പുതു വർഷത്തെ വരവേൽക്കുമ്പോൾ
2020ലെ ജനുവരിയിൽ നിങ്ങൾ എന്തൊക്കെ തീരുമാനങ്ങളായിരുന്നു എടുത്തിട്ടുണ്ടായിരുന്നത്? ഞാനത് ചെയ്യും, ഞാൻ ഇത് നേടും എന്നൊക്കെ നിങ്ങൾ എടുത്ത ആ പ്രതിജ്ഞയിൽ ഉണ്ടായിരുന്നില്ലേ! 2020 ലെ അവസാന ദിനവും കടന്നു പോയ്. നിങ്ങളിൽ എത്ര പേർ ആ തീരുമാനങ്ങൾ പൂർത്തീകരിച്ചു. അല്ലെങ്കിൽ നിങ്ങൾ 2020 നേടണമെന്ന് ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തിച്ചേർന്നു? ഈ വർഷം നേടാം; 2020 കൊറോണ കൊണ്ടുപോയില്ലേ എന്നു പറയുന്നവർക്കായ്; വർഷത്തിലെ അവസാന ദിനവും ഇതുപോലെ കടന്നുവരും, പുതിയ വർഷം പിറവിയെടുക്കും. ന്യൂയർ വരും, ലോകത്ത് പല മാറ്റങ്ങളും സംഭവിക്കും, കൊറോണ പോലെ പല പ്രതിസന്ധികളും ഓരോ വർഷവും കടന്നു വരും. പക്ഷേ നിങ്ങളിൽ മാത്രം ഒരു മാറ്റവും സംഭവിക്കില്ല. മാറ്റം വരണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഇനി പറയുന്നത് ശ്രദ്ധിച്ചു വായിക്കുക.
നിങ്ങളുടെ ഉറക്കത്തെ ഇത്രയും പ്രണയിക്കരുത്; നിങ്ങളുടെ സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമായി അവശേഷിപ്പിക്കുന്ന വിധത്തിൽ. നിങ്ങൾ അത്രയും ഉറക്കത്തെ പ്രണയിക്കുന്നു എങ്കിൽ ഡിസംബർ ഇനിയും വരും, അത് പോയ് മറിയുകയും ചെയ്യും. നിങ്ങളുടെ ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ ഇതൊന്നും നേടാൻ നിങ്ങൾക്ക് കഴിയാതെ ആയിരിക്കും ഓരോ ഡിസംബറിലെ അവസാന ദിനവും നിങ്ങളെ കടന്നുപോവുക. നിങ്ങൾക്ക് ഒന്നും നേടാൻ ആഗ്രഹം ഇല്ലെങ്കിൽ ഉറങ്ങിക്കോളൂ. ഈ പുതുവർഷത്തിലെ ഓരോ ദിവസവും സുഖമായി നിങ്ങൾക്ക് ഉറങ്ങി തീർക്കാം. അതല്ല നിങ്ങൾക്ക് എന്തെങ്കിലും നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ഈ ഒരു വർഷം അതു നിങ്ങളുടെ മാത്രമാക്കി മാറ്റൂ. നിങ്ങളുടെ ഇഷ്ടങ്ങൾ, വിനോദങ്ങൾ എല്ലാം മാറ്റിവച്ച് നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിക്കോളൂ. അതിനു ശേഷമുള്ള നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് അഭിമാനം തോന്നിയില്ലെങ്കിൽ എൻറെ പേര് മാറ്റിക്കൊള്ളൂ നിങ്ങൾ. കഴിഞ്ഞ വർഷവും നിങ്ങൾക്ക് നേടാൻ ആഗ്രഹിച്ചത് ഒന്നും നേടാൻ കഴിയാത്തതിന്റെ നഷ്ടബോധം ഇന്നും നിങ്ങളിൽ ശേഷിക്കുന്നുണ്ട്. അതു നേടാനുള്ള ആഗ്രഹവും നിങ്ങളിൽ അവശേഷിക്കുന്നു. പക്ഷേ ആ ആഗ്രഹത്തിന്റെ തീ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ എരിഞ്ഞടങ്ങുന്നു എന്നതാണ് പ്രശ്നം. എന്നാൽ ആ ആഗ്രഹത്തിന്റെ തീയിൽ പെട്രോൾ ഒഴിച്ച് കത്തിക്കുന്നവർ ഒരു വർഷം നേടിയെടുക്കുന്ന നേട്ടങ്ങൾ; സ്വപ്നം കണ്ടു ഉറങ്ങുന്ന സാധാരണക്കാരന് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരിക്കും. കാരണം നിങ്ങൾക്ക് ഒരിക്കലും അറിയില്ല. ഒരു വർഷം എന്തൊക്കെ നേട്ടങ്ങൾ ഒരാൾക്ക് നേടിയെടുക്കാമെന്ന്. കാരണം ഒരു വർഷത്തെ നിങ്ങളുടെ കഠിനാധ്വാനം നിങ്ങളെ നിങ്ങൾ ആരാധിക്കുന്നവർക്കൊപ്പം എത്തിക്കും. ഒരു വർഷത്തെ കഠിനാധ്വാനം നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ മുഴുവൻ കുടുംബത്തിന്റെയും ഭാവിയെ മാറ്റിമറിക്കും. ഈ ഒരു വർഷത്തെ കഠിനാധ്വാനം നിങ്ങളോട് സംസാരിക്കാൻ പോലും മടികാണിക്കുന്നവരുടെ മുമ്പിൽ അഹങ്കാരത്തോടെ നിൽക്കാൻ നിങ്ങളെ പ്രാപ്തനാക്കും. നിങ്ങളുടെ ഒരു വർഷത്തെ കഠിനാദ്ധ്വാനം നിങ്ങളുടെ അച്ഛൻന്റെ മുഖത്ത് അഭിമാനത്തിന്റെയും, അഹങ്കാരത്തിന്റെയും ചിരി നിറയ്ക്കാൻ സഹായിക്കും. ആ ചിരിക്കുള്ള കാരണം നിങ്ങൾ ആകുമ്പോൾ ഈ ലോകത്ത് മറ്റൊരു സന്തോഷവും നിങ്ങളെ തേടിയെത്തുന്ന ഈ സന്തോഷത്തേക്കാൾ കൂടുതലായി ഉണ്ടാകില്ല. ഞാൻ ഇവിടെ ഒരു വർഷം നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കും എന്നല്ല പറയുന്നത്. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പ് പറയാൻ കഴിയും. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ തൊട്ടടുത്ത് വരെ എത്താൻ തീർച്ചയായും നിങ്ങൾക്ക് കഴിയും. ഇത്രയും പറഞ്ഞിട്ടും നിങ്ങൾ നേടാൻ ആഗ്രഹിച്ചത് എത്തി പിടിക്കണം എന്ന ആഗ്രഹം നിങ്ങളിൽ ഇല്ല എങ്കിൽ നിങ്ങൾ ജീവിതത്തിൽ നിങ്ങൾക്ക് നേടാൻ കഴിയുന്നത് പോലും നേടില്ല എന്ന് ഉറപ്പാണ്. വർഷങ്ങൾ പോയി മറഞ്ഞുകൊണ്ടിരിക്കും. പക്ഷേ നിങ്ങളുടെ അവസ്ഥയിൽ പ്രത്യേകിച്ച് ഒരു ഉയർച്ചയും ഉണ്ടാകില്ല.
വിശപ്പും വിജയവും തമ്മിലുള്ള ബന്ധമെന്ത്
ഇനി ഞാൻ ഒരു കഥ പറയാം. ഒരിക്കൽ ഒരു ചക്രവർത്തി ജീവിച്ചിരുന്നു. ഈ ലോകത്തെ മുഴുവൻ തൻറെ കാൽക്കീഴിൽ കൊണ്ടുവരാൻ കഴിയുന്ന ഒരു ചക്രവർത്തി. പക്ഷേ എന്തുചെയ്യാം; അയാൾ സ്വപ്നങ്ങളും കണ്ടു സുഖമായുള്ള ഉറക്കത്തിലായിരുന്നു. ആ ചക്രവർത്തി ഒന്നുമാകാതെ, ഒന്നും സ്വന്തമായി നേടാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കഥ ഇഷ്ടപ്പെട്ടില്ല അല്ലേ? ഇഷ്ടപ്പെട്ടില്ല എങ്കിൽ മാറ്റിയെഴുതാൻ തയ്യാറായിക്കോളൂ. കാരണം ഈ കഥ നിങ്ങൾ ഓരോരുത്തരുടെയും കഥയാണ്. ഇതിലെ ചക്രവർത്തി നിങ്ങൾ തന്നെയാണ്. ലോകത്തിലെ ഏതു സൂപ്പർ കമ്പ്യൂട്ടറുകൾ പോലും തോറ്റു പോകുന്ന തലച്ചോറുമായി ജനിച്ചവൻ, സ്വപ്നത്തിൽ മാത്രം മയങ്ങി ഉറക്കമുണരാൻ മടിച്ച് ജീവിക്കുന്നവൻ, എല്ലാറ്റിനും അതിൻറെതായ സമയമുണ്ട് ദാസാ എന്ന പഴയ സിനിമ ഡയലോഗ് പറഞ്ഞു കാലം കഴിച്ചവൻ, വിജയികളെയും പണക്കാരെയും കണ്ടു അവർക്കു നൽകിയ ഭാഗ്യം തനിക്ക് നൽകിയില്ലല്ലോ എന്ന് പരിതപിക്കുന്നവൻ. ഇതൊക്കെ തന്നെയല്ലേ നിങ്ങൾ? നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിച്ചു നടക്കുമ്പോൾ മറുവശത്ത് മറ്റൊരു കൂട്ടർ പ്രതിസന്ധി നിറഞ്ഞ ഈ കഴിഞ്ഞ വർഷത്തിലും ലാഭമുണ്ടാക്കി എന്നതാണ് സത്യം.
ഈ കഴിഞ്ഞ വർഷം രണ്ടു തരത്തിലുള്ള ആളുകളെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്. കൊവിഡ് എല്ലാ പദ്ധതികളെയും, ലക്ഷ്യങ്ങളെയും തകിടം മറിച്ചു എന്ന് ചിന്തിച്ചു വിഷമിച്ചിരിക്കുന്ന ഒരു കൂട്ടർ. മറ്റൊരു വിഭാഗമാകട്ടെ പുതിയ അറിവുകൾ തേടുന്ന, തൻറെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്തുന്ന, ഏതു പ്രതിസന്ധിയിലും അവസരങ്ങളെ തേടുന്ന വിഭാഗമായിരുന്നു. യഥാർത്ഥത്തിൽ രണ്ടാമത്തെ വിഭാഗം ജനങ്ങൾ തന്നെയാണ് ഈ കഴിഞ്ഞ വർഷത്തിലും നേട്ടമുണ്ടാക്കിയത്. പുതുവർഷത്തിൽ നിങ്ങളെടുക്കുന്ന പ്രതിജ്ഞകൾ ഒക്കെ നല്ലത് തന്നെ. പക്ഷേ ആ പ്രതിജ്ഞ എടുക്കുന്ന ജനവിഭാഗത്തെക്കാൾ അതിനുവേണ്ടി ആ വർഷം മുഴുവൻ കഠിനാധ്വാനം ചെയ്യുന്നവരെയാണ് എനിക്കിഷ്ടം. ലോകത്ത് 60 ശതമാനം ആളുകളും തങ്ങളുടെ പുതുവർഷത്തിലെ പ്രതിജ്ഞ ആദ്യ ദിനത്തിൽ മാത്രം ഒതുക്കുന്നവരാണ്. 35% പേരാകട്ടെ അത് തട്ടി മുട്ടി ഒരു മാസംവരെ പിന്തുടരും. പിന്നീട് അവരും പഴയ ജീവിതത്തിലേക്ക് മടങ്ങും. വെറും 5% ആളുകൾ മാത്രമാണ് ആ പ്രതിജ്ഞകളുമായ് മുന്നോട്ടു സഞ്ചരിക്കുന്നത്. നിങ്ങളിൽ മാറ്റം കൊണ്ടുവരുവാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഒരു നേട്ടവും നിങ്ങളെ തേടിയെത്തില്ല.
ഒരു ദിവസം രാത്രി ഉറങ്ങുന്നതിനു മുമ്പ് സ്വയം ഒന്നു വിശകലനം ചെയ്തു നോക്കുക അനാവശ്യമായ എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ഇന്ന് ചെയ്തു എന്ന്.അത് എങ്ങനെ ഒഴിവാക്കാമായിരുന്നുവെന്നും ചിന്തിക്കുക. എന്നിട്ട് അനാവശ്യ കാര്യങ്ങൾക്ക് സമയം ചെലവഴിക്കുന്നതിനു പകരം നിങ്ങളുടെ നേട്ടങ്ങൾക്ക് വേണ്ടി, അറിവുകൾക്കായി ആ സമയത്തെ ഉപയോഗപ്പെടുത്തുക. ദിവസവും എണീറ്റ് ഫോണിൽ വാട്ട്സ്ആപ്പ് തുറന്നു നോക്കുന്നതിനു പകരം ഒരു ടുഡു ലിസ്റ്റ് തയ്യാറാക്കുക. അതിൽ നിങ്ങൾക്ക് ഇന്ന് ചെയ്തുതീർക്കേണ്ട കാര്യങ്ങൾ കുറിച്ചു വയ്ക്കുക. ലിസ്റ്റിൽ ഉള്ള മുഴുവൻ ജോലികളും പൂർത്തിയാക്കാതെ ഉറങ്ങാൻ കിടക്കാതിരിക്കുക. ജീവിതത്തിൽ നിങ്ങൾക്ക് എന്ത് നേടണമെങ്കിലും പകരം മറ്റൊന്ന് നിങ്ങൾക്ക് ജീവിതത്തിൽ ത്യജിക്കേണ്ടി വരും. അത് ഒരുപക്ഷേ നിങ്ങളുടെ പണം ആകാം, സമയം ആകാം, നിങ്ങളുടെ ഉറക്കം ആകാം, കൂട്ടുകാരുമൊത്തുള്ള വിനോദം ആകാം, സോഷ്യൽ മീഡിയകൾക്ക് പുറകെയുള്ള ഓട്ടമാകാം, നിങ്ങളുടെ വിയർപ്പ് ആകാം, അങ്ങനെ എന്തും. ഒന്ന് നഷ്ടപ്പെടുത്തിയാൽ മാത്രമേ മറ്റൊന്ന് നേടാനാകൂ. നിങ്ങൾ നഷ്ടപ്പെടുത്തുന്നത് എത്ര വലുതായാലും അത്രയും വലുതായിരിക്കും നിങ്ങളുടെ വിജയവും. വലിയൊരു സിംഹത്തെ നിങ്ങൾക്ക് ഭക്ഷിക്കണം എങ്കിൽ ആദ്യം തന്നെ അതിനെ കഷ്ണം കഷ്ണമായി ഭക്ഷിക്കുക. അതുപോലെ തന്നെയാണ് നിങ്ങളുടെ ലക്ഷ്യത്തിന്റെ കാര്യവും. വലിയ ലക്ഷ്യങ്ങൾ നേടാൻ അതിനെ ചെറിയ ഭാഗങ്ങളായി വിഭജിക്കുക ദിവസത്തിൽ, ആഴ്ചയിൽ, മാസത്തിൽ എന്നിങ്ങനെ ലളിതമായി പൂർത്തിയാക്കുമ്പോൾ ആ വലിയ ലക്ഷ്യവും നിങ്ങളുടെ കൈകളിൽ ഭദ്രമായി വന്നുചേർന്നിരിക്കും. ദീർഘ കാലഘട്ടത്തിൽ നിങ്ങൾ എവിടെ എത്തി ചേരാൻ ആണോ ആഗ്രഹിക്കുന്നത് അതിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നിങ്ങൾക്ക് ഉണ്ടായിരിക്കണം. ആരൊക്കെ എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും, പരാജയപ്പെട്ടാലും ഒരു ഭ്രാന്തനെ പോലെ ആ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുക തന്നെ വേണം. വലിയ വിജയങ്ങൾ നേടണമെങ്കിൽ ആദ്യം നിങ്ങൾ വലിയ തോതിൽ തോൽക്കാനും തയ്യാറാകണം. നിങ്ങളുടെ ലക്ഷ്യം നിങ്ങൾ ഈ ദിവസം പൂർത്തിയാക്കുമെന്ന വ്യക്തത നിങ്ങൾക്ക് ഉണ്ടാകണം. അതു നിങ്ങൾ എഴുതി വയ്ക്കണം. ഇടയ്ക്കിടെ നിങ്ങൾ അത് എടുത്തു കാണുകയും വേണം. അങ്ങനെ നിങ്ങളുടെ സബ് കോൺഷ്യസ് മനസിനെ തയ്യാറാക്കണം.ആ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കായ്. കാരണം തേടുന്നവർക്ക് മാത്രമേ എന്തെങ്കിലും ജീവിതത്തിൽ ലഭിക്കുകയും ഉള്ളൂ.
ഒരു പഠനപ്രകാരം എന്നെ രക്ഷിക്കാൻ ആരും വരില്ല, എൻറെ ജീവിതത്തിലെ മുഴുവൻ ഉത്തരവാദിത്വവും എനിക്ക് ആണ് എന്ന് ചിന്തിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ വിജയ സാധ്യത. നിരന്തരം നിങ്ങൾ പുതിയ കഴിവുകളെ പഠിച്ചു കൊണ്ടിരിക്കുക. ആ കഴിവുകൾ തീർച്ചയായും നിങ്ങളുടെ വരുമാനത്തെ ഉയർത്തും. വിജയിച്ച എല്ലാവരും നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നവരും ആണ്. എൻറെ ഒരു സുഹൃത്ത് കഴിഞ്ഞ വർഷം ന്യൂയർ ന് എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. 2025 ആകുമ്പോഴേക്കും ഞാൻ ബിഎംഡബ്ല്യു എക്സ് സിക്സ് വാങ്ങുമെന്ന്. 96 ലക്ഷം രൂപ വില വരുന്ന ആ വാഹനം സ്വന്തമാക്കാൻ അവൻ ഇപ്പോൾ ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെ ജോലി ചെയ്താൽ പോരാ; അതാണ് സത്യം. ഒഴിവുസമയത്ത് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് എന്നിവയിൽ വെറുതേ സമയം കളഞ്ഞാലും പോരാ; അതിന് അവൻ ഉറക്കം നഷ്ടപ്പെടുത്തി ജോലി എടുക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ അവൻ 2025 ൽ എന്താകണമോ അതിന് ഇപ്പോഴേ തയ്യാറെടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവൻറെ സ്വപ്നം സാക്ഷാത്കരിക്കാനും കഴിയൂ.
നിങ്ങളുടെ ഏക ശത്രു നിങ്ങൾ തന്നെയാണ്. നിങ്ങളുടെ ഉള്ളിലെ നെഗറ്റീവ് ചിന്തകൾ ആണ്. എപ്പോഴും പോസിറ്റീവായി ചിന്തിക്കാൻ പഠിക്കുക. നിങ്ങളെക്കാൾ മികച്ച വരുമായി കൂട്ടുകൂട്ടുക. അത് നിങ്ങളുടെ കഴിവിനെ വർദ്ധിപ്പിക്കും. ഒരുപാട് പുസ്തകങ്ങൾ വായിക്കുക. അറിവ് സമ്പാദിക്കുക. അത് നിങ്ങൾക്ക് വരുമാനം നേടിത്തരും. ഇന്ന് ഞങ്ങളൊക്കെ മികച്ച സാലറി വാങ്ങുന്നതിന്റെ യഥാർത്ഥ കാരണം ഞങ്ങളുടെ അറിവുകൾ തന്നെയാണ്. അത് ഞങ്ങൾ നേടിയെടുത്തത് നിരന്തരമായ വായനയിലൂടെയും ആണ്. അറിവാണ് എവിടെയും നിങ്ങളുടെ മൂല്യം നിർണയിക്കുന്നത്. ഏതൊരു സ്ഥാപനവും നിങ്ങളുടെ അറിവിനാണ് വില ഇടുന്നത്. അതുകൊണ്ട് നിരന്തരം പഠിക്കാൻ ശ്രമിക്കുക. ഈ ലോകം ഒരു കലാസൃഷ്ടിയാണ്. ഇവിടെ എന്തെങ്കിലും കഴിവുള്ളവരും, വിലയുള്ളവരും, പണക്കാരും മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
നിങ്ങളുടെ ഉള്ളിലെ അഗ്നിയെ ഇനിയും നിങ്ങൾക്ക് ഉണർത്താനായില്ലെങ്കിൽ ദൈവത്തിനുപോലും നിങ്ങളുടെ ഭാവിയെ മാറ്റി എഴുതാനാവില്ല. ആ അഗ്നി നിങ്ങളിൽ ആളിപ്പടരുന്നുണ്ടെങ്കിൽ ഈ ലോകത്ത് ഒന്നിനും അതിനെ അണക്കാനും കഴിയില്ല. ഞാൻ ഹാപ്പി ന്യൂ ഇയറിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയല്ല. അതുകൊണ്ടുതന്നെ പുതുവർഷത്തെ നിങ്ങളുടേത് ആക്കി മാറ്റുക. അതിലൂടെ ഈ ലോകം മുഴുവൻ നിങ്ങളെ ഓർത്തു വയ്ക്കട്ടെ...
![]() |
| പുതുവത്സരാശംസകൾ |
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ
