രാവിലെ എണീക്കാൻ ഉള്ള അലാറം ഓഫ് ചെയ്തു കൊണ്ട് ഈ ലോകത്തിലെ 90% ആളുകളും അവരുടെ ജീവിതത്തിലെ മികച്ച സമയത്തെ നഷ്ടപ്പെടുത്തി കളയുന്നു. ഒരു ദിവസത്തിൻറെ ആദ്യ മണിക്കൂറുകളിൽ തന്നെ നിങ്ങൾ പരാജയപ്പെട്ടാൽ പിന്നെ ആ ദിവസത്തിലെ ബാക്കിയുള്ള മണിക്കൂറുകൾ നിങ്ങൾക്ക് എന്ത് പ്രതീക്ഷ നൽകാനാണ്? നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം യഥാർത്ഥത്തിൽ ഏതായിരിക്കും? അല്ലെങ്കിൽ ഏറ്റവും സന്തോഷത്തോടെ നിങ്ങൾ ഉറങ്ങാൻ കിടന്ന ദിവസം ഏതായിരിക്കും? ആലോചിച്ചു ബുദ്ധിമുട്ടേണ്ട; ഞാൻ പറഞ്ഞുതരാം.നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നേടാൻ ആഗ്രഹിച്ചതൊക്കെ നേടി എടുത്തതിനു ശേഷം ഉള്ള ഉറക്കം തന്നെ.ആ സന്തോഷത്തിൻറെ ദിവസം നിങ്ങൾക്ക് അരികിലേക്കെത്താൻ സഹായിക്കുന്ന കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ഓരോ പ്രഭാതത്തിലും ഫോളോ ചെയ്യാൻ മറക്കരുത്. കാരണം പ്രഭാതമാണ് നിങ്ങളുടെ ഒരു ദിവസത്തെ നിർണയിക്കുന്നത്.ഇവിടെ നിങ്ങൾക്ക് തെറ്റു പറ്റിയാൽ ആ ദിവസം മുഴുവൻ നിങ്ങൾക്ക് തെറ്റുപറ്റി കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ഉറക്കം ഉണരുന്നതിനു മുമ്പ് നിങ്ങൾക്ക് തന്നെയും ബോധ്യം ഉണ്ടാവണം നിങ്ങൾ ആരാണെന്ന്? ഓരോ സുപ്രഭാതത്തിലും നിങ്ങളുടെ ആത്മവിശ്വാസം വർധിക്കേണ്ടതുണ്ട്. എപ്പോഴും രാവിലെ ഉണരുമ്പോൾ പോസിറ്റീവ് ആയ കാര്യങ്ങൾ ചിന്തിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന് ഞാനാണ് ഈ ലോകത്തിലെ ഏറ്റവും മികച്ചവൻ, എനിക്ക് എന്ത് കാര്യവും ചെയ്യാൻ കഴിയും, എനിക്ക് ഈ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയും എന്നൊക്കെ.
അതോടൊപ്പം നിങ്ങൾക്ക് നിങ്ങളുടേതായ വാക്കുകളും ഉണ്ടാക്കാം. അതിലൂടെ നിങ്ങളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കാം. അതോടൊപ്പം നിങ്ങളുടെ സ്വപ്നങ്ങൾ അത് എന്തു തന്നെയായാലും നിങ്ങളുടെ കണ്മുന്നിൽ തെളിഞ്ഞു തന്നെ ഉണ്ടാകണം.എപ്പോഴും ഉറക്കം ഉണരുമ്പോൾ കുറച്ചുനേരം കണ്ണടച്ച് ചിന്തിക്കൂ! നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച്;എവിടെ എത്തിച്ചേരാൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് അവിടെ എത്തിച്ചേർന്നതായ്. ഒന്നുറപ്പാണ് ഇതിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം നിങ്ങൾക്ക് വേറെ എവിടെ നിന്നും ലഭിക്കില്ല. ആ ഊർജത്തോടെ നിങ്ങൾ നിങ്ങളുടെ ജോലികൾ ചെയ്യാൻ ശ്രമിക്കുക. എപ്പോഴും ഓർമ്മ വയ്ക്കുക; വിജയം എന്നത് ഒരു യാത്രയാണ് അല്ലാതെ യാത്രയുടെ അവസാനം അല്ല. ഓരോ യാത്രയും വിജയിക്കുന്നതും പരാജയപ്പെടുന്നതും നിങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചാണ്.പലരും കഴിഞ്ഞുപോയ ദിവസത്തെ ടെൻഷൻറെയും,വിഷമങ്ങളുടെയും,പരാജയങ്ങളുടെയും ഒക്കെ തുടർച്ചയായാണ് പുതിയ ഒരു ദിവസത്തെ സ്വാഗതം ചെയ്യുന്നത്. എന്നാൽ ഒന്നോർക്കുക; നിങ്ങൾക്കു മുമ്പിൽ വിരിഞ്ഞുനിൽക്കുന്ന ഈ ദിവസം പുതിയതാണ്. അതുകൊണ്ടുതന്നെ ആ ദിവസത്തേക്കുള്ള യാത്രയും പുതുമയോടെ തന്നെയാകണം.
അതോടൊപ്പം നിങ്ങളുടെ കയ്യിലുള്ള സമയത്തെയും ദിവസത്തെയും ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാൻ ഒരു ടുഡു ലിസ്റ്റ് തയ്യാറാക്കുക. നിങ്ങൾക്ക് ആദ്യം ചെയ്യേണ്ട ജോലികൾ ആദ്യവും അവസാനം ചെയ്തു തീർക്കേണ്ട ജോലികൾ അവസാനം എന്ന ക്രമത്തിൽ ആയിരിക്കണം ടുഡു ലിസ്റ്റ് തയ്യാറാക്കേണ്ടത്. ഇതിനെക്കുറിച്ച് ഞാൻ ഒരുപാട് ബ്ലോഗുകളിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇവിടെ അത് വിശദമാക്കുന്നില്ല. അതിനെക്കുറിച്ച് അറിയേണ്ടവർ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ ലിസ്റ്റിൽ എഴുതിവെച്ച എല്ലാ ജോലികളും പൂർത്തീകരിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി അതൊന്നു വേറെ തന്നെയായിരിക്കും. ഇതിലൂടെ നിങ്ങൾക്ക് മറ്റൊരു നേട്ടവും ഉണ്ടാകും; നിങ്ങൾക്ക് ഒരു വർഷം എടുത്തിട്ടും പൂർത്തീകരിക്കാൻ കഴിയാത്ത പല കാര്യങ്ങളും ഒരു മാസത്തിൽ തന്നെ പൂർത്തീകരിക്കാൻ കഴിയും. കാരണം ഓരോ പ്രഭാതവും നിങ്ങൾക്ക് ഓരോ അവസരമാണ്. ആ അവസരങ്ങളെ ഉപയോഗപ്പെടുത്തൂ, ജീവിക്കൂ. ഇനിയും അലാറം ഓഫ് ചെയ്യാൻ ശ്രമിക്കാതെ ജീവിതത്തിൻറെ ഈ യാത്രയിൽ ഓടാൻ തുടങ്ങൂ...
അനുബന്ധ ലേഖനങ്ങൾ
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
