ജീവിതം ഒരു തോണി പോലെയാണ്. ശക്തമായ കൊടുങ്കാറ്റിൽ എങ്ങോട്ട് വേണമെങ്കിലും ആടിയുലഞ്ഞു മുങ്ങിത്താഴാൻ പോകുന്ന ഒരു തോണി പോലെ. അവിടെ നിങ്ങളെ നിങ്ങളുടെ മനോധൈര്യം മാത്രമേ കാത്തു രക്ഷിക്കൂ. ജീവിതത്തിൽ വിജയിക്കണമെങ്കിൽ നിങ്ങൾക്ക് നിരന്തരം ജീവിതത്തോട് യുദ്ധം ചെയ്യേണ്ടി വരും. അതിനാൽ തന്നെ ഒരിക്കലും തോറ്റു കൊടുക്കരുത്. നിരന്തരം പ്രയത്നിക്കുക തന്നെ ചെയ്യുക. ഇന്ന് നിങ്ങൾ തോറ്റെങ്കിൽ നാളെ നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും. എപ്പോഴും വിജയിക്കുന്ന വ്യക്തി വിജയിച്ചാൽ അത് വെറും ഒരു വാർത്ത മാത്രമേ ആവുകയുള്ളൂ. എന്നാൽ നിരന്തരം തോൽക്കുന്ന വ്യക്തി വിജയിക്കുമ്പോൾ അത് ചരിത്രമാകും.
നിങ്ങളുടെ കൂടെയുണ്ടെന്ന് നടിക്കുന്നവരെ ഓർത്ത് ഒരിക്കലും വിഷമിച്ചിരിക്കരുത്. നിങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ചു നടന്നവരെ കുറിച്ചും നിങ്ങൾ ഓർത്ത് വിഷമിക്കരുത്. കാരണം അവർ ആരും നിങ്ങളുടെ ഈ യാത്രയിൽ കൂടെയുള്ളവർ അല്ല എന്ന് മനസ്സിലാക്കുക. ഈ യാത്ര നിങ്ങൾക്ക് ഒറ്റയ്ക്ക് പൂർത്തിയാക്കേണ്ടതാണ്. ആ യാത്രയിൽ നിങ്ങളോടൊപ്പം ചേരാനും നിരവധി പേർ വന്നു ചേരും. പക്ഷേ ആരെ കൂടെ കൂട്ടണം എന്ന തീരുമാനം നിങ്ങളുടേത് മാത്രമായിരിക്കണം. ആ യാത്രയിൽ നിങ്ങൾ വിജയക്കിരീടം ചൂടുമ്പോൾ ആ വേദിയിൽ നിങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ചു പോയവരും ഇരിക്കുന്നുണ്ടാകും. നിങ്ങളെപ്പോലെ ഒരാളെ നഷ്ടപ്പെടുത്തിയതിൽ വേദനിച്ച്,പശ്ചാത്തപിച്ച് നിൽക്കുന്ന അവർക്കിടയിലൂടെ ഒരു ചെറു പുഞ്ചിരിയുമായി നടന്നകലുക. അതാവണം നിങ്ങൾക്ക് അവരോടുള്ള മധുര പ്രതികാരം.
നിങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ നിങ്ങൾ ജീവിതം കൊണ്ട് വിജയിച്ചു കാണിച്ചു കൊടുക്കണം. നിങ്ങളുടെ സ്വപ്നം എത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും അത് നേടിയെടുക്കുന്നത് വരെ നിരന്തരം പ്രയത്നിക്കാൻ നിങ്ങൾ തയ്യാറാവുക തന്നെ വേണം. കൈയ്യിലെ രേഖയിലുള്ള ഭാഗ്യം നോക്കി ഒരിക്കലും ഇരിക്കരുത്. ഒന്നോർക്കുക; കൈയില്ലാത്തവർക്കും ഈ ലോകത്ത് ഭാഗ്യമുണ്ട്. വിജയിക്കുന്ന വ്യക്തികളിൽ നിങ്ങൾക്ക് ഒരു കാര്യം കാണാൻ സാധിക്കും. അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിയെടുക്കുന്നത് വരെ നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരിക്കും. ആ കഴിവ് നിങ്ങൾക്കുള്ളിൽ ഉണ്ടെങ്കിൽ ഒരു നാൾ തീർച്ചയായും നിങ്ങൾ വിജയിക്കും. ആരെങ്കിലും നിങ്ങൾക്ക് പിറകിൽ നിന്ന് നിങ്ങളെ കുറിച്ച് കുറ്റം പറയുന്നുണ്ടെങ്കിൽ അവരോട് നന്ദി പറയുക. കാരണം അവർ നിങ്ങളെ വിജയത്തിലേക്കുള്ള യാത്രയിൽ സഹായിക്കുകയാണ്. അവരുടെ വാക്കുകൾ നിങ്ങൾക്ക് ആ യാത്രയിൽ ഊർജ്ജമാകണം. അവരോട് കുറച്ച് അനുകമ്പയും ആകാം. കാരണം നിങ്ങളെ തോൽപ്പിക്കാൻ ഇല്ലാത്ത കഥകൾ പറഞ്ഞു പരത്തുക അല്ലാതെ മറ്റൊരു മാർഗവും അവർക്ക് മുന്നിൽ ഇല്ല. നിങ്ങൾക്ക് പുറകിൽ നിന്ന് നിങ്ങളെ കുറിച്ച് കുറ്റം മാത്രം പറയുക അല്ലാതെ മറ്റൊരു മാർഗവും അവർക്കില്ല. എന്നാൽ അവരെ ഒരിക്കലും നിങ്ങൾ നിങ്ങളുടെ യാത്രയിൽ കൂടെ കൂട്ടരുത്. നിങ്ങൾ അവരുടെ കുത്തു വാക്കുകൾ കേട്ട് ഒരിക്കലും തളർന്നിരിക്കുകയും അരുത്. മുന്നോട്ടുതന്നെ പോകുക. ലക്ഷ്യത്തിലെത്തിച്ചേരുന്നതു വരെ.
ജീവിതത്തിൽ ഒരിക്കലും പഠനം മറക്കരുത്. കാരണം ജീവിതം ഓരോ നിമിഷവും പുതിയ പാഠങ്ങൾ നമ്മളെ പഠിപ്പിച്ചു കൊണ്ടേയിരിക്കും. ഇനി നിങ്ങൾ ജീവിതത്തിൽ പഠനം ഉപേക്ഷിച്ചാൽ ജീവിതം നിങ്ങളെ പഠിപ്പിച്ചു തുടങ്ങും. അത് നിങ്ങളെ സംബന്ധിച്ച് ഏറ്റവും വേദനാജനകവും ആയിരിക്കും. മുന്നോട്ടുള്ള യാത്രയിലെ സംഘർഷങ്ങളെ കുറിച്ച് ഓർത്ത് ഒരിക്കലും വിഷമിച്ചിരിക്കരുത്. സംഘർഷങ്ങൾ നിങ്ങളെ വിജയത്തിൽ എത്തിക്കുക തന്നെ ചെയ്യും.
