ഈ ലോകത്ത് കോടിക്കണക്കിന് ജനങ്ങൾ ഉണ്ട്. ഈ ജനവിഭാഗങ്ങളുടെ എല്ലാവരുടെയും ആഗ്രഹം ജീവിതത്തിൽ എന്തെങ്കിലും വലിയതായി ചെയ്യണമെന്നാണ്. എന്നാൽ നിങ്ങൾക്കറിയുമോ? ആ ആഗ്രഹവുമായി നടക്കുന്ന എത്രപേർ അവരുടെ ആഗ്രഹത്തെ പൂർത്തീകരിക്കുന്നണ്ടെന്ന്? ആ സ്വപ്നത്തിൽ എത്തിപ്പിടിക്കുന്നുണ്ടെന്ന്? വളരെ കുറച്ചുപേർ മാത്രം. നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും; നിങ്ങളാണ് ഏറ്റവും വലിയ സ്വപ്നം കാണുന്ന വ്യക്തി എന്ന്. നിങ്ങളുടെ സ്വപ്നമാണ് ഈ ലോകത്തെ ഏറ്റവും മികച്ചതെന്ന്. എന്നാൽ നിങ്ങൾ ജനക്കൂട്ടത്തിൽ ഇറങ്ങി അവരോട് ഓരോരുത്തരോടും ചോദിച്ചു നോക്കൂ. അപ്പോൾ നിങ്ങൾക്ക് യാഥാർത്ഥ്യം മനസ്സിലാകും. എല്ലാവരുടെയും സ്വപ്നങ്ങളും, ആഗ്രഹങ്ങളും വലിയത് തന്നെയായിരിക്കും. വ്യത്യാസം ഒന്നു മാത്രം. അവരിൽ കുറച്ചു പേർ തങ്ങളുടെ സ്വപ്നത്തിനായ് എന്തെങ്കിലും ചെയ്യുമ്പോൾ മറ്റുള്ളവർ വെറും സ്വപ്നം മാത്രം കണ്ടുറങ്ങുന്നു. സമയം കടന്നു പോയ് വൃദ്ധസദനത്തിനുള്ളിലെ നാലു ചുവരുകൾക്കുള്ളിൽ ഒറ്റപ്പെട്ടു കഴിയുമ്പോഴായിരിക്കും അവർ ചിന്തിക്കുക; ഞാൻ എൻറെ സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിച്ചിരുന്നു എങ്കിൽ ജീവിതത്തിൻറെ ഗതി തന്നെ മാറുമായിരുന്നു എന്ന്. അതിനാൽ സമയം നിങ്ങളെ മാറ്റുന്നതിനു മുൻപ് സ്വയം മാറുവാൻ തയ്യാറാവുക. സമയം നിങ്ങളെ മാറ്റാൻ തയ്യാറായാൽ അത് നിങ്ങൾക്ക് വേദനാജനകം തന്നെയാകും.
സ്വപ്നം എന്നത് നിങ്ങളുടെ വീട്ടിലെ നായയടക്കം കാണുന്നുണ്ട്. എന്നാൽ നിങ്ങളുടെ സ്വപ്നവും, ആ നായയുടെ സ്വപ്നവും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങളുടെ സ്വപ്നത്തെ നിങ്ങൾ വിചാരിച്ചാൽ സഫലീകരിക്കാനാകും.എന്നാൽ നായയുടെ കാര്യത്തിൽ അത് വിചാരിച്ചാൽ പോലും ആ സ്വപ്നം നേടിയെടുക്കാനാകില്ല. അതുകൊണ്ട് എപ്പോഴും ഒരു കാര്യം ഓർമ്മ വെയ്ക്കുക. നിങ്ങൾക്ക് നേടാൻ കഴിയും എന്ന് ചിന്തിച്ചാൽ ഈ ലോകം കീഴ്മേൽ മറിഞ്ഞാലും നിങ്ങൾക്ക് അത് നേടാനാകും. ഇല്ലെങ്കിൽ ഒരിക്കലും അത് നിങ്ങളെ തേടി വരില്ല. പൗലോ കോയ്ലോ ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുള്ളത് കേട്ടിട്ടില്ലേ. "നിങ്ങളുടെ ആഗ്രഹം തീവ്രമാണെങ്കിൽ അത് നേടി തരുവാൻ ഈ ലോകം മുഴുവൻ ഗൂഢാലോചന നടത്തും". നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടിയെങ്കിലും നിങ്ങളുടെ ചിന്താഗതിയെ പോസിറ്റീവായ് വെക്കാൻ ശ്രദ്ധിക്കൂ. ഇത് എനിക്ക് ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചാൽ തീർച്ചയായും അത് നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിയും. കാരണം അപ്പോൾ നിങ്ങൾ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യാൻ തയ്യാറാകും. അതിനു പകരം ഇത് നിങ്ങളെ കൊണ്ട് കഴിയില്ല എന്ന് ചിന്തിച്ചാൽ കഠിനാധ്വാനം പോയിട്ട് നിങ്ങൾ അതിനു വേണ്ടി പരിശ്രമിക്കുക പോലുമില്ല. ഒരു ചിന്താഗതി, ഒരു സ്വപ്നം, ഒരു ആഗ്രഹം ഇതിനൊക്കെ ഈ ലോകത്തെ തന്നെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്. അങ്ങനെയുള്ളപ്പോൾ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ കഴിയില്ലെന്നാണോ കരുതുന്നത്. ഇന്ന് ഈ ലോകത്ത് എന്തൊക്കെ നൂതന കണ്ടുപിടുത്തങ്ങൾ നടന്നിട്ടുണ്ടോ അതൊക്കെ ഓരോരുത്തരുടെയും ചിന്തയുടെയും, സ്വപ്നങ്ങളുടെയും ഫലമായിരുന്നു. നിങ്ങളുടെ വലിയ സ്വപ്നങ്ങൾ പൂർത്തീകരിക്കാനുള്ള ശരിയായ സമയത്തിനു വേണ്ടിയാണോ നിങ്ങൾ കാത്തിരിക്കുന്നത്? എന്നാൽ ഞാൻ ഒരു കാര്യം ആദ്യമേ പറയട്ടെ. ആ ശരിയായ സമയം ഒരിക്കലും നിങ്ങൾക്ക് അരികിലേക്ക് വരില്ല. ആ സമയത്തെ സ്വയം കണ്ടെത്തേണ്ടതുണ്ട്. അതിനായ് ഇപ്പോൾ തന്നെ പരിശ്രമിക്കേണ്ടതുണ്ട്. നിങ്ങൾ സ്വപ്നം കണ്ടിരുന്നത് കൊണ്ട് മാത്രം, അല്ലെങ്കിൽ ചിന്തിച്ചത് കൊണ്ട് മാത്രം ഈ ലോകത്ത് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഒരു ചെറിയ ഉദാഹരണത്തിലൂടെ ഞാൻ ഇത് വ്യക്തമാക്കി തരാം. നമ്മുടെ രാജ്യം ഇന്ന് കോവിഡ് എന്ന മഹാമാരിയിലൂടെ കടന്നു പോവുകയാണ് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.നിങ്ങൾ കോവിഡ് ഈ രാജ്യത്ത് നിന്ന് ഇല്ലാതാകുമെന്ന് വെറുതെ സ്വപ്നം കണ്ടു, അല്ലെങ്കിൽ ചിന്തിച്ചിരുന്നത് കൊണ്ട് മാത്രം അത് സംഭവിക്കില്ല. അതിനായ് നമുക്ക് വാക്സിൻ നിർമ്മിക്കണം. അത് ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം. മാസ്ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കണം. ആരോഗ്യ സംവിധാനങ്ങളോട് പൂർണമായി സഹകരിക്കണം. ഇതൊക്കെ ചെയ്തെങ്കിൽ മാത്രമേ അത് സാധ്യമാകൂ. ഈ ഉദാഹരണം ഞാൻ ഇവിടെ പറഞ്ഞത് നിങ്ങൾ ചിന്തിച്ചിരുന്നത് കൊണ്ട് മാത്രം ഒന്നും നടക്കില്ല എന്ന് ബോധ്യപ്പെടുത്താനാണ്. അതിനു വേണ്ടി കാര്യങ്ങൾ ചെയ്യാനായ് നിങ്ങൾ ഇറങ്ങുക തന്നെ വേണം.എങ്കിൽ മാത്രമേ നിങ്ങൾക്ക് ആ സ്വപ്നം സഫലമാക്കാൻ കഴിയൂ. നിങ്ങളുടെ സ്വപ്നം തേടിയുള്ള യാത്രയിൽ ഒട്ടനവധി പ്രതിസന്ധികളോട് നിങ്ങൾക്ക് പോരാടേണ്ടി വരും. അതിനുള്ള ധൈര്യം നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം സ്വപ്നം കാണുക.ആ ധൈര്യം ഇല്ല എങ്കിൽ നിങ്ങൾക്ക് ഒരു അധികാരവുമില്ല സ്വപ്നം കാണുവാനായ്. സ്വപ്നം കണ്ടത് കൊണ്ട് മാത്രം അത് യാഥാർഥ്യമാവുമെങ്കിൽ ഈ ലോകത്ത് എല്ലാവരും ജെഫ് ബോഫൊഴ്സും, ബിൽഗേറ്റ്സും ഒക്കെ ആയി തീർന്നേനെ. അതിനാൽ സ്വപ്നം കാണുക. മാത്രമല്ല അത് നേടിയെടുക്കാനുള്ള ധൈര്യം കൂടി ഉണ്ടാക്കിയെടുക്കുക. പ്രതിസന്ധികളോട് പോരാടാനുള്ള ഊർജം സംഭരിക്കുക. ഒരു രാത്രി കൊണ്ട് ആരും അംബാനിയും,ഇലോൺ മസ്കും ഒന്നും ആയി തീരില്ല. എല്ലാം നല്ല കാര്യങ്ങൾക്കും സമയം എടുക്കും. നിങ്ങളുടെ ചിന്താഗതി മാത്രമാണ് നിങ്ങളെ ചെറുതാക്കുന്നതും വലുതാക്കുന്നതും. ഇനി നിങ്ങൾക്ക് ചിന്തിക്കാം എന്താവണമെന്ന്!...
തയ്യാറാക്കിയത്:രൂപേഷ് വിജയൻ.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
