസ്സുകാരൻ താമസിച്ചിരുന്നു. ജോലിയുടെ ഭാഗമായി അദ്ദേഹം പലപ്പോഴും പല സ്ഥലങ്ങളിലാണ് താമസിക്കാറുള്ളത്. അങ്ങനെ ഒരിക്കൽ അദ്ദേഹത്തിന് മൂന്നു മാസത്തോളം ഒരു നഗരത്തിൽ താമസിക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹം ആ നഗരത്തിലെ ഹോട്ടലിൽ മൂന്നു മാസത്തേക്ക് ഒരു റൂം എടുത്ത് താമസം ആരംഭിച്ചു. അവിടുത്തെ വെയിറ്ററോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. "നാളെ തൊട്ട് എല്ലാ ദിവസവും എന്നെ രാവിലെ ആറു മണിക്ക് വിളിച്ചുണർത്തണമെന്ന്. അത് സമ്മതിച്ചു വെയിറ്റർ അവിടെ നിന്നും മടങ്ങി. അടുത്ത ദിവസം കൃത്യം ആറു മണിക്ക് വെയിറ്റർ അദ്ദേഹത്തെ വിളിച്ചുണർത്തി. എന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു ഇന്ന് പ്രഭാതഭക്ഷണമായി എന്താണ് വേണ്ടത് എന്ന്? ചായ, കോഫി, ബ്രെഡ്,ബട്ടർ.... എല്ലാം കേട്ട ശേഷം ബിസിനസുകാരൻ പറഞ്ഞു എനിക്ക് ഒരു ഗ്ലാസ് നാരങ്ങാവെള്ളം മാത്രം മതി എന്ന്. കുറച്ചു സമയത്തിനുശേഷം വെയിറ്റർ അദ്ദേഹത്തിന് നാരങ്ങാവെള്ളം കൊണ്ടുവന്നു നൽകി. അടുത്ത ദിവസവും വെയിറ്റർ അദ്ദേഹത്തെ കൃത്യം ആറുമണിക്ക് തന്നെ വിളിച്ചുണർത്തി. എന്നിട്ട് വിഭവങ്ങളുടെ ഒരു ലിസ്റ്റ് ബിസിനസുകാരനു മുന്നിൽ നിരത്തി. എന്നാൽ അതെല്ലാം നിരസിച്ച് ഒരു ഗ്ലാസ് നാരങ്ങാവെള്ളം മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കുറച്ചു സമയത്തിനുശേഷം നാരങ്ങാവെള്ളം വെയിറ്റർ അദ്ദേഹത്തിന് കൊണ്ടു വന്നു കൊടുത്തു. 6 ദിവസത്തോളം ഈ ഒരു പ്രക്രിയ ഇതേപോലെ തുടർന്നു. ഏഴാം ദിവസം വെയിറ്റർ ആ ബിസിനസുകാരനെ വിളിച്ചുണർത്താനായ് റൂമിൽ എത്തിയപ്പോൾ അദ്ദേഹത്തിന് നൽകാനായ് വെയിറ്ററുടെ കൈവശം ഒരു വിഭവമുണ്ടായിരുന്നു. എന്താണ് എന്നല്ലേ?നിങ്ങൾ ചിന്തിച്ചതു തന്നെ. അതെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു? നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? എല്ലാ ദിവസവും വിഭവങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് നിരത്തുന്ന വെയിറ്റർ ഏഴാം ദിവസമായപ്പോഴേക്കും അതൊന്നും ചോദിക്കാതെ നാരങ്ങാ വെള്ളവുമായി വന്നതെങ്ങനെ? കാരണം ആറു ദിവസവും എത്രയോ വിഭവങ്ങളുടെ പട്ടിക നിരത്തിയിട്ടും ബിസിനസുകാരൻ നാരങ്ങാ വെള്ളം മാത്രമാണ് ആവശ്യപ്പെട്ടത്. അതോടെ വെയിറ്റർ അദ്ദേഹത്തിനു മുന്നിൽ തെരഞ്ഞെടുക്കാനുള്ള ആ പട്ടിക നിരത്തുന്ന പരിപാടി അവസാനിപ്പിച്ചു. അദ്ദേഹത്തിന് എന്താണോ ആവശ്യം അത് നേരത്തെ തന്നെ അദ്ദേഹത്തിന് മുന്നിൽ എത്തിച്ചു നൽകി.
ഈ കഥയിൽ ബിസിനസുകാരൻ എന്നത് നമ്മുടെ തലച്ചോറാണ്. ഒപ്പം വെയിറ്റർ എന്നത് നമ്മുടെ മനസ്സും. കാരണം നമ്മുടെ മനസ്സ് എപ്പോഴും ഏതെങ്കിലും ഒരു ജോലി ചെയ്യാൻ നമ്മൾ ഒരുങ്ങുന്നതിനു മുന്നേ അത് ചെയ്യാതിരിക്കാനുള്ള വഴികൾ കണ്ടെത്തും. ഉദാഹരണത്തിന് നമ്മളെല്ലാവരും രാവിലെ നേരത്തെ എണീക്കാനായി അലാറം സെറ്റ് ചെയ്യാറുണ്ട്. എന്നാൽ അലറാം അടിച്ചു തുടങ്ങിയാൽ നിങ്ങളുടെ മനസ്സ് നിങ്ങളോട് അലറാം ഓഫ് ചെയ്തു 5 മിനിറ്റ് കൂടി ഉറങ്ങാം എന്ന് പറയും. ഇന്ന് വേണ്ട നാളെ നേരത്തെ എണീക്കാം എന്ന് പറയും. ഇനി നിങ്ങൾ പഠിക്കാൻ ഇരിക്കുകയാണ് എന്ന് കരുതുക. കുറച്ചു കഴിഞ്ഞാൽ നിങ്ങളുടെ മനസ്സ് നിങ്ങളോട് പറഞ്ഞു തുടങ്ങും ഇനി കുറച്ച് സമയം ടിവി കാണാം, അല്ലെങ്കിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലെ മെസ്സേജുകളും സ്റ്റാറ്റസ് ചെക്ക് ചെയ്യാം, കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകാം എന്നൊക്കെ. നമ്മുടെ മനസ്സിൻറെ ജോലിയാണ് നമ്മളെ ശല്യപ്പെടുത്തുക എന്നത്. എന്നാൽ നമ്മൾ നമ്മുടെ തലച്ചോർ പറയുന്നത് കേട്ടാൽ നമ്മൾ എന്താണോ തീരുമാനിച്ചത് അത് പൂർത്തീകരിക്കുക തന്നെ ചെയ്യും. തലച്ചോർ ഒരിക്കലും നിങ്ങൾക്ക് മുന്നിൽ തെരഞ്ഞെടുക്കാനുള്ള വിവിധ വഴികൾ തുറന്നുവച്ചു തരില്ല. അങ്ങനെ നിങ്ങൾ നിങ്ങളുടെ തലച്ചോറിനെ കേൾക്കാൻ ശീലിച്ചാൽ ഒരു നാൾ തീർച്ചയായും നിങ്ങളുടെ മനസ്സ് നിങ്ങൾക്കു മുന്നിൽ തെരഞ്ഞെടുക്കാനുള്ള അവസരം നിരത്തുന്ന പരിപാടി അവസാനിപ്പിക്കുക തന്നെ ചെയ്യും. പറഞ്ഞു വന്നത് ഇത്രമാത്രം. നമ്മുടെ മനസ്സ് ഏതൊരു ജോലിചെയ്യാൻ ഇറങ്ങുമ്പോഴും അത് ചെയ്യാതിരിക്കാനുള്ള 100 കാരണങ്ങൾ നിങ്ങൾക്ക് മുന്നിൽ നിരത്തും. എന്നാൽ നിങ്ങൾ അതിനെയെല്ലാം നിരസിച്ചു നിങ്ങളുടെ തലച്ചോർ നിങ്ങളോട് എന്തു പറയുന്നുവോ അതിനെ പിന്തുടരുക.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
