ഇരുട്ട് വെളിച്ചത്തിലേക്ക് നയിക്കും
നിങ്ങളുടെ ജീവിതം ഇപ്പോൾ ഏറ്റവും മോശം കാലഘട്ടത്തിലൂടെ ആയിരുന്നിരിക്കാം കടന്നു പോകുന്നത്. എന്നാൽ നിങ്ങളൊന്ന് ഓർമ്മിക്കുക. ഈ ഭൂമിയിൽ ഏതൊരു അവസ്ഥയും സ്ഥിരമായുള്ളതല്ല.ഋതുക്കൾ മാറി വരുന്നതുപോലെ അവസ്ഥകളും മാറിവരും. എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഇരുട്ടു പരക്കുന്നത് ഒരുനാൾ നിങ്ങൾക്ക് വെളിച്ചം പകരുവാൻ തന്നെയാണ്. പക്ഷേ നിങ്ങളുടെ ജീവിതത്തിൽ ആ ഇരുട്ട് വന്നില്ലായിരുന്നുവെങ്കിൽ നിങ്ങൾ വെളിച്ചത്തെ ഇത്രമേൽ സ്നേഹിക്കില്ലായിരുന്നു. ഒപ്പം പ്രകാശ വലയങ്ങളിൽ അകപ്പെട്ട നിങ്ങളുടെ കണ്ണുകളിൽ ഇരുട്ടു നിറയുമ്പോൾ അത് തിരിച്ചറിയാൻ കൂടി നിങ്ങൾക്ക് ആ കാലഘട്ടം സഹായകമാകും. ജീവിതം നിങ്ങളെ പുറകോട്ട് വലിക്കുമ്പോൾ അതിൽ നിങ്ങൾ ആനന്ദം കണ്ടെത്താൻ ശ്രമിക്കുക. ജീവിതം നിങ്ങളെ പ്രത്യേക ദൗത്യങ്ങൾ നിർവഹിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നു എന്നർത്ഥം. പുലിയും സിംഹവും എല്ലാം ഇരപിടിക്കുന്നത് നിങ്ങൾ വീക്ഷിച്ചിട്ടില്ലേ. പലപ്പോഴും അവ രണ്ടടി പുറകോട്ട് എടുത്തു വച്ചാണ് ഇരയുടെ മുകളിലേക്ക് ചാടി വീഴുന്നത്. ഇവിടെ ജീവിതവും നിങ്ങളോട് ചെയ്യുന്നത് ഇതുതന്നെയാണ്. നിങ്ങൾ നിങ്ങളുടെ ഇരുണ്ട ഭൂതകാലത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ശോഭനമായ ഭാവിയെ പടുത്തുയർത്താം. ജീവിതം പലപ്പോഴും ഒരു സംവിധായകൻറെ റോളിൽ ആണ്. ഏറ്റവും ബുദ്ധിമുട്ടേറിയ വേഷം അത് ഏറ്റവും അനുയോജ്യനായ വ്യക്തിക്കു മാത്രമേ സമ്മാനിക്കൂ. വിജയത്തിനായി നമുക്ക് പല നാടകങ്ങളും,റോളുകളും കെട്ടിയാടേണ്ടി വരും. ആ വേഷത്തിനായ് അന്ന് സഹിച്ച ത്യാഗങ്ങൾ ഒക്കെ ഏറ്റവും മികച്ചത് ആയിരുന്നു എന്ന് പിന്നീട് ഒരു നാൾ തീർച്ചയായും നിങ്ങൾക്ക് ബോധ്യപ്പെടും.
സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു കാലഘട്ടവും ഈ ഭൂമിയിൽ സ്ഥിരമായി നിലനിൽക്കുന്നില്ല. മൺസൂൺ കഴിഞ്ഞാൽ വസന്തം വിരുന്നെത്തും. ആ വസന്തകാലം കഴിഞ്ഞാൽ വരൾച്ചയും ബുദ്ധിമുട്ടുകളും നിറഞ്ഞ ഉഷ്ണകാലം വരവായ്. അതുപോലെ തന്നെയാണ് മനുഷ്യരുടെ കാര്യവും. ആരും എവിടെയും സ്ഥിരമായി നിൽക്കുന്നില്ല. പക്ഷേ നമ്മൾ നിലനിൽക്കുന്ന സമയം കഴിഞ്ഞാലും നമ്മളെ ഓർക്കാനും ബഹുമാനിക്കാനും ഉള്ള കാര്യങ്ങൾ സമ്മാനിച്ച ശേഷം മാത്രം നിങ്ങൾ മടങ്ങണോ അതോ ഒരു സാധാരണ മനുഷ്യനെപ്പോലെ മടങ്ങണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. അവിടെ നിങ്ങൾ തീരുമാനമെടുക്കുക. കാരണം വരൾച്ചയുടെ കാലം കഴിഞ്ഞു കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന മൺസൂൺ കാലവും വസന്തകാലവും നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. ഇവിടെ നിങ്ങൾ തോറ്റു പിന്മാറിയാൽ നിങ്ങൾക്കൊരിക്കലും മൺസൂൺ കാലത്തെയോ, വസന്തകാലത്തെയോ കാണാനാകില്ല. അത് ആസ്വദിക്കാനും കഴിയില്ല. ആ കാലത്തിൻറെ ദുരിതങ്ങൾ മാത്രമേ നിങ്ങൾക്ക് കാണാനാകൂ. ഒരു സാധാരണക്കാരന് സംഭവിക്കുന്നതും ഇതുതന്നെയാണ്. അതുകൊണ്ടാണ് അവർ സാധാരണജീവിതം നയിച്ച് ഞങ്ങൾക്ക് അത് ദുരിതപൂർണ്ണം ആണെന്ന് അഭിപ്രായപ്പെടുന്നത്. അവർക്ക് മുന്നിൽ വിരുന്നെത്തുന്ന വസന്തകാലത്തെ യും അവർ ഉപമിക്കുന്നത് തങ്ങളുടെ ദുരിത കാലത്തോട് ആണ്. അതുകൊണ്ടു തന്നെ അവർ ആ ദുരിത കാലഘട്ടത്തിൽ ജീവിതം ജീവിച്ചു തീർക്കുന്നു. അവർക്കു പുറകെ വരുന്നവർക്ക് ആ ജീവിതകാലഘട്ടം ചില സന്ദേശങ്ങൾ കൂടി സമ്മാനിക്കുന്നുണ്ട്.അതേ വീക്ഷണകോണിലൂടെ നിങ്ങൾ ജീവിതത്തെ ദർശിക്കുകയാണെങ്കിൽ നിങ്ങൾക്ക് അവരെ പോലെ ജീവിതം ദുരിതപൂർണമായി ജീവിച്ചു തീർക്കാം. അല്ലാത്തപക്ഷം അതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടോടെ മൺസൂൺ-വസന്ത കാലഘട്ടങ്ങൾ ആസ്വദിച്ച് ആ ഓർമകളുമായി ഉഷ്ണ കാലഘട്ടത്തിലെ ദുരിതങ്ങളെ മറികടന്ന് വരാൻപോകുന്ന മൺസൂൺ കാലഘട്ടത്തെ പ്രതീക്ഷിച്ചിരിക്കാം. ഈ വഴി സ്വീകരിച്ചാൽ തീർച്ചയായും നിങ്ങൾ വിജയിക്കും. പക്ഷേ ദൗർഭാഗ്യമെന്നു പറയട്ടെ ഈ വഴി തെരഞ്ഞെടുക്കുന്നത് വെറും 10 ശതമാനം പേർ മാത്രമാണ്. അതുകൊണ്ടുതന്നെയാണ് ഏതു രാജ്യത്തെയും ജനജീവിതത്തിൻറെ നിലവാരം എടുത്തുനോക്കിയാൽ അവിടെയും സാധാരണ ജീവിതം നയിക്കുന്നവരുടെ എണ്ണം വളരെ ഉയർന്നിരിക്കുന്നത്. ഇത്തരം ജീവിതം നയിക്കുന്നവർ തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ കൈക്കൊള്ളുന്ന നടപടികളെയും സംശയത്തോടെയാണ് വീക്ഷിക്കുക. അത് ആ രാജ്യത്തിൻറെ വികസനത്തിനും വലിയതോതിൽ തടസ്സം സൃഷ്ടിക്കും. അതുകൊണ്ട് തന്നെയാണ് ഏതൊരു വികസിത രാജ്യത്തും ദാരിദ്ര്യം മറഞ്ഞു കിടപ്പുണ്ടാകും എന്നു പറയപ്പെടുന്നത്.ഒപ്പം അവിടെ ഇത്തരത്തിൽ സാധാരണ ജീവിതം നയിക്കുന്നവരും. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിലെ പ്രകാശമാനമായ കാലഘട്ടത്തെ ഇരുൾ പടരുന്ന കാലഘട്ടവുമായി താരതമ്യം ചെയ്യാതിരിക്കുക. പകരം ഇരുൾ നിറഞ്ഞ കാലഘട്ടത്തെ പ്രകാശമാർന്ന കാലഘട്ടവുമായി താരതമ്യം ചെയ്യുക. അത് നിങ്ങൾക്ക് ആ കാലഘട്ടത്തെ മറികടക്കാനുള്ള ഊർജ്ജവും അറിവുകളും നൽകും. ജീവിതം എപ്പോഴും ഒരു പുഴ പോലെയാണ്. നിങ്ങൾ അതിനെ എത്രത്തോളം മലിനമാക്കാൻ ശ്രമിച്ചാലും അത് ആ മാലിന്യത്തെ മുഴുവൻ കഴുകി തെളിമയോടെ തന്നെ ഒഴുകും.
നിങ്ങൾ വിജയിക്കുന്ന നിമിഷം വരെ നിങ്ങളെ ഒരാൾക്കും അറിയില്ല. നിങ്ങൾ അതിനു വേണ്ടി അനുഭവിച്ച ത്യാഗങ്ങൾ അറിയില്ല. നിങ്ങൾ ആ നിമിഷം എത്തുന്നതുവരെ മറ്റുള്ളവരുടെ മുമ്പിൽ നിങ്ങൾ ഒരു സാധാരണ വ്യക്തി മാത്രമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഉള്ളിലുള്ള വിജയിക്കണമെന്ന ചിന്തയിൽ നിന്നു വരുന്ന അഗ്നിക്കു മാത്രമേ നിങ്ങളെ ആ സ്ഥാനത്ത് എത്തിക്കാൻ കഴിയൂ. തീ എപ്പോഴും കത്തി പിടിക്കുന്നത് പുകയോടു കൂടിയാണ്. ആ പുക ഒരാളെ സംബന്ധിച്ചും ഇഷ്ടമുള്ള ഒന്നല്ല. എന്നാൽ അതിനു പുറകെ തന്നെ തീയും വരുന്നുണ്ട്. അത് അറിയാതെ നിങ്ങൾ പുക മാത്രം കണ്ടു അവിടെ നിന്ന് ശ്രമം ഉപേക്ഷിച്ച് പിന്മാറിയാൽ നിങ്ങൾക്ക് ഒരിക്കലും നിങ്ങൾ വിചാരിക്കുന്ന കാര്യം പ്രാബല്യത്തിൽ കൊണ്ടുവരുവാൻ സാധിക്കുകയില്ല. പലരും ജീവിതത്തിലും അങ്ങനെ തന്നെയാണ്. ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തിൽ മനംമടുത്ത് ജീവിതം തന്നെ ഇങ്ങനെയാണെന്ന് പ്രവചിച്ചു ഇരുളടഞ്ഞ ഭാവിയേയും പ്രതീക്ഷിച്ച് അങ്ങനെ തന്നെ ഇരിക്കും.
 |
| ഇരുണ്ട കാലഘട്ടം |
ഒരിക്കൽ ലോകമാകെ ഒരു മഹാമാരി പടർന്നുപിടിച്ചപ്പോൾ എല്ലാ മേഖലകളിലും തകർച്ച ദൃശ്യമായപോഴും ചിലർ ആ കാലഘട്ടത്തിലും ലാഭം കൊയ്തു. അതു വരെ ഒന്നുമല്ലാതിരുന്ന അവർ അപ്പോൾ ശതകോടീശ്വരന്മാർ ആയി. അവർ ആ അവസരത്തെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തി. എന്നുവച്ച് അവർ അത്തരമൊരു അവസ്ഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നല്ല അർത്ഥം. അവരുടെ ഭാവിയെ ഒരിക്കലും അവർ ഇരുളടഞ്ഞതായി കണ്ടിരുന്നില്ല എന്നതാണ്. അങ്ങനെ കണ്ടിരുന്നുവെങ്കിൽ അവരും മറ്റുള്ളവരെ പോലെ ഈ പ്രതിസന്ധിയിൽ വീണുപോകുമായിരുന്നു. ഓരോ പ്രശ്നങ്ങളും നിങ്ങളെ തേടി വരുന്നത് നൂറായിരം അവസരങ്ങളും ആയിട്ടാണ്. നിങ്ങൾ അതിലെ പ്രശ്നങ്ങളെ മാത്രം ദർശിക്കുന്നത് കൊണ്ടാണ് അതിനോടൊപ്പം ഉള്ള അവസരങ്ങൾ നിങ്ങൾ കാണാതെ പോകുന്നതും, ജീവിതത്തിൽ പരാജയപ്പെടുന്നതും. പ്രശ്നങ്ങളിലും നമ്മൾ അവസരങ്ങളാണ് തേടേണ്ടത്. അത്തരത്തിൽ ചെയ്താൽ മാത്രമേ നിങ്ങൾക്ക് വിജയിക്കാനാകൂ. വിജയം എന്നത് നിങ്ങൾക്ക് ഒരു സുപ്രഭാതത്തിൽ കൈയെത്തിപ്പിടിക്കാൻ ആവുന്ന ഒന്നല്ല. അതിന് വ്യക്തമായ ആസൂത്രണവും കഠിനാധ്വാനവും പരിശ്രമവും എല്ലാം അത്യാവശ്യ ഘടകങ്ങളാണ്. ഏതു പ്രശ്നവും നിങ്ങളെ തേടിയെത്തുമ്പോൾ അതിനെ എങ്ങനെ അവസരം ആക്കി മാറ്റിയെടുക്കാം എന്ന് ചിന്തിക്കുക. അതിലെ അവസരത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കും. ഞാൻ ഇവിടെ ഒരു കഥ വിവരിക്കാം. നഗര തിരക്കുകൾക്കിടയിൽ ആരും ശ്രദ്ധിക്കാതെ ഒരു പയ്യൻ കഴിയുന്നുണ്ടായിരുന്നു. ഉയർന്ന വിദ്യാഭ്യാസം നേടിയെങ്കിലും സ്ഥിര വരുമാനമുള്ള ഒരു ജോലി കണ്ടെത്താൻ അയാൾക്ക് സാധിച്ചില്ല. ജോലി തേടിയുള്ള അലച്ചിൽ അയാളുടെ ജീവിതത്തിൽ ഭാഗമായി. വിശപ്പിൻറെ വില അറിഞ്ഞ നാളുകൾ.എത്രയോ ദിനങ്ങൾ ബിസ്ക്കറ്റിൽ വിശപ്പടക്കി കഴിഞ്ഞ ഓർമ്മകൾ. എല്ലാം ഒരു പുഞ്ചിരിയോടെ നേരിടുമ്പോഴും തൻറെതായ ഒരു ദിനം വരുമെന്ന് ആ പയ്യന് ഉറപ്പുണ്ടായിരുന്നു. ചുറ്റുമുള്ളവരുടെ നിരന്തര കളിയാക്കലുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളാൻ അവൻ ചെറുപ്പത്തിലെ പഠിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ലോകത്ത് ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടു. അവന് ജോലി നഷ്ടപ്പെട്ടു. വീണ്ടും പട്ടിണിയുടെയും ദുരിതങ്ങളുടെയും ലോകത്തേക്ക് അവൻറെ യാത്രതുടങ്ങേണ്ടിവന്നു. ലോകത്തിലെ നിരവധി ആളുകൾ മഹാമാരിയാൽ ജീവൻ പൊലിഞ്ഞു. ജനങ്ങൾ നിസ്സഹായരായ അവസ്ഥ. ആ വാർത്ത അവനിലും ആഴത്തിലുള്ള മുറിവുണ്ടാക്കി. പക്ഷേ തന്നെ വീണ്ടും പട്ടിണിയുടെ ലോകത്തിലേക്ക് നയിച്ച ആ മഹാമാരിയെ നശിപ്പിക്കാൻ തന്നെ അവൻ തീരുമാനിച്ചു. ഇതാണ് തൻറെ സമയം എന്ന് അവൻ ഉറച്ചു വിശ്വസിച്ചു. പിന്നീടുള്ള രാപ്പകലുകൾ അവൻ അതിനുള്ള പരീക്ഷണ നിരീക്ഷണങ്ങളിൽ മുഴങ്ങി. ചുറ്റുമുള്ളവർ മുഴുവൻ അവന് ഭ്രാന്ത് ആണെന്ന് അധിക്ഷേപിച്ചു. പക്ഷേ ആ അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും ഒന്നും അവനിലെ ലക്ഷ്യബോധത്തെ കെടുത്താനായില്ല. അവസാനം അവൻ വിജയിക്കുകതന്നെ ചെയ്തു. ആ മഹാമാരിയെ തടയാനുള്ള മരുന്ന് കണ്ടുപിടിക്കാൻ അവന് സാധിച്ചു. അവൻ ലോകപ്രശസ്തനായ്. ജനങ്ങളുടെ ദൈവമായ്. തന്നെ കളിയാക്കിയവർ പോലും ദൈവത്തെ പോലെ അവനെ ആരാധിച്ചു. ഇതൊരു സാങ്കല്പിക കഥ മാത്രമാണ്. പക്ഷേ ഈ കഥ ഇവിടെ പറഞ്ഞുവയ്ക്കുന്നത് നിങ്ങൾക്ക് മുമ്പിൽ രണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ്. ഒന്ന് പ്രശ്നങ്ങൾ എല്ലാ ജനങ്ങളെയും ഒരുപോലെയാണ് ബാധിച്ചത്; എന്നാൽ ഒരാൾ മാത്രം ആ പ്രശ്നത്തിൽ തനിക്കുള്ള അവസരത്തെ ദർശിച്ചു.
രണ്ട് നിങ്ങൾ എത്ര ദുരിതപൂർണമായ അവസ്ഥയിലായിരുന്നാലും നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളുടെ പ്രവർത്തികൾ കണ്ട് എന്തു പറയുകയായിരുന്നാലും ശരി നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിൽ മാത്രം ഫോക്കസ് ചെയ്യുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് വിജയിക്കാനാവൂ. നിങ്ങൾ വിജയിക്കുമ്പോൾ നിങ്ങളെ കളിയാക്കിയവർ നിങ്ങൾക്ക് അരികിൽ തന്നെ വരും തലകുനിച്ച്. ലോകത്ത് എവിടെയും സംഭവിക്കുന്നത് ഇതുതന്നെയാണ്. പ്രകൃതിയുടെ നിയമമാണ് അത്. പക്ഷേ നിങ്ങൾ അവരുടെ കളിയാക്കലുകളുടെ മുന്നിൽ തോറ്റു പോയാൽ അവർ അവിടെ വിജയിക്കും. ഒരിക്കലും അത് അനുവദിച്ചു കൊടുക്കാൻ നിങ്ങൾ ശ്രമിക്കരുത്. നിങ്ങളുടെ വിജയം ആയിരിക്കണം അവർക്കു നേരെയുള്ള നിങ്ങളുടെ പ്രതികാരം. മുന്നിൽ വരുന്ന അവസരങ്ങൾ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പഠിക്കുക. അത് നിങ്ങളെ വിജയത്തിൻറെ പുഞ്ചിരിയുമായി നടന്നു നീങ്ങാൻ പ്രാപ്തനാക്കും. അല്ലാത്തപക്ഷം തലതാഴ്ത്തി നടന്നു നീങ്ങേണ്ടി വരും നിങ്ങൾക്ക്. അതുകൊണ്ടുതന്നെ ഏത് കാലഘട്ടത്തിലും അവസരങ്ങൾ നിങ്ങളെ തേടിയെത്തും എന്ന് ഉറപ്പിക്കുക.ആ അവസരങ്ങളെ ഉപയോഗിച്ച് വിജയം കയ്യെത്തിപിടിക്കാൻ പരിശ്രമിക്കുക. ജീവിതത്തിൽ ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ ഇരിക്കുക. നിങ്ങൾ നിങ്ങളുടെ പ്രവർത്തികളുമായി മുന്നോട്ടുതന്നെ നീങ്ങുക. നിങ്ങൾ കാത്തുനിൽക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് പുറകെ വരുന്നവർ അവിടെ എത്തിച്ചേരും. പിന്നീട് നിങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ അവർക്ക് ലഭിക്കുന്നത് കണ്ടു വെറും നോക്കുകുത്തിയാകേണ്ടി വരും നിങ്ങൾക്ക്. അതുകൊണ്ടുതന്നെ സാഹചര്യങ്ങൾ എന്തുതന്നെയായാലും നിങ്ങൾ നിങ്ങളുടെ യാത്ര തുടങ്ങുക തന്നെ ചെയ്യുക. നിലവിലുള്ള അവസ്ഥകളിൽ മാറ്റം വരുവാൻ കാത്തിരിക്കുന്നവർ ശരിക്കും മണ്ടന്മാർ തന്നെയാണ്. അവരുടെ വിചാരം നിലവിലുള്ള അവസ്ഥകളെ തങ്ങൾക്കുവേണ്ടി മറ്റാരെങ്കിലും മാറ്റും എന്നാണ്. അത് തങ്ങളുടെ മിഥ്യാധാരണ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും കാലമേറെ കടന്നു പോയിട്ടുണ്ടാകും. ഇതുതന്നെയാണ് ഏതൊരു സാധാരണക്കാരനും ജീവിതത്തിൽ സംഭവിക്കുന്നത്. തങ്ങളുടെ നിലവിലുള്ള സാഹചര്യങ്ങളിൽ മാറ്റം വരുത്തുവാനുള്ള ഉത്തരവാദിത്വം മറ്റാരെയോ ഏൽപ്പിച്ചത് സ്വയം കാത്തിരിക്കുന്നു. അതിനുള്ള നടപടികൾ സ്വയം കൈക്കൊള്ളണമെന്ന് ബോധമില്ലാതെ. ഇത് അവരെ പരാജയത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. നിങ്ങളുടെ മോശം സമയത്തും നിങ്ങൾ ചിന്തിക്കുക മാത്രമല്ല അതിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങൾ നടത്തുക കൂടി വേണം. ഒപ്പം നിങ്ങൾ എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കാവുന്ന മോശം സമയത്തിന് തയ്യാറാവുക കൂടി വേണം. എപ്പോഴും നിങ്ങൾ ഒരു മോശം സമയത്തെ പ്രതീക്ഷിക്കുക. അപ്പോൾ നിങ്ങൾക്ക് അതിൽ നിന്ന് പുറത്തുകടക്കാനുള്ള മാർഗ്ഗങ്ങളും മുൻകൂട്ടി തയ്യാറാക്കാൻ സാധിക്കും. എപ്പോഴും വരാൻപോകുന്ന മോശം കാലഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുക. അതല്ല എന്നുണ്ടെങ്കിൽ ആ കാലഘട്ടം നിങ്ങളെ ഇരയാക്കി മാറ്റും. അതുകൊണ്ട് എപ്പോഴും നമ്മൾ തയ്യാറായിരിക്കുക. ഒരു ബിസിനസ്മാൻ ഒരു പ്രത്യേക കാലഘട്ടത്തിൽ തനിക്ക് സൂപ്പർ നോർമൽ ലാഭം ലഭിച്ചു എന്ന് കരുതി അയാൾ അത് ദീർഘ കാലഘട്ടത്തിൽ പ്രതീക്ഷകില്ല.പകരം അവിടെ നില നിൽക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയാണ് ചെയ്യുക.കാരണം അയാൾക്ക് നന്നായി അറിയാം ദീർഘ കാലഘട്ടത്തിൽ ഈ ലാഭം നിലനിൽക്കില്ലെന്ന്. അവിടെ അയാൾ തനിക്ക് നഷ്ടം സംഭവിക്കാതിരിക്കാനുള്ള മാർഗങ്ങളാണ് തേടുക. ഒരു നല്ല ബിസിനസുകാരൻ എപ്പോഴും തനിക്ക് വരാൻപോകുന്ന നഷ്ടത്തെ കൂടി മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടാണ് നഷ്ടം സംഭവിക്കുമ്പോഴും അയാൾ തിരിച്ചു വരുന്നത്. നഷ്ടം സംഭവിക്കുമ്പോൾ എങ്ങനെ തിരിച്ചുവരണമെന്ന് ലാഭം കിട്ടുന്ന സന്ദർഭത്തിൽ തന്നെ അയാൾ പഠിച്ചിരിക്കും. ഒപ്പം അതിനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യും. അതുകൊണ്ടാണ് പറയുന്നത് നമ്മൾ ഒരു മോശം സമയത്തെയും എപ്പോഴും പ്രതീക്ഷിച്ചിരിക്കണം.എങ്കിൽ മാത്രമേ നിങ്ങൾക്ക് വിജയിക്കാനാകൂ. അല്ലാത്തപക്ഷം നിങ്ങൾ പരാജയപ്പെടും.