ഒരു സ്ഥാപനത്തിൽ എല്ലാമാസവും ഭാഗ്യക്കുറി നടത്തുന്ന പതിവുണ്ടായിരുന്നു.300 ജോലിക്കാരും നൂറ് രൂപ വീതം സംഭാവന ചെയ്യണം. അതിനുശേഷം എല്ലാവരും സ്വന്തം പേര് എഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കും. അതിൽ നിന്നാണ് നറുക്കെടുപ്പ് നടക്കുക. കുറി വീഴുന്ന ആൾക്ക് മുപ്പതിനായിരം രൂപ ലഭിക്കും. ഇത്തവണ ഒരു ചെറുപ്പക്കാരനു തന്റെ പേര് എഴുതാൻ തോന്നിയില്ല. ഓഫീസിൽ തൂപ്പ് ജോലി ചെയ്യുന്ന സ്ത്രീയുടെ മകന്റെ ചികിത്സക്ക് പണം അത്യാവശ്യമാണെന്ന് അയാൾക്കറിയാം.അയാൾ ആ സ്ത്രീയുടെ പേര് എഴുതിയിട്ടു.നറുക്കെടുത്തപ്പോൾ ആ സ്ത്രീക്ക് തന്നെ. അവർ പണം ഏറ്റുവാങ്ങി.എല്ലാം കഴിഞ്ഞു ചെറുപ്പക്കാരൻ പെട്ടിയിൽ നോക്കുമ്പോൾ എല്ലാ പേപ്പറിലും ആ സ്ത്രീയുടെ പേര് തന്നെ.
ആളുകൾ ഒരുമിച്ചാൽ എന്ത് അത്ഭുതവും സംഭവിക്കും. ആർക്കും ആരെയും പൂർണമായും സംരക്ഷിക്കാനോ സഹായിക്കാനോ സാധിക്കില്ല. പക്ഷേ ചില സംരക്ഷണ വഴികൾകൾക്കു തുടക്കം കുറിക്കാൻ എല്ലാവർക്കും കഴിയും. തിൻമകൾക്കു മാത്രമല്ല നന്മകൾക്കും തുടർച്ചാ ശേഷിയുണ്ട്. ഒരാൾ തുടങ്ങി വയ്ക്കുന്ന കാരുണ്യ പ്രവർത്തി അയാൾ പോലുമറിയാതെ ചില തുടർചലനങ്ങൾ സൃഷ്ടിക്കും. എത്ര പേരുടെ പിന്തുണ കിട്ടുമെന്നതല്ല ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള മാനദണ്ഡം; ആരുമില്ലെങ്കിലും ഞാൻ ചെയ്യേണ്ടത് ചെയ്യുമെന്ന് ആത്മബോധം ആണ്. വലിയ കാര്യങ്ങൾ മാത്രം ചെയ്യാൻ വേണ്ടി കാത്തിരുന്നാൽ ഒരിക്കലും ഒന്നും ചെയ്യേണ്ടി വരില്ല. ചെറിയ തുടക്കങ്ങളാണ് വലിയ മാറ്റങ്ങളുടെ ആദ്യപടി.ഉടനെ ലഭിക്കുന്ന പ്രതിഫലങ്ങളുടെ പേരിലല്ല പ്രവർത്തികൾ വിലയിരുത്തപ്പെടേണ്ടത്. അവ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രേരണകളും മാറ്റങ്ങളും കൂടി കണക്കിലെടുത്താണ്.ചെറുതെന്നു തോന്നുന്ന കർമ്മങ്ങളെല്ലാം ഒരുമിക്കുമ്പോൾ അളന്നെടുക്കാൻ സാധ്യമല്ലാത്ത വലുപ്പത്തിൽ ചില അത്ഭുതങ്ങൾ സംഭവിക്കുന്നു. മറ്റൊരാളുടെ ജീവിതത്തിൽ അവരെ പോലും അതിശയിപ്പിക്കും വിധം സന്തോഷാനുഭവങ്ങൾ പകരുന്നതാണ് ഏറ്റവും വിലയേറിയ കാര്യം .
![]() |
| Inspirational quotes/Story |
