നാളെയെ ഇന്ന് കൊല്ലുക
എന്ത് കാര്യം ചെയ്യാൻ തുന്നിയുമ്പോഴും എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. അത് നാളെ ചെയ്യാം എന്ന്. നാളെ ചെയ്യാം എന്നുള്ള ആലോചന നമ്മളെ ഒന്നും ഇല്ലാത്തവരായി തീർക്കും. വിജയിക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നാളെ എന്ന ഒന്ന് ഉണ്ടാകാൻ പാടില്ല. കാരണം ഒരാളുടെ ജീവിതത്തിന് അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പ്രവചിക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെ നാളെയെ കുറിച്ച് ചിന്തിക്കുന്നത് നിരർത്ഥകമാണ്. ജീവിതത്തിലെ ഈ അനിശ്ചിതത്വം തന്നെയാണ് അതിനെ ഇത്ര മനോഹരമാക്കി തീർക്കുന്നതും. ഇത്തരം സാഹചര്യത്തിൽ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം നാളേക്ക് മാറ്റി വെച്ചിട്ട് എന്ത് പ്രയോജനം. ഇന്ന് ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ പൂർണമായി ഇന്ന് ചെയ്തുതീർത്തതിനു ശേഷം മാത്രം ഉറങ്ങുക. എപ്പോഴും ഇന്നിൽ വിശ്വസിക്കുക. നാളെയിൽ അല്ല. ഈ നിമിഷം നിങ്ങൾ എന്ത് ചെയ്യുന്നു എന്നതാണ് നിങ്ങളുടെ നാളെയെ തീരുമാനിക്കുന്നത്.ദിവസവും രാവിലെ എണീറ്റ് ഒരു ടുഡു ലിസ്റ്റ് തയ്യാറാക്കുക. നിങ്ങൾക്ക് പൂർത്തിയാക്കാനുള്ള കാര്യങ്ങൾ കൃത്യമായി എഴുതി വയ്ക്കുക.ആ കാര്യങ്ങൾ പൂർണമായും ചെയ്തു തീർന്നു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം രാത്രിയെ പുണരുക. കാരണം നാളത്തെ സുപ്രഭാതം എന്താണ് നിങ്ങൾക്ക് സമ്മാനിക്കാൻ പോകുന്നത് എന്ന് ഈ രാത്രിയിൽ ഒരിക്കൽ പോലും ഊഹിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ പൂർത്തീകരിക്കാനുള്ള എല്ലാ ജോലികളും പൂർത്തിയാക്കിയതിനു ശേഷം മാത്രം ഉറക്കത്തെ തേടി പോവുക. അല്ലാത്തപക്ഷം നിങ്ങൾ ജീവിതത്തിൽ വിജയിക്കാൻ പോകുന്നില്ല. നിങ്ങൾ ഉറങ്ങുന്നതിനു മുമ്പ് ഒന്ന് ആലോചിക്കുക. ഈ ദിവസം നിങ്ങളുടെ ലൈഫിലെ അവസാന ദിവസം ആയിരുന്നുവെങ്കിൽ നിങ്ങൾ ജീവിതത്തിൽ നേടിയെടുക്കാൻ ഉദ്ദേശിച്ച എല്ലാം നേടിയെടുത്തുവോ എന്ന്. നേടിയെടുത്തു എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾക്ക് സുഖമായി ഉറങ്ങാം. ഉത്തരം ഇല്ല എന്നാണെങ്കിൽ നിങ്ങളോട് ആണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ ആ സുഖമായുള്ള ഉറക്കം നേടിയെടുക്കാനായി ഇനിയും ഉറക്കം ഉള്ള രാത്രികളെ ത്യജിക്കേണ്ടി വരും. എങ്കിൽ മാത്രമേ നിങ്ങൾക്ക് ജീവിതത്തിൽ പലതും നേടിയെടുക്കാൻ കഴിയൂ.
ജീവിതം എപ്പോഴും കുറഞ്ഞ സമയം മാത്രമേ ഏതൊരാൾക്കും പ്രധാനം ചെയ്യുന്നുള്ളൂ.ആ കുറഞ്ഞ സമയത്തിനുള്ളിൽ അയാൾക്ക് തീരുമാനമെടുക്കാനാവണം. താൻ ഒരു വിന്നർ ആകണമോ അതോ ലൂസർ ആകണമോ എന്ന് . ആ തീരുമാനം അയാളുടെ ജീവിതഗതിയെ നിർണയിക്കും. ഇന്ന് കാണുന്ന സാധാരണക്കാരിൽ പലരും ജീവിതത്തിൽ ആ സമയ നിർണയത്തിനു മുന്നിൽ തോറ്റു പോയവരാണ്.എന്നാൽ ഇവർ ഒരു കാര്യം മാത്രം മറന്നു പോകുന്നു. ഇവിടെ വിജയിച്ച പലരും ഒരുനാൾ സാധാരണ ജീവിതം നയിച്ചിരുന്നവരാണ്. ജീവിതത്തിൽ അവർക്കും ഇപ്പോൾ നിങ്ങൾക്കു ലഭ്യമാകുന്ന സമയം മാത്രം ലഭ്യമായവരാണ്. എന്നിട്ടും അവർ ജീവിതത്തിൽ വിജയിച്ചു എങ്കിൽ, നിങ്ങൾ ഇപ്പോഴും വെറും സാധാരണക്കാരനായി ജീവിതം തള്ളിനീക്കുന്നു എങ്കിൽ അതിന് നിങ്ങൾ മാത്രമാണ് ഉത്തരവാദി. ലൂസർ ആകാനുള്ള നിങ്ങളുടെ തെരഞ്ഞെടുപ്പാണ് അവിടെ പ്രധാനം.
വിജയിച്ചവരിൽ ഭൂരിഭാഗവും നാളെയെ മറന്നവർ ആയിരിക്കും. ഇന്നിൽ ജീവിച്ചവർ ആയിരിക്കും. പക്ഷേ നിങ്ങളോ! ഒരു പ്രതീക്ഷയും ഇല്ലാത്ത നാളെയെ പ്രതീക്ഷിച്ച് ഇന്നത്തെ സമയത്തെ നഷ്ടമാകുന്നു. ഇതു തന്നെയാണ് നിങ്ങൾക്ക് എല്ലാദിവസവും സംഭവിക്കുന്നത്. നിങ്ങളുടെ വിശ്വാസത്തിൽ എല്ലാദിവസവും നാളെ ഉണ്ട്. നിങ്ങളുടെ നാളെയുടെ വിശ്വാസത്തിൽ വർഷങ്ങൾ മാറിമറിയുന്നത് പോലും നിങ്ങൾ അറിയാതെ പോകുന്നു. നാളെ നിങ്ങളെ കോടീശ്വരൻ ആക്കുന്ന പേപ്പർ തുൻടിനായ് ഇന്ന് നിങ്ങൾ പൈസ എറിയുന്നു. ഇന്ന് നഷ്ടപ്പെട്ട ഭാഗ്യം നാളെ തേടി വരും എന്ന ചിന്തയിൽ ഓരോ ദിവസവും നിങ്ങൾ ആ പേപ്പർ വാങ്ങാനായ് പൈസ കൊടുക്കുന്നു.ഇനി എപ്പോഴെങ്കിലും നിങ്ങൾക്ക് ഭാഗ്യം ലഭിച്ചു എന്ന് തന്നെ ഇരിക്കട്ടെ. നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?ആ ഭാഗ്യം നേടാനായി എത്ര നഷ്ടപ്പെടുത്തി എന്ന്. ഒരുപക്ഷേ നിങ്ങൾ നേടിയതിനേക്കാൾ പണം നിങ്ങൾ അതിനായി നഷ്ടപ്പെടുത്തിയിട്ട് ഉണ്ടാകും. പിന്നെ എങ്ങനെയാണ് സുഹൃത്തേ അത് നിങ്ങൾക്ക് ലാഭം ആവുക.ആരുണ്ട് ആ കടലാസിൽ ഭാഗ്യം തെളിഞ്ഞവർ? ജീവിതത്തിൽ വിജയിച്ചവർ? ഒരാൾ പോലും ഉണ്ടാകില്ല. കാരണം അധ്വാനിക്കാതെ നിങ്ങളുടെ കയ്യിൽ വന്നുചേർന്ന പണത്തിന് മൂല്യം നിങ്ങൾക്ക് ഒരിക്കലും മനസിലാകില്ല. അത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താനും നിങ്ങൾക്ക് അറിയില്ല.അത് നിങ്ങളെ നിങ്ങളുടെ പഴയ ജീവിതത്തിലേക്ക് തന്നെ തള്ളിവിടും. കാരണം ഒരു വസ്തുവിനെ മൂല്യം അറിയുന്നവനാണ് വിജയി. പണത്തിൻറെ മൂല്യത്തേക്കാൾ വിലയുള്ള സമയമെന്ന ഭാഗ്യദേവതയുടെ മൂല്യത്തെ അറിഞ്ഞവരാണ് വിജയികൾ. പക്ഷേ നിങ്ങൾ സമയത്തേക്കാൾ പണത്തിന് പ്രാധാന്യം നൽകിയവരാണ്. അതുകൊണ്ടാണ് നിങ്ങൾ നാളെ നിങ്ങളെ കോടീശ്വരൻ ആക്കാൻ പോകുന്ന ദൈവത്തിൻറെ വരവും പ്രതീക്ഷിച്ചു ഉറങ്ങാൻ കിടക്കുന്നത്. അതുകൊണ്ട് കൂടിയാണ് നിങ്ങൾ ഇപ്പോഴും സാധാരണക്കാരനായി മാത്രം നിലകൊള്ളുന്നത്.
ദൈവം ഒരുപക്ഷേ നിങ്ങളുടെ സ്വപ്നങ്ങളിൽ വന്നേക്കാം. പക്ഷേ യഥാർത്ഥ ജീവിതത്തിൽ ദൈവം നിങ്ങൾക്ക് അരികിലേക്ക് ഒരിക്കൽപോലും കടന്നു വരില്ല. നിങ്ങൾ സ്വപ്നങ്ങളിൽ മയങ്ങുമ്പോൾ ജീവിതത്തിന്റെ ഇരുട്ട് അകറ്റാൻ പച്ചപ്പ് തിരയുന്ന കൈകളിലും മനസിലുമായിരിക്കും ആ ദൈവം കുടികൊള്ളുന്നത്. കാരണം അവർ ഇന്നിൽ ജീവിക്കുന്നവരാണ്. നാളെയുടെ പ്രതീക്ഷകളെക്കാൾ അവർക്കു പ്രാധാന്യം ഇന്നത്തെ മണിക്കൂറുകളാണ്. അവർ ജീവിതത്തിൽ വിജയിക്കാനുള്ള പാഠങ്ങൾ പഠിക്കുമ്പോൾ നിങ്ങൾ വീണ്ടും ദിവാസ്വപ്നം കണ്ടു സമയം കളയുന്നു. നിങ്ങൾക്ക് ലഭിച്ച സമയം വെറുതെ പാഴ് സ്വപ്നങ്ങൾ കണ്ടു നശിപ്പിക്കുന്നതിന് പകരം ഫലപ്രദമായി ഉപയോഗപ്പെടുത്തുമായിരുന്നു എങ്കിൽ നിങ്ങൾ വിജയികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടാകും. പക്ഷേ നിങ്ങൾക്ക് എപ്പോഴും സ്വപ്നങ്ങളിൽ ജീവിക്കാനാണ് ഇഷ്ടം. ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള കാര്യങ്ങൾ നിങ്ങൾ നാളെയ്ക്ക് മാറ്റിവെക്കുന്നു. ആ നാളെ നിങ്ങളെ ഒരിക്കലും തേടിയെത്തില്ല. ഒരുപക്ഷേ നിങ്ങൾ നാളെയും ചിന്തിക്കും. നിങ്ങളുടെ ആ സ്വപ്നങ്ങളെ അടുത്തദിവസം യാഥാർത്ഥ്യം ആക്കാമെന്ന്. ഇത് നിങ്ങളെ എപ്പോഴും ഒരു ലൂസറായി, ഒരു സാധാരണക്കാരനായി മാത്രം നിലനിർത്തും. അതുകൊണ്ട് നിങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ നിമിഷത്തിൽ ജീവിക്കുക. നാളെയെ മറന്നേക്കുക. നാളത്തെ സൂര്യഗ്രഹണവും നിങ്ങളെ തേടിയെത്തുന്നത് വരെ നാളെ എന്നത് നിങ്ങളുടെ വെറും ദിവാസ്വപ്നം ആണ്. വിജയികൾ ഒരിക്കൽപോലും ദിവാസ്വപ്നങ്ങളെ പിന്തുടരാറില്ല. അതുകൊണ്ട് നിങ്ങൾ ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് വിജയിക്കാനാവൂ. ആ വിജയത്തിൽ മാത്രമേ നിങ്ങൾക്ക് സ്ഥിരത കണ്ടെത്താൻ കഴിയുകയുള്ളൂ.
നിങ്ങൾ സ്വപ്നം കാണുന്നത് നല്ലതാണ്. പക്ഷേ നിങ്ങളുടെ സ്വപ്നങ്ങളിൽ ജീവിക്കാൻ ഒരിക്കലും ശ്രമിക്കരുത്. അത് നിങ്ങൾക്ക് നിരാശ മാത്രമായിരിക്കും സമ്മാനിക്കുക. നിങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത് നിങ്ങളുടെ ചിന്താഗതികൾ തന്നെയാണ്. നിങ്ങളുടെ ചിന്താഗതികൾക്ക് അനുസരിച്ച് മറ്റുള്ളവർ പ്രവർത്തിക്കും എന്ന് ഒരിക്കലും കരുതരുത്. ആദ്യം നിങ്ങൾ നിങ്ങളുടെ ചിന്താഗതികൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങുക. നിങ്ങൾ ആ വഴിയേ സഞ്ചരിച്ച് വിജയത്തിൽ എത്തിയാൽ മറ്റുള്ളവരും ആ വഴി പിന്തുടർന്നു കൊള്ളും. അതുവരെ നിങ്ങൾക്കു മാത്രമാണ് ആ വഴി ശരിയായിട്ടുള്ളത്. അതുവരെ അത് മറ്റുള്ളവർക്ക് തെറ്റായ വഴി ആയിരിക്കും. നിങ്ങൾ ശരിയും തെറ്റും മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ ഒരിക്കലും ശ്രമിക്കരുത്. നിങ്ങളുടെ വിജയം അത് അവരെ തനിയേ ബോധ്യപ്പെടുത്തി കൊള്ളും. പിന്നെ നിങ്ങളുടെ വഴിയേ സഞ്ചരിക്കാനാവും മറ്റുള്ളവർ തയ്യാറാക്കുക. നമ്മുടെ സാധാരണ ജനങ്ങൾക്ക് മറ്റുള്ളവരുടെ വഴിയെ നടന്നു മാത്രമേ ശീലമുള്ളൂ. സ്വന്തമായ ഒരു വഴി കണ്ടെത്താൻ ഒരിക്കലും ശ്രമിക്കാത്തവരാണ് ഇവർ.കഠിനാദ്ധ്വാനം ചെയ്യുന്നതോ സ്വന്തം ലക്ഷ്യത്തിലേക്ക് ഭ്രാന്തമായ് സഞ്ചരിക്കുന്നതോ ഇവരുടെ കാഴ്ചപ്പാടിൽ വെറുക്കപ്പെട്ടതാണ്. എന്നാൽ ആ വഴിയിലൂടെ ഒരാൾ വിജയിച്ചു തിരിച്ചു വന്നാൽ അവരെ അഭിനന്ദിക്കുന്നതിനു പകരം ആ വഴിയിലൂടെ സഞ്ചരിച്ച് വിജയം നേടാൻ ഇവർ ശ്രമിക്കുന്നു. പക്ഷേ ആ വിജയി ദുർഘട പാതയിൽ നേരിട്ട ഒരു വെല്ലുവിളി പോലും ഈ സാധാരണക്കാരൻറെ ബോധം കെടുത്തും.
നിങ്ങൾ സാധാരണക്കാർ വിജയികളുടെ വഴികളെ ഫോളോ ചെയ്യുമ്പോൾ തീർച്ചയായും മറന്നുപോകുന്ന ഒരു വസ്തുതയുണ്ട്. അവർക്ക് ആ ലക്ഷ്യത്തോടുള്ള ഭ്രാന്ത് നിങ്ങൾക്ക് ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. അതുകൊണ്ടുതന്നെ നിങ്ങൾ ഈ യാത്രയിൽ വിജയിക്കുകയും ഇല്ല. നിങ്ങൾ നിങ്ങളുടെ ഭ്രാന്തിനു പുറകെ പോവുക. മറ്റുള്ളവരുടെ ഭ്രാന്തിനു പുറകെ സഞ്ചരിച്ച് നിങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ല. നിങ്ങൾക്കു നേടിയെടുക്കാനുള്ള വഴികൾ തുറക്കാൻ നിങ്ങൾക്കു മാത്രമേ കഴിയൂ. മറ്റുള്ളവർ അതിനുള്ള വഴികൾ ഒരുക്കി തരുമെന്ന മിഥ്യാധാരണയിൽ ജീവിക്കുന്നത് കൊണ്ടാണ് നിങ്ങൾ ഇപ്പോഴും സാധാരണക്കാരായി തുടരുന്നത്.വിജയികൾ ഒരിക്കൽ പോലും ഈ ധാരണയുമായി ജീവിക്കുന്നവരല്ല. അവർ അവരുടെ പാതയിലെ തടസ്സങ്ങളെ സ്വയം നേരിടുന്നു .ഓരോ പ്രഭാതത്തിലും തങ്ങൾക്കു ചെയ്യേണ്ട കാര്യങ്ങളുടെ വ്യക്തമായ ചിത്രം ഉണ്ടാക്കിയെടുക്കുന്നു. ഇതുതന്നെയാണ് അവരെ വിജയത്തിലെത്തിൻറെ പടികൾ കയറാൻ പ്രാപ്തമാക്കുന്നത്. സാധാരണക്കാർ ആകട്ടെ ഇന്നത്തെ പ്രശ്നങ്ങൾക്ക് നാളെ പരിഹാരം കാണാം എന്ന് ചിന്തിച്ചു ദിവസം തള്ളിനീക്കുന്നു. അവരുടെ നാളെ ഒരിക്കലും അവരെ തേടി വരാൻ പോകുന്നില്ല. അത് അവർ മനസ്സിലാക്കിയാൽ മാത്രമേ അവർക്ക് വിജയത്തിലേക്കുള്ള ആദ്യ ചുവട് എടുത്തുവയ്ക്കാൻ കഴിയൂ. അല്ലാത്തപക്ഷം അവർ വിജയികളെ ഫോളോ ചെയ്യാൻ മാത്രം വിധിക്കപ്പെട്ട ഒരു ജനവിഭാഗം മാത്രമായി തീരും. നിങ്ങൾക്കു ലഭ്യമായതിനേക്കാൾ പരിമിത വിഭവങ്ങൾ ഉപയോഗപ്പെടുത്തിയാണ് വിജയികൾ അവരുടെ സിംഹാസനം പടുത്തുയർത്തിയത് എന്നോർക്കുക. പക്ഷേ എത്രയോ വിഭവങ്ങൾ നിങ്ങളുടെ കൈവശം ഉണ്ടായിട്ടും നിങ്ങൾ പരാജയത്തിൻറെ കുപ്പായം തന്നെ എടുത്തിടുന്നു. ഈ പരാജയങ്ങളിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ ആദ്യം നിങ്ങൾ നിങ്ങൾക്ക് ചെയ്യാനുള്ള ജോലികൾ മാറ്റി വെക്കുന്നതിനു പകരം ആ നിമിഷം തന്നെ ചെയ്തു തീർക്കാൻ ശീലിക്കുക. നിങ്ങൾ ഓരോ ചുമതലകളും മാറ്റി വെയ്ക്കും തോറും വിജയം നിങ്ങളിൽ നിന്ന് അത്രയും ദൂരെ ആവുകയാണ്. നിങ്ങൾക്ക് വിജയിക്കണമെങ്കിൽ ഈ നിമിഷം യുദ്ധത്തിനിറങ്ങുക. അല്ലെഖങ്കിൽ ആലോചിച്ചു നാളേക്ക് വേണ്ടി കാത്തിരിക്കുക. പക്ഷേ അപ്പോഴേക്കും നിങ്ങളുടെ ശത്രു നിങ്ങളെ വിഴുങ്ങിയിരിക്കും. അതുകൊണ്ട് തീരുമാനങ്ങളെടുക്കുന്നതിൽ എപ്പോഴും വേഗത കാണിക്കുക. ഒരുപക്ഷേ ആ തീരുമാനം തെറ്റായിരിക്കാം. പക്ഷേ ആ തീരുമാനം നിങ്ങളെ ജീവിതത്തിലെ വലിയ പാഠങ്ങൾ പഠിപ്പിക്കും. ആ പാഠങ്ങളെ നിങ്ങൾക്ക് പിന്നീട് ജീവിത വിജയത്തിന് ചവിട്ടുപടികൾ ആക്കാം.ആ ചവിട്ടുപടികൾ നിങ്ങൾക്ക് ശരിയായ തീരുമാനം എടുക്കേണ്ടതിൻറെ പ്രാധാന്യം വെളിപ്പെടുത്തി തരും. അതിൽ നിന്ന് കിട്ടുന്ന ഊർജ്ജം നിങ്ങളുടെ തീരുമാനങ്ങളെ ശരിയായ ദിശയിലേക്ക് കൊണ്ടുപോയി കൊള്ളും.ആ തീരുമാനങ്ങൾ നിങ്ങളെ വിജയത്തിൻറെ കൊടുമുടിയിൽ എത്തിക്കും.
ഒരു പരാജിതൻ തൻറെ തീരുമാനങ്ങളിൽ നിന്ന് പഠിക്കുന്ന പാഠങ്ങൾ ഒരിക്കലും തൻറെ ജീവിത താളുകളിൽ എഴുതി ചേർക്കാറില്ല. അതുകൊണ്ടുതന്നെ അയാൾ വീണ്ടും വീണ്ടും പരാജയം ചോദിച്ചു വാങ്ങുന്നു. നിങ്ങൾ തീരുമാനിക്കുക. നിങ്ങൾക്ക് വിജയിക്കണമോ അതോ പരാജയപ്പെടുമോ എന്ന്. വിജയം നിങ്ങളെ തേടിയെത്താൻ ഉള്ള യാത്രക്ക് തയ്യാറെടുക്കുമ്പോൾ ഒരിക്കൽപോലും അതിനോട് പുറം തിരിഞ്ഞു നിൽക്കരുത്. കാരണം ഒരിക്കൽ നിങ്ങളിൽ നിന്ന് നഷ്ടപ്പെട്ട അവസരം പിന്നീട് ഒരിക്കലും നിങ്ങളെ തേടി വരില്ല. അതുകൊണ്ട് ലഭിച്ച അവസരങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തുക. അവസരങ്ങൾ നിങ്ങളെ തേടി വരുന്നത് നിങ്ങളെ വിജയി ആക്കുവാൻ വേണ്ടിയാണ്. വിജയം നിങ്ങൾക്ക് അരികിൽ എത്തണമെങ്കിൽ അവസരങ്ങളെ ക്ഷമയോടെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അത് ശരിയായി ഉപയോഗപ്പെടുത്താതുകൊണ്ടാണ് സാധാരണക്കാർക്ക് അവരുടെ കുപ്പായം മാറ്റി അണിയേണ്ടി വരാത്തത്. നിങ്ങൾക്ക് ചിന്തിക്കാം. ഏതു തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാം. സാധാരണ ജീവിതമാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ മരണം വരെ നിങ്ങൾക്ക് ദുഃഖിക്കേണ്ടിവരും എന്നുറപ്പാണ്. പക്ഷേ തീർച്ചയായും തീരുമാനം നിങ്ങളുടേത് തന്നെയാണ്. ആ തീരുമാനം നിങ്ങളെ രൂപപ്പെടുത്തും.
ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ തീരുമാനമെടുക്കാൻ വൈകിയവരാണ് ഇന്നു കാണുന്ന സാധാരണക്കാർ. വിജയിക്കാൻ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും വിജയിക്കാത്തവർ. അഹങ്കാരവും അഹന്തയും വാനോളമുള്ളവർ.ജീവിതത്തിൻറെ കണക്കുപുസ്തകത്തിൽ നഷ്ടങ്ങൾ മാത്രം കൂട്ടിച്ചേർക്കുന്നവർ.മടിയും ആലസൃവും കൂടപ്പിറപ്പായവർ. എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല. കാരണം ഞാൻ പറയുന്നത് കേൾക്കാനുള്ള മനസ്സോ സഹാനുഭൂതിയോ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. നിങ്ങൾക്ക് വിജയിക്കണമെങ്കിൽ ഒന്നു മാത്രം ചെയ്യുക. സ്വയം വിലയിരുത്തുക.അതു മാത്രം ചെയ്യുക.
അനുബന്ധ ലേഖനങ്ങൾ

