പണ്ട് കാട്ടിനുള്ളിൽ ഒരു മത്സരം നടന്നു. സിംഹം, കുരങ്ങൻ, ആന എന്നിവർക്ക് ഇടയിലായിരുന്നു ആ മത്സരം. ആരാണ് ആ കാട്ടിലെ വലിയ, ഉയരമുള്ള മരത്തിൽ ഏറ്റവും വേഗത്തിൽ ചാടി കയറുന്നത് അയാൾ കാട്ടിലെ രാജാവാകും എന്നതായിരുന്നു മത്സരം. നിങ്ങൾക്ക് എന്ത് തോന്നുന്നു? ആര് ജയിച്ചിരിക്കും? കുരങ്ങൻ അല്ലെ! എന്നാൽ യഥാർത്ഥത്തിൽ ഈ മത്സരം ശരിയായിരുന്നോ? നിങ്ങളുടെ അഭിപ്രായം എന്താണ്? എൻറെ അഭിപ്രായത്തിൽ ഈ മത്സരം തീർത്തും തെറ്റാണ്. നിങ്ങൾക്ക് തോന്നുന്നുണ്ടോ ഈ മൂന്നുപേരുടെ കഴിവുകളെ ഇവിടെ നടന്ന മത്സരത്തിൽ അളക്കാൻ കഴിയുമെന്ന്. ഒരിക്കലുമില്ല. ഇതുതന്നെയാണ് നിങ്ങളെ മറ്റൊരാളുമായി താരതമ്യം ചെയ്യുമ്പോഴും സംഭവിക്കുന്നത്. എല്ലാവർക്കും വ്യത്യസ്തമായ കഴിവുണ്ടായിരിക്കും.എന്നാൽ ഇത്തരം താരതമ്യം ചെയ്യുന്നതു മൂലം നമ്മുടെ സമൂഹത്തിലെ ആനയും,സിംഹവുമെല്ലാം സ്വയം കഴിവില്ലാത്തവരായി കണക്കാക്കുന്നു. നിങ്ങൾ പലപ്പോഴും മറ്റുള്ളവരെ പോലെയാകാൻ ആണ് ശ്രമിക്കുന്നത്. അയാളുടെ കയ്യിൽ ബി.എം.ഡബ്ല്യു. ഉണ്ട് അതുകൊണ്ട് എനിക്കും വേണം. അയാളുടെ കൈവശം എത്രയോ പണമുണ്ട്, എനിക്കും അയാളെ പോലെ പണം സമ്പാദിക്കണം. സുഹൃത്തേ ഇവിടെ നിങ്ങൾ മറ്റൊരാളാകാൻ ശ്രമിക്കുകയാണ്. ഒരു കാര്യം എപ്പോഴും ഓർക്കുക. നിങ്ങൾ എപ്പോഴും നിങ്ങൾ തന്നെയാണ്, മറ്റൊരാളാകാൻ ഒരിക്കലും ശ്രമിക്കരുത്. നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുക വളരെ എളുപ്പമാണ്. അങ്ങനെ ചെയ്യുന്നതു മൂലം എപ്പോഴും നമ്മുടെയുള്ളിൽ ഒരു നിരാശ വട്ടമിട്ട് പറക്കുന്നുണ്ടാകും. നിങ്ങൾക്ക് അപ്പോൾ നിങ്ങളുടെ കഴിവുകൾക്ക് പകരം നിങ്ങളുടെ പോരായ്മകളായിരിക്കും കാണാൻ കഴിയുന്നത്. പിന്നെ നിങ്ങൾ മറ്റൊരാളെ പോലെയാകാനുള്ള പരിശ്രമത്തിലാകും. എന്നാൽ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ നിങ്ങൾ റോൾമോഡലാക്കുന്ന വ്യക്തിയും മറ്റൊരാളെ പോലെയാകാൻ ആണ് ശ്രമിക്കുന്നതെങ്കിലോ? അയാളുടെ പ്രശ്നങ്ങൾ, പോരായ്മകൾ ഇതൊന്നും നമുക്ക് ഒരിക്കലും കാണാനാകില്ല. നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് മാത്രമേ നമ്മൾ അയാളിൽ കാണുകയുള്ളൂ. താരതമ്യം നടത്തുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട സമയത്തെയാണ് നഷ്ടപ്പെടുത്തുന്നത്. അത്രമാത്രം. നിങ്ങളുടെ ഫോക്കസ് എപ്പോഴും നിങ്ങളിൽ ആയിരിക്കണം, നിങ്ങളുടെ ലക്ഷ്യത്തിൽ ആയിരിക്കണം, നിങ്ങളുടെ ജോലിയിൽ ആയിരിക്കണം. നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ ശ്രമിച്ചാൽ നിങ്ങൾക്ക് വേണ്ടി നിങ്ങൾ എപ്പോൾ ജോലി ചെയ്തു തുടങ്ങും?
ഒരു കാര്യം ഓർമ്മ വെയ്ക്കുക; എല്ലാവരും ജീവിതത്തിൽ മത്സരിക്കുന്നുണ്ട്. നിങ്ങളുടെ മത്സരത്തെ നിങ്ങൾക്ക് നിങ്ങളുടെ രീതിയിൽ പൂർത്തീകരിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ മത്സരത്തിൽ പങ്കുചേർന്നാൽ നിങ്ങൾ ഒരിക്കലും ജയിക്കാൻ പോകുന്നില്ല. ഗാംഗുലിയും, ധോണിയും ഒരേപോലെ ക്രിക്കറ്റ് കളിച്ചിരുന്നുവെങ്കിൽ അവരുടെ പേരുകൾ വ്യത്യസ്തതയോടെ ക്രിക്കറ്റ് ലോകത്ത് എഴുതിച്ചേർക്കുമായിരുന്നോ? ഒരിക്കലുമില്ല. എല്ലാവർക്കും വ്യത്യസ്തമായ കഴിവുകൾ ഉണ്ട്. നിങ്ങൾക്ക് നിങ്ങളുടെ കഴിവുകൾ കണ്ടുപിടിക്കാൻ കഴിയണം. നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യത്തിലേക്കായി ഭ്രാന്തമായി ജോലി എടുക്കാൻ കഴിയണം. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ചിരുന്നാൽ,നോക്കിയിരുന്നാൽ ട്രെയിൻ കടന്നുപോകും.പിന്നീട് ഒരിക്കലും ആ ട്രെയിൻ നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചു വരില്ല. ജീവിതത്തിൽ ആരെങ്കിലും ഒരാൾ നിങ്ങളെക്കാൾ മികച്ചതായി ഉണ്ടാകും. പക്ഷേ നിങ്ങൾക്ക് നിങ്ങളിൽ ഫോക്കസ് ചെയ്യാൻ കഴിയണം. ഓരോരുത്തരും അവരവരുടേതായ ടൈംലൈനിൽ ആണ് വിജയിക്കുന്നത്. മാർക്ക് സുക്കർബർഗ് ഇരുപത്തിമൂന്നാം വയസ്സിൽ ബില്യനയർ ആയപ്പോൾ കേളൊണോ സാൻഡേഴ്സൺ 40 വയസ്സിൽ തൻറെ ലക്ഷ്യം തേടിയിറങ്ങി 60 വയസ്സിലാണ് ബില്യനയറായത്. അതുകൊണ്ടുതന്നെ ഒരിക്കലും മറ്റുള്ളവരെ പോലെയാകാൻ ശ്രമിക്കരുത്. വിജയം എന്നത് കഠിനാധ്വാനത്തിലൂടെയും നിലയ്ക്കാത്ത പ്രയത്നത്തിലൂടെയും മാത്രമേ നേടിയെടുക്കാനാകൂ. ഓരോരുത്തരുടെയും വിജയിക്കാനുള്ള നിർവചനം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ വിജയത്തിലേക്കുള്ള വഴി സ്വയം കണ്ടെത്തൂ. താരതമ്യം ചെയ്യാനുള്ള ആഗ്രഹം നിങ്ങളിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിൽ സ്വയം താരതമ്യം ചെയ്യാൻ പഠിക്കൂ. നിങ്ങൾ എത്രത്തോളം മികച്ചതായി, എന്തൊക്കെ പുതിയ കാര്യങ്ങൾ പഠിച്ചു ഇവയൊക്കെ താരതമ്യം ചെയ്യുക. എല്ലാ ദിവസവും പുതിയ ഓരോ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക.നിങ്ങൾ ഒരേ ലക്ഷ്യത്തിലേക്കാണ് സഞ്ചരിക്കുന്നത് എങ്കിലും ഒരോരുത്തർക്കുമുള്ള പാതകൾ വ്യത്യസ്തമാണ്. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ സഞ്ചരിച്ചാൽ തീർച്ചയായും വിജയത്തിൽ എത്തിച്ചേരും. എപ്പോഴും ഓർമ്മ വെയ്ക്കുക .സൂര്യനെയും ചന്ദ്രനെയും ഒരിക്കലും താരതമ്യം ചെയ്യാനാവില്ല. രണ്ടും അവരവരുടേതായ സമയത്ത് പ്രകാശം പരത്തുന്നു.
തയ്യാറാക്കിയത്:രൂപേഷ് വിജയൻ.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
