മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്ത് പറയും? നമ്മൾ ജനിച്ചു വീണപ്പോൾ തൊട്ട് നമുക്ക് ചുറ്റും ഉള്ളവർ നമ്മളിൽ വിജയകരമായ് കുത്തിവെച്ച ഒരു ആശയമാണിത്. നിങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ കണ്ടുമുട്ടിയാലും ഇല്ലെങ്കിലും നിങ്ങൾ ജീവിതത്തിൽ ഇതുവരെ എടുത്ത ഓരോ തീരുമാനവും ഈ ആശയത്തെ അല്ലെങ്കിൽ ഈ ഭയത്തെ കൂട്ടുപിടിച്ച് തന്നെയായിരിക്കും. ഈ ഭയം എത്രയോ ജീവിതങ്ങളെ നശിപ്പിച്ചു. എത്രയോ വീടുകളിൽ എല്ലാം സ്വയം സഹിച്ചു ജീവിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ ഞാൻ ഒന്ന് ചോദിക്കട്ടെ; എന്തിനാണ് നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഈ ഒരു ആശയത്തിൽ കുടുക്കിയിടുന്നത്? നിങ്ങളെന്തിനാണ് നിങ്ങളുടെ ജീവിതത്തിലെ ശരിയും തെറ്റും നിർണയിക്കാനുള്ള അധികാരം സമൂഹത്തിനു നൽകുന്നത്? അല്ലെങ്കിൽ മറ്റുള്ളവർക്ക് നൽകുന്നത്? സമൂഹം നമ്മളോട് ഒട്ടനവധി നുണകൾ പറയുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയാൽ മാത്രമേ ഉയർന്ന ജോലി ലഭിക്കൂ,പണമുണ്ടായാൽ മാത്രമേ സമൂഹത്തിൽ വിലയുണ്ടാവൂ തുടങ്ങി.... എന്നാൽ ഇത് ഒരു പരിധിവരെ മാത്രമാണ് ശരിയായിട്ടുള്ളത്. നിങ്ങളുടെ ജീവിതത്തിലെ പല സന്തോഷങ്ങളും മറ്റുള്ളവർ എന്തു പറയും എന്ന ഭയത്താൽ നിങ്ങൾ ഉപേക്ഷിച്ചിട്ട് ഉണ്ടാകും. അല്ലെങ്കിൽ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി മാത്രം നിങ്ങൾ ചെയ്യുന്നുണ്ടാകും. നിങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം പലതും ചെയ്തുകൂട്ടുന്നുണ്ടാകും. ഈ ഡിജിറ്റൽ യുഗത്തിൽ അതിന് പുതിയൊരു രൂപം കൂടി കൈവന്നു; സോഷ്യൽ മീഡിയയിലൂടെ. അതിലൂടെ മറ്റുള്ളവരുടെ ലൈക്കും കമൻറ് ഒന്നു ലഭിക്കാൻ വേണ്ടി മാത്രം നിങ്ങളുടെ വികാരങ്ങളെ ഫലപ്രദമായി അഭിനയിച്ചു ഫലിപ്പിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ അഭിപ്രായം പറയാനുള്ള അവസരം നിങ്ങൾ മറ്റുള്ളവർക്ക് നൽകുന്നിടത്തോളം കാലം നിങ്ങളെയും ഈ ഭയം വേട്ടയാടി കൊണ്ടേയിരിക്കും. നേരെമറിച്ച് മറ്റുള്ളവർ എന്തു പറയുന്നു എന്ന് നിങ്ങൾ ശ്രദ്ധിക്കുന്നു പോലുമില്ല എങ്കിൽ ഈ ആശയത്തിന് നിങ്ങളിൽ ഒരു പ്രതിഫലനവും ഉണ്ടാക്കാനാകില്ല. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോഴോ, സമൂഹത്തിൻറെ വിശ്വാസങ്ങൾക്ക് എതിരെ പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറെടുക്കുമ്പോഴോ ഈ ഭയം നിങ്ങളെ കീഴ്പ്പെടുത്തും. സത്യം പറഞ്ഞാൽ മറ്റുള്ളവർക്ക് നിങ്ങളുടെ ജീവിതത്തെ കുറിച്ച് യാതൊരു വിധ ആശങ്കയോ, ആകാംക്ഷയോ, പ്രതീക്ഷയോ ഒന്നും തന്നെ ഇല്ല. അവർക്ക് വെറുതെ സമയം കളയണം. കാരണം അവരുടെ ജീവിതത്തിൽ മറ്റുള്ളവരോട് പറയാനായ് ഒരു മസാലക്കൂട്ടുകളും ഇല്ല. കേട്ടിട്ടില്ലേ ഉയർന്ന ചിന്താഗതി ഉള്ളവർ നൂതന ആശയങ്ങളെ കുറിച്ചും ശരാശരി ചിന്താഗതി ഉള്ളവർ അനുഭവങ്ങളെക്കുറിച്ചും താഴ്ന്ന ചിന്താഗതി ഉള്ളവർ എപ്പോഴും മറ്റുള്ളവരെ കുറിച്ചും മാത്രം സംസാരിക്കുന്നവരാണ്. താഴ്ന്ന ചിന്താഗതി ഉള്ളവർ നിങ്ങൾ എന്ത് ചെയ്താലും അതിനെ കുറിച്ച് മോശം പറഞ്ഞു കൊണ്ടേയിരിക്കും. ഇത്തരക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നിങ്ങൾ ജീവിതത്തിലെ പല തീരുമാനങ്ങളും എടുത്തിട്ട് ഉണ്ടാവുക. ഈ സമ്മർദ്ദത്തിന് അടിപ്പെട്ട് നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ എന്താണ് ചെയ്യാനുള്ളത് എന്ന് നിങ്ങൾ മറന്നുപോകുന്നു. നിങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിൽ എന്ത് ആനന്ദമാണുള്ളത്? ആകെ ഒരു ജീവിതമേ ഉള്ളൂ. അതുകൊണ്ട് തന്നെ അതിനെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാം ശീലിക്കൂ.. എല്ലാവരുടെയും ജീവിതത്തിൽ ഗേൾ ഫ്രണ്ട്, ബോയ്ഫ്രണ്ട് ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലും അത് ഉണ്ടാകണമെന്ന് യാതൊരു നിർബന്ധവുമില്ല. എല്ലാവരും എം.ബി.എ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളും ചെയ്യണമെന്ന് നിർബന്ധമില്ല.
ഈ ലോകത്തിന് എപ്പോഴും മുന്നോട്ടു പോകുവാൻ മാത്രമേ അറിയൂ. മറ്റുള്ളവർക്ക് ആകട്ടെ ഉപദേശിക്കാനും.. ഉപദേശം അത് നിങ്ങൾക്ക് ഫ്രീയായി എപ്പോഴും ലഭിച്ചു കൊണ്ടേയിരിക്കും. എല്ലാവരുടെയും ഉപദേശത്തെ തൃപ്തിപ്പെടുത്താൻ ഉതകുന്ന ഒരു തീരുമാനമെടുക്കാൻ നിങ്ങൾ ശ്രമിച്ചാൽ തീർച്ചയായും പരാജയപ്പെടും. എല്ലാവരുടെയും അഭിപ്രായം കേട്ടുകൊള്ളൂ.. പക്ഷേ ചെയ്യുന്നത് നിങ്ങളുടെ ശരിയായിരിക്കണം. ഒരിക്കൽ ഒരാൾ ഒരു ഫെറാറി കാർ വാങ്ങി. എന്നാൽ അദ്ദേഹത്തിന് ആ കാറിൽ ഒട്ടനവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. അതോടെ അയാൾ ആ പ്രശ്നങ്ങൾ അതിൻറെ നിർമാതാക്കളോട് സംസാരിക്കാൻ പുറപ്പെട്ടു. എന്നാൽ അദ്ദേഹത്തെ അവർ അപമാനിച്ചു മടക്കി.ആ അപമാനത്തെ അദ്ദേഹം തൻറെ ഊർജമാക്കി മാറ്റി. വെറും അഞ്ച് മാസത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച കാറുകളിലൊന്നായ ലംബോർഗിനി നിർമ്മിച്ചു കൊണ്ട്; തന്നെ അപമാനിച്ചതിനുള്ള മറുപടി അദ്ദേഹം ഫൊറാറിക്ക് നൽകി. ഇന്ന് ലംബോർഗിനിയെ ആർക്കാണ് അറിയാത്തത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും, വിമർശനങ്ങളെയും നിങ്ങളുടെ നേട്ടത്തിനുവേണ്ടി ഉപയോഗപ്പെടുത്തൂ. ഒരിക്കലും നിങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ ഉള്ള അധികാരം സമൂഹത്തിന് നൽകരുത്..
"നിങ്ങൾ ദരിദ്രനായ് ജനിക്കുന്നത് നിങ്ങളുടെ കുറ്റമല്ല.പക്ഷേ നിങ്ങൾ ദരിദ്രനായ് മരിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റമാണ്'.-ബിൽ ഗേറ്റ്സ്.
എഴുതിയത്:രൂപേഷ് വിജയൻ
ഫോൺ:09656934854
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
