ജീവിതത്തിന്റെ നിയമം കബടി കളി പോലെയാണ്. നിങ്ങൾ വിജയത്തിൻറെ വരയിൽ എത്തുമ്പോഴേക്കും മറ്റുള്ളവർ വലിച്ച് താഴെയിടാൻ നോക്കുന്നുണ്ടാകും. നിങ്ങൾ വലുതോ, ചെറുതോ ആയിക്കൊള്ളട്ടെ; പക്ഷേ നിങ്ങൾ എപ്പോഴും ചിന്തിക്കുന്നത് മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് പറയും എന്നാണ്. മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിച്ച് നിങ്ങൾ നിങ്ങളുടെ സ്വപ്നത്തെ തന്നെ നശിപ്പിച്ചു കളയുന്നു. എന്ത് ആരംഭിക്കുന്നതിനു മുമ്പും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നിങ്ങൾ അവിടെ തന്നെ നിന്നു പോകുന്നു. തോൽക്കാൻ നിങ്ങൾക്ക് ഭയമില്ല. മറ്റുള്ളവർ എന്തു പറയും എന്നാണ് നിങ്ങൾ ഭയക്കുന്നത്. ഞാൻ ഒന്ന് ചോദിക്കട്ടെ; എന്തിനാണ് നിങ്ങൾ മറ്റുള്ളവരെ ഭയക്കുന്നത്? ഈ ജീവിതം നിങ്ങളുടേതാണ്. അതിനെ മികച്ച രീതിയിൽ ജീവിച്ചു തീർക്കേണ്ടതും നിങ്ങളുടെ കടമയാണ്. മറ്റുള്ളവർ എന്തു പറയും എന്ന ചിന്തയിൽ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തെ മറന്നാൽ, നിങ്ങളുടെ മൂല്യത്തെ ഉപേക്ഷിച്ചാൽ ഈ ലോകത്ത് നിങ്ങൾ ജീവിച്ചിരുന്നു എന്നതിന് എന്ത് അർത്ഥം?.
നിങ്ങൾ ജീവിതത്തിൽ എന്താണ് ആഗ്രഹിക്കുന്നത് അത് ചെയ്യുക. നിങ്ങൾ ജീവിതത്തിൽ ഒന്നും ചെയ്യാതിരുന്നാലും മറ്റുള്ളവർ നിങ്ങളെക്കുറിച്ച് കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും. ആരോ പറഞ്ഞു കേട്ടിട്ടുണ്ട്; "മറ്റുള്ളവർ നിങ്ങളെക്കുറിച്ച് ഒരിക്കലും നല്ലത് പറയില്ല. മോശമായതു എന്തോ അത് കൊട്ടി പാടി നടക്കും എന്ന്".
നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോൽ നിങ്ങളുടെ കൈവശം തന്നെയായിരിക്കണം. അത് ഒരിക്കലും നിങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കരുത്. നിങ്ങളുടെ സന്തോഷത്തെ നശിപ്പിക്കാൻ മാത്രമുള്ള സ്വാതന്ത്ര്യം ഒരിക്കലും നിങ്ങൾ ഒരാൾക്കും നൽകരുത്. ജീവിതത്തിൽ നിങ്ങൾ പുറകോട്ടു നോക്കിയാൽ ഒരുപാട് അനുഭവങ്ങൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. മുന്നോട്ടു നോക്കിയാൽ ഒരുപാട് പ്രതീക്ഷകളും നിങ്ങൾക്ക് കാണാനാകും.
ജീവിതത്തിൽ എപ്പോഴെങ്കിലും മടുപ്പ് തോന്നുകയാണെങ്കിൽ ഒന്നോർമ്മിക്കുക. പ്രായം കടന്നു പോകുന്നുണ്ടാകാം. പക്ഷേ ജീവിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ആരൊക്കെ നിങ്ങളെ ജീവിതത്തിൽ തോൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ അവരോടൊക്കെ വിജയത്തിലൂടെ മറുപടി നൽകാൻ നിങ്ങൾ ജീവിച്ചിരുന്നേ മതിയാകൂ. നിങ്ങളുടെ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ നിങ്ങൾ ജീവിച്ചിരുന്നേ മതിയാകൂ. നിങ്ങളുടെ തോൽവിയെക്കുറിച്ച് മറ്റുള്ളവർ സംസാരിച്ചുകൊണ്ടിരിക്കട്ടെ; അവരുടെ വായടപ്പിക്കുന്ന വിജയം നേടി അവർക്ക് മറുപടി നൽകാൻ നിങ്ങൾ ജീവിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളെ ചോദ്യം ചെയ്യുന്നവർക്കെല്ലാം നിങ്ങളുടെ വിജയത്തിൻറെ തിലകകുറി ചാർത്തി മറുപടി നൽകാൻ നിങ്ങൾ ജീവിച്ചിരുന്നേ മതിയാകൂ. നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ നിങ്ങൾക്ക് ഒരുപാട് നേടിയെടുക്കാൻ ഉണ്ട് ഈ ലോകത്ത്. അത് എപ്പോഴും ഓർമ്മ വയ്ക്കുക...
