Ticker

7/recent/ticker-posts

ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ നിങ്ങൾ ഓർക്കേണ്ടത്

 നിങ്ങൾ എന്തെങ്കിലും തുടങ്ങാനായി കലണ്ടറിലെ നല്ല ദിവസം നോക്കിയിരിക്കുകയാണോ? എങ്കിൽ ഞാൻ ഒന്ന് പറയട്ടെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും കലണ്ടറിലെ ദിവസമെണ്ണി ഇരിക്കാറില്ല. ജീവിതത്തിൽ എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ മുന്നിലുള്ള പ്രതിസന്ധികളെ ആലോചിച്ചു നോക്കുക പോലും ചെയ്യാറില്ല. നിങ്ങൾ എന്താ കരുതുന്നത് നിങ്ങൾക്ക് മുന്നിലുള്ള പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു നടന്നാൽ നിങ്ങളുടെ ജീവിതം മെച്ചപ്പെടും എന്നാണോ? ജീവിതത്തിൽ എന്തെങ്കിലും നേടുന്നവർ വേദനകളെയും നേരിട്ടവരാണ്.  പ്രശ്നങ്ങളും, പ്രതിസന്ധികളും എല്ലാവരുടെയും ജീവിതത്തിൽ കടന്നു വരാറുണ്ട്. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ഭയന്ന് ജീവിതത്തിൽ ഒന്നും ചെയ്യാതെ ഇരിക്കുന്നവർ ഒരിക്കലും വിജയിക്കാറില്ല. നിങ്ങൾ പുറത്തിറങ്ങി ഒന്ന് നോക്കിക്കേ; നിങ്ങൾക്ക് ചുറ്റിലും ഉള്ളവരുടെ വേദനകളും പ്രശ്നങ്ങളും കേട്ടാൽ നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങള്‍ മറന്നു പോവുക തന്നെ ചെയ്യും. നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളെയും, വേദനകളെയും കുറിച്ച് ഓർത്ത് കരഞ്ഞുകൊണ്ടിരുന്നാൽ നിങ്ങൾ ജീവിതത്തിൽ ഒന്നും നേടാൻ പോകുന്നില്ല. നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ദൈവത്തിൻറെ മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും വലിയ തെറ്റിദ്ധാരണയുമായി കാലം കഴിക്കുകയാണ്.  അത്ഭുതങ്ങൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഒരിക്കലും സംഭവിക്കില്ല. അതിനായി രാപകലുകൾ ഇല്ലാതെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ആരും നിങ്ങളെ കൈപിടിച്ച് വിജയത്തിലേക്ക് നയിക്കില്ല. നിങ്ങൾക്കാണ് നിങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയുക. അതിനാൽ തന്നെ നിങ്ങൾക്ക് മാത്രമേ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാനും കഴിയൂ. ഒന്നോർക്കുക; നിങ്ങളുടെ മുന്നിൽ വരുന്ന ഏത് പ്രതിസന്ധിയും നിങ്ങളുടെ ജീവിതത്തെ തകർത്തു കളയാൻ മാത്രം ഉള്ളത് അല്ല.