നിങ്ങൾക്കറിയാമോ ഇന്ത്യയിൽ ഓരോ വർഷവും 200 കോടിയിലേറെ രൂപയുടെ ഉറക്ക ഗുളികകളാണ് വിറ്റു പോകുന്നത്. ജനങ്ങൾ ഇന്ന് അത്രയും സമ്മർദ്ദത്തിലാണ്. എന്നാൽ ഇവിടെ നിങ്ങൾ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. ഞാൻ ഈപറഞ്ഞത് വൈറ്റ് മാർക്കറ്റിലെ മാത്രം കണക്കാണ്. ബ്ലാക്ക് മാർക്കറ്റ് കൂടി കൂട്ടിയാൽ ഇത് ഇനിയും കൂടും. സമ്മർദ്ദവും ടെൻഷനും മൂലം സ്വന്തം ജീവിതത്തെ ആസ്വദിക്കാൻ കഴിയാത്ത ഒട്ടനവധി പേരെ ഞാൻ കണ്ടിട്ടുണ്ട്.10 വയസ്സുള്ള കുട്ടി തൊട്ട് 100 വയസ്സുള്ള വൃദ്ധന്മാർ വരെ ഇന്ന് സമ്മർദ്ദത്തിലാണ് ജീവിക്കുന്നത്. ഇത് നിങ്ങൾക്ക് മനസ്സിലാക്കി തരുവാനായി യഥാർത്ഥത്തിൽ സംഭവിച്ച ഒരു കഥ ഞാൻ പറഞ്ഞു തരാം. ഈ കഥ 10 വർഷം മുമ്പ് സംഭവിച്ചതാണ്. ഞങ്ങൾ പഠനത്തിനായി കൊച്ചിയിൽ താമസിക്കുന്ന കാലം. ഞങ്ങളുടെ കോളേജിൽ അനിൽ എന്ന് പേരുള്ള ഒരു സീനിയർ ഉണ്ടായിരുന്നു. ഐ.എ.എസ് ഓഫീസർ ആവുക എന്നതായിരുന്നു ആളുടെ ഏറ്റവും വലിയ ആഗ്രഹം. ഞങ്ങളുടെ എല്ലാവരുടെയും റോൾ മോഡൽ ആയിരുന്നു അയാൾ. ഐഎഎസ് ഓഫീസർ ആകാനായി അവൻ നിരന്തരം പഠനത്തിൽ മാത്രമായിരുന്നു രാപ്പകലുകൾ ഫോക്കസ് ചെയ്തിരുന്നത്. ഞങ്ങൾ ആ സമയം കോളേജിൽ ക്രിക്കറ്റ്, ബോക്സിങ്ങും ഒക്കെയായി അടിച്ചുപൊളിക്കുന്ന കാലമായിരുന്നു. ഇടയ്ക്ക് അവിടെ വരുന്ന അനിൽ ഞങ്ങൾക്ക് എന്തെങ്കിലുമൊക്കെ അറിവ് പകർന്നു നൽകിയേ പോകാറുള്ളൂ. ഞാൻ മാത്രമല്ല ഞങ്ങളുടെ കോളേജിലെ പലരും അവനെ പോലെ ആകാൻ ആഗ്രഹിച്ചിരുന്നു. കാരണം പഠനത്തിന് മാത്രമല്ല എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയിലും അവൻ നമ്പർ വൺ ആയിരുന്നു. അവൻറെ ജീവിതത്തിൽ അതുവരെ എല്ലാം നല്ലതു മാത്രമായിരുന്നു സംഭവിച്ചിരുന്നത്. എന്നാൽ നിങ്ങൾ കേട്ടിട്ടില്ലേ സമയം മാറിമറിയാൻ അധികം നേരം ഒന്നും വേണ്ട എന്ന്. ആദ്യ വർഷത്തെ ക്ലാസ് കഴിഞ്ഞ് കോളേജ് അടച്ചപ്പോൾ ഞങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങി. പിന്നീട് കോളേജ് തുറന്ന് ഞങ്ങൾ കോളേജിൽ എത്തുമ്പോഴാണ് ഐ.എ.എസ് ഓഫീസർ ആകാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു എന്ന് അറിയുന്നത്. പിന്നെ നാലഞ്ച് മാസങ്ങൾ അവനെ ഞങ്ങൾ കണ്ടതേയില്ല. ക്രിക്കറ്റ് കളിക്കാനോ, ബോക്സിങ് റിങിലോ ഒന്നും ഞങ്ങൾ അനിലിനെ കണ്ടില്ല. അങ്ങനെയിരിക്കെ അനിലിന്റെ കുറച്ചു കൂട്ടുകാരെ കണ്ടു ചോദിച്ചപ്പോഴാണ് ആദ്യ ശ്രമം പരാജയപ്പെട്ടതിന്റെ പേരിൽ അവൻ സമ്മർദ്ദത്തിൽ ആണെന്ന് അറിയുന്നത്. അതിനാൽ തന്നെ പഠനത്തിൽ മാത്രം ശ്രദ്ധിക്കുകയാണെന്ന് അറിയുന്നത്. പക്ഷേ അപ്പോൾ എനിക്കും അത് നോർമൽ മാത്രമായാണ് തോന്നിയത്. പിന്നെയും ഒരു വർഷത്തോളം ഞങ്ങൾ ആ വ്യക്തിയെ എവിടെയും കണ്ടതേയില്ല. ഞങ്ങളും അവൻ പഠനത്തിൽ ആയിരിക്കും എന്നാണ് കരുതിയത്.പിന്നീട് ഞങ്ങളുടെ കൂട്ടുകാരിൽ നിന്നാണ് അറിയുന്നത് അനിലിന്റെ സെക്കൻഡ് ശ്രമവും പരാജയപ്പെട്ടു എന്ന്. അത് കേട്ട് എനിക്കും ഷോക്കായിരുന്നു. ഇത്രയും ടാലൻറ് ആയ വ്യക്തി എങ്ങനെയാണ് നിരന്തരം പരാജയപ്പെടുന്നത് എന്ന്. പിന്നെയും രണ്ടു മൂന്ന് മാസം കഴിഞ്ഞാണ് ഞങ്ങൾ ഞങ്ങളുടെ ബോക്സിംഗ് റിങിനടുത്ത് അനിലിനെ കാണുന്നത്. ഒരുപാട് കാലത്തിനു ശേഷം ഞങ്ങൾ അവനെ കണ്ടതിന്റെ സന്തോഷം ഞങ്ങൾക്കുണ്ടായിരുന്നു. എങ്കിലും അവൻറെ പെരുമാറ്റത്തിലും, സംസാരത്തിലും എന്തൊക്കെയോ കുഴപ്പങ്ങൾ ഞങ്ങൾക്ക് തോന്നിയിരുന്നു. പക്ഷേ ഞങ്ങൾ അന്ന് അത് അത്ര കാര്യമായി എടുത്തില്ല. അതിനുശേഷം മൂന്നുവർഷത്തോളം ഞങ്ങൾ അവനെ കണ്ടതേയില്ല.അങ്ങനെ പഠനമെല്ലാം കഴിഞ്ഞു എറണാകുളത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയം. ജോലിക്ക് പോകാനായി കടവന്ത്രയിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് അനിലിനെ പോലെ ഒരാളെ എതിർ വശത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുന്നത് കാണുന്നത്. ആദ്യം എനിക്ക് ഉറപ്പില്ലായിരുന്നു. അതിനാൽ തന്നെ അടുത്ത് പോയി നോക്കാം എന്ന് കരുതി. പക്ഷേ അടുത്തുപോയ നിമിഷം ഞാൻ ശരിക്കും സ്തഭിച്ചു പോയി. കാരണം അനിൽ പൂർണ്ണമായും മാറിയിരിക്കുന്നു. ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ മുഴുവൻ കീറിപ്പറഞ്ഞിരിക്കുന്നു. താടിയും മുടിയും എല്ലാം വളർന്ന് ഭയപ്പെടുത്തുന്ന രൂപത്തിൽ ആയിരിക്കുന്നു. ആ വ്യക്തിയെ അത്തരത്തിൽ കണ്ട് ശരിക്കും ഞാൻ ഞെട്ടി. കോളേജിൽ പഠിക്കുന്ന സമയം മുഴുവൻ പേരുടെയും റോൾ മോഡലായിരുന്ന വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ശരിക്കും പേടിച്ചുപോയി. എന്നിട്ടും ഞാൻ അവനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും അവൻ ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു. അതിനു ശേഷം പിന്നീട് ഒരിക്കലും ഞാൻ അവനെ കണ്ടിട്ടില്ല. ഇന്ന് എനിക്കറിയില്ല അവനെവിടെയാണ്, ഏത് അവസ്ഥയിലാണ് എന്നൊന്നും. അന്ന് എനിക്ക് സമ്മർദം, ടെൻഷൻ ഇതിനെക്കുറിച്ച് അധികം അറിവുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് എനിക്കറിയാം ആ വ്യക്തിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന്. അതിനാൽ തന്നെ നിങ്ങളോടും എനിക്ക് പറയാനുള്ളത് അമിത സമ്മർദ്ദം, ടെൻഷൻ ഇവയ്ക്ക് അടിപെടരുത് എന്ന് തന്നെയാണ്.
സമ്മർദ്ദത്തെ ഒരിക്കലും നമുക്ക് ഒഴിവാക്കാൻ കഴിയില്ല. പക്ഷേ നമുക്ക് അതിനെ കൈകാര്യം ചെയ്യാൻ കഴിയും. അതിന് ആദ്യം സമ്മർദ്ദം എന്താണെന്നും അത് എങ്ങനെ ഉണ്ടാകുന്നു എന്നും അറിഞ്ഞിരിക്കണം. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾ വീണ്ടും വീണ്ടും ആലോചിക്കുമ്പോൾ നിങ്ങളുടെ ബ്ലഡ് പ്രഷർ വർദ്ധിക്കുകയും തലച്ചോറിന്റെ ചിന്താശേഷി കൂടുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് സമ്മർദ്ദമായി കണക്കാക്കുന്നത്. അതിൻറെ പ്രധാന ലക്ഷണങ്ങൾ ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ക്ഷീണം, ഒന്നിനോടും താൽപര്യമില്ലാത്ത അവസ്ഥ, തലവേദന തുടങ്ങിയവയാണ്. സമ്മർദ്ദം എന്നത് ഒരു മാനസിക അവസ്ഥയാണ്. എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ച്, അതിൻറെ റിസൾട്ടിനെ കുറിച്ച് ചിന്തിച്ച്, അതിൻറെ പരിണിത ഫലങ്ങളെ വിവിധ തലങ്ങളിൽ ആലോചിച്ച് നമ്മൾ തന്നെ സൃഷ്ടിച്ച മായിക ലോകത്ത് നമ്മൾ പെട്ടുപോകുന്നു. ഇതിലൂടെ നമ്മുടെയുള്ളിൽ സമ്മർദ്ദം രൂപപ്പെടുന്നു. ഒരു ഉദാഹരണം പറഞ്ഞു തരാം. പരീക്ഷ എല്ലാം കഴിഞ്ഞ് റിസൾട്ട് വരാറാക്കുമ്പോൾ റിസൾട്ടിനെ കുറിച്ച് ആലോചിച്ച്, അതിൻറെ വിവിധ തലങ്ങളെ കുറിച്ച് ആലോചിച്ച് നിങ്ങൾ സമ്മർദ്ദത്തിലും, ടെൻഷനിലും അകപ്പെടുന്നു. തോറ്റാൽ എന്ത് ചെയ്യും? നല്ല മാർക്ക് ലഭിക്കുമോ? വീട്ടുകാർ എന്ത് പറയും? നല്ല മാർക്ക് ലഭിച്ചില്ലെങ്കിൽ നാട്ടുകാർ എന്ത് പറയും? തോറ്റാൽ മറ്റുള്ളവരുടെ മുഖത്ത് എങ്ങനെ നോക്കും? തുടങ്ങി അനവധി ചിന്തകൾ നിങ്ങളുടെ തലച്ചോറിൽ ആ സമയം വന്നെത്തിയിട്ടുണ്ടാകും. ഇത് നിങ്ങളിൽ സമ്മർദ്ദത്തെ സൃഷ്ടിക്കും. ഇവിടെ നിങ്ങളോട് ഒന്നേ എനിക്ക് പറയാനുള്ളൂ. നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യുക. നിങ്ങൾക്ക് ലഭിക്കാൻ ഉള്ളത് ലഭിക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. ഒരു മാസം മുമ്പ് നിങ്ങൾ എഴുതിയ പരീക്ഷയുടെ ഫലം എന്തായാലും നിങ്ങളെ തേടിയെത്തും. നിങ്ങൾ ടെൻഷൻ അടിച്ചത് കൊണ്ട് അതിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല. അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന് മാത്രം. ഈയൊരു കാര്യത്തെ ആദ്യം നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കൂ. സമ്മർദ്ദവും, ടെൻഷനും ഒഴിവാക്കി ഈ നിമിഷത്തെ ആസ്വദിക്കാൻ ശ്രമിക്കുക. അതിൽ ജീവിക്കാൻ ശ്രമിക്കൂ. അതല്ലെങ്കിൽ ജീവിതത്തിലെ സുന്ദര നിമിഷങ്ങളുടെ ഓർമ്മകൾ പോലും നിങ്ങൾക്ക് അന്യമാകും..
