Ticker

7/recent/ticker-posts

ജീവിതത്തിൽ ഓർക്കേണ്ട ചില കാര്യങ്ങൾ

 നിങ്ങൾക്കു ചുറ്റിലും ഉള്ള ചില വ്യക്തികൾ ഇത്തിക്കണ്ണി പോലെയാണ് . ചുറ്റി പിടിക്കുന്നതും നിങ്ങളിൽ ആയിരിക്കും; എന്നിട്ട് നിങ്ങളുടെ രക്തം ഊറ്റി കുടിക്കുന്നും ഉണ്ടായിരിക്കും. ജീവിതം നമ്മളുമായി എപ്പോഴും മത്സരത്തിൽ ആയിരിക്കും. എല്ലായിപ്പോഴും പുതിയ സൂര്യോദയം സമ്മാനിച്ചു നമ്മുടെ പ്രായത്തെ നമ്മളിൽ നിന്ന് ജീവിതം തട്ടിപ്പറിച്ചെടുക്കുന്നു.  എന്നാൽ ഈ ജീവിതം നമ്മളെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്. നിങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. ഒരിക്കലും മറ്റുള്ളവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ  എല്ലാവരും നിങ്ങളോടൊപ്പം ഉണ്ടാകും.  ഒരിക്കലെങ്കിലും നിങ്ങൾക്ക് വേണ്ടി ജീവിക്കാൻ ശ്രമിച്ചുനോക്കിയേ.  ഈ ലോകം മുഴുവൻ നിങ്ങൾക്ക് എതിരാകുന്നത് കാണാം.


നിങ്ങൾ ജീവിതത്തിൽ ഒന്നും ചെയ്യുന്നില്ലെങ്കിലും അപവാദങ്ങളുടെ ഒരു ഭാണ്ഡം തന്നെ നിങ്ങൾക്ക് മറ്റുള്ളവർ ചാർത്തി തന്നിട്ടുണ്ടാകും. അതിനാൽ തന്നെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാതെയും, അവർ പറയുന്നത് ശ്രദ്ധിക്കാതെയും  സ്വന്തം നേട്ടങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി പ്രയത്നിക്കുക. ഈ ലോകത്തിലെ 80 ശതമാനം ആളുകളും മറ്റുള്ളവരെ കോപ്പിയടിക്കാൻ പ്രാവീണ്യമുള്ളവരാണ്. എന്നിട്ട് അവർ സ്വയം വിളിച്ചു പറയും ഞങ്ങൾ കാരണമാണ് അവർ ആ നേട്ടങ്ങളൊക്കെ നേടിയെടുത്തതെന്ന്.  ഇത്തരക്കാരെ ഒരിക്കലും നിങ്ങൾ നിങ്ങളുടെ യാത്രയിൽ കൂടെ കൂട്ടരുത്. നിങ്ങൾ ഈ ലോകത്തെ മാറ്റാൻ ഇറങ്ങിത്തിരിച്ചാല്‍ നിങ്ങൾ തോറ്റു പോവുകയേയുള്ളൂ. എന്നാൽ നിങ്ങൾ സ്വയം മാറാൻ ശ്രമിച്ചു നോക്കിക്കേ.  ഈ ലോകവും അതിനനുസരിച്ച് മാറുന്നത് നിങ്ങൾക്ക് കാണാം. നിങ്ങൾ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരുപാടൊന്നും ആലോചിച്ച് വിഷമിച്ച് ഇരിക്കരുത്.  നിങ്ങൾക്കും ജീവിതത്തിൽ ഒരുപാട് ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉണ്ട്.  ജീവിതത്തിന്റെ സത്യാവസ്ഥ എന്തെന്നാൽ ചിലർ നമ്മളെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പ്രാപ്തിയുള്ളവർ  ആക്കുമ്പോൾ മറ്റു ചിലർ നമ്മളെ നശിപ്പിക്കാനും ശ്രമിക്കുന്നു. ഇവിടെ ഒരു കാര്യം മാത്രം ചെയ്യുക. ആരാണോ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നത് അവരോടൊപ്പം നിൽക്കുക. ആരാണോ നിങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നത് അവരോട് ക്ഷമിച്ചു  അവരെ  എന്നെന്നേക്കുമായി മറന്നു കളയുക. 

ദരിദ്രൻ മരിച്ചാൽ ചോദിക്കാൻ ഒരാൾ പോലും ഉണ്ടാകില്ല. എന്നാൽ പണക്കാരന്റെ കാലിൽ ഒരു ചെറിയ മുള്ള് കുത്തിയാലും സുഖവിവരം തിരക്കാൻ പതിനായിരം ആളുകൾ  ഉണ്ടാകും.  ജീവിതത്തിന്റെ പകുതി സമയവും പണം ഉണ്ടാക്കാനുള്ള   ഓട്ടത്തിലായിരിക്കും നിങ്ങൾ.  പണമുണ്ടായപ്പോൾ ആ ഓട്ടം മൂലം സംഭവിച്ച ആരോഗ്യപ്രശ്നങ്ങൾ മാത്രമാകും നിങ്ങളുടെ കൂട്ടിന്. അതിനാൽ തന്നെ പണം ഉണ്ടാക്കാൻ ഉള്ള ഓട്ടപാച്ചിലിൽ  ഒരിക്കലും നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ആസ്വദിക്കാൻ മറന്നു പോകരുത്.