സുഹൃത്തേ; നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? ഉണ്ടെങ്കിൽ അഭിനന്ദനങ്ങൾ. പ്രശ്നങ്ങൾ എപ്പോഴും അതിനെ തരണം ചെയ്യാൻ, അതിനോട് പോരാടാൻ കഴിവുള്ളവരുടെ ജീവിതത്തിലേക്ക് മാത്രമേ കടന്നു വരികയുള്ളൂ. ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നവും അലട്ടുന്നില്ല എങ്കിൽ അതിനർത്ഥം നിങ്ങൾ ജീവിതത്തിൽ ഒന്നും പുതുതായി ചെയ്യുന്നില്ല എന്നാണ്. കാരണം പ്രശ്നങ്ങൾ എപ്പോഴും നിങ്ങൾ പുതുതായ് എന്തെങ്കിലും ചെയ്യുമ്പോൾ മാത്രമേ കടന്നു വരികയുള്ളൂ. നമ്മുടെ ജീവിതത്തിൽ എത്രത്തോളം സന്തോഷത്തിന് പ്രാധാന്യമുണ്ടോ അത്രത്തോളം പ്രശ്നങ്ങൾക്കും പ്രാധാന്യമുണ്ട്. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിലാണ് ജീവിതത്തിൻറെ ആനന്ദം. ഏതൊരു ഉപകരണത്തിലും നേർരേഖയുടെ അർത്ഥം മരണമാണ്. ഇത് ഒരു ഉദാഹരണത്തിലൂടെ നിങ്ങൾക്ക് വ്യക്തമാക്കി തരാം. നിങ്ങൾ കയ്യിൽ ഒരു ഗ്ലാസ് പിടിച്ചിരിക്കുകയാണ് എന്ന് കരുതുക. അതിൽ നിറയെ വെള്ളമുണ്ട്. എന്നാൽ ആ വെള്ളത്തിന്റെ ഭാരത്തിൽ നിങ്ങളുടെ കയ്യിൽ വേദനയൊന്നും അനുഭവപ്പെടില്ല. എന്നാൽ ഇത് കൈ ഇളകാതെ 10 മണിക്കൂർ വരെ വച്ചിരുന്നാൽ തീർച്ചയായും വെള്ളത്തിൻറെ ഭാരതത്തിൽ നിങ്ങളുടെ കൈയ്യിൽ വേദന തുടങ്ങും. ഇതുതന്നെയാണ് പ്രശ്നങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. നിങ്ങൾ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാൻ ശ്രമിച്ചാൽ ആ പ്രശ്നം തീർച്ചയായും വലുതാകും. അതിനാൽ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നതിനു പകരം നിങ്ങളുടെ ലക്ഷ്യത്തിൽ ഫോക്കസ് ചെയ്യുക. അങ്ങനെ ചെയ്താൽ നിങ്ങൾ പ്രശ്നങ്ങളെ മറന്നു തുടങ്ങും. അതിനു പകരം നിങ്ങൾ പ്രശ്നങ്ങളെ ശ്രദ്ധിച്ചാൽ തീർച്ചയായും നിങ്ങളുടെ ലക്ഷ്യത്തെ മറന്നുപോകും.
ഇന്ന് ലോകത്ത് നിങ്ങൾ കാണുന്നതെല്ലാം ഓരോ പ്രശ്നങ്ങളിൽ നിന്ന് പിറവിയെടുത്തതാണ്. പ്രശ്നങ്ങളിൽ അവസരങ്ങളെ തേടിയ ചിലരുടെ പരിശ്രമഫലമായാണ് അതെല്ലാം. ഓയോയുടെ ഫൗണ്ടർ റിതേഷ് അഗർവാളിനും യാത്ര ചെയ്യുന്ന സമയത്ത് ഹോട്ടലുകൾ കണ്ടെത്തുന്നതിന് ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ആ പ്രശ്നത്തെ മനസ്സിലാക്കിയ അദ്ദേഹം അതിനുള്ള പരിഹാരം കണ്ടെത്തി. ഇന്ന് നമ്മൾ അതിനെ ഓയോ എന്ന് വിളിക്കുന്നു. ഏകദേശം 4000 കോടി രൂപയുടെ കമ്പനിയായി അത് വളർന്നിരിക്കുന്നു. ഒരു പ്രശ്നം നാലായിരം കോടി രൂപയുടെ കമ്പനി.
അതുകൊണ്ടുതന്നെ ഒരു പ്രശ്നവും ഒറ്റയ്ക്ക് വരില്ല. അത് എപ്പോഴും ഒട്ടനവധി അവസരങ്ങളുമായാണ് കടന്നുവരാറുള്ളത്. നിങ്ങൾക്ക് തീരുമാനിക്കാം; പ്രശ്നത്തിൽ നിന്ന് ഒളിച്ചോടണമോ? അതോ ഒളിഞ്ഞു കിടക്കുന്ന അവസരങ്ങളെ കണ്ടെത്തി പ്രയോജനപ്പെടുത്തണമോ എന്ന്.പണ്ട് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നടന്നു യാത്ര ചെയ്യുന്നതിന് ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അതിനു പരിഹാരമായ് വാഹനങ്ങൾ നിർമ്മിക്കപ്പെട്ടു. വിയർപ്പ് മൂലമുള്ള മണത്തെ ഒഴിവാക്കാൻ പെർഫ്യൂം കണ്ടെത്തി. അത് വിറ്റ് ഒരുപാട് കമ്പനികൾ കോടികൾ സമ്പാദിച്ചു. അതുപോലെ നിങ്ങൾ ഇന്ന് കാണുന്ന എല്ലാ നിർമ്മാണവും ഓരോ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി നിർമ്മിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെ പ്രശ്നമായി കാണാതിരിക്കുക.അത് ഒരു അവസരമാണ്. നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ഉള്ള അവസരം.പ്രശ്നത്തെ പ്രശ്നമായി കാണുന്നതാണ് ഏറ്റവും വലിയ പ്രശ്നം. നിങ്ങൾ ഏതൊരു വിജയിച്ച വ്യക്തിയുടെയും ജീവിതം എടുത്തു നോക്കിയാൽ ഒരു കാര്യം വ്യക്തമാകും. അവരുടെ ജീവിതത്തിൽ എല്ലാം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവരെല്ലാം ആ പ്രശ്നത്തിൽ അവസരങ്ങളെ തേടിയവരാണ്. അതുകൊണ്ടാണ് അവർ ജീവിതത്തിൽ വിജയിച്ചത്. നിങ്ങൾക്ക് ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ പ്രശ്നങ്ങളെ വ്യത്യസ്തമായി നോക്കിക്കാണാൻ ശീലിക്കൂ. ഉറപ്പായും നിങ്ങൾ അത് നേടിയെടുക്കും. ഇനി നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വരുകയാണെങ്കിൽ ഓർമ്മ വെയ്ക്കുക ജീവിതം നിങ്ങൾക്ക് വലിയൊരു അവസരമാണ് തുറന്നു തരുന്നത്.ആ അവസരം ഒരിക്കലും എല്ലാവർക്കും ലഭിക്കില്ല. അതുകൊണ്ടു തന്നെ ആ അവസരത്തെ പ്രയോജനപ്പെടുത്തൂ. ജീവിതം മാറ്റിമറിക്കൂ...
തയ്യാറാക്കിയത്:രൂപേഷ് വിജയൻ
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
