ഇംഗ്ലീഷിൽ ഒരു വാചകമുണ്ട്." WHEN YOU BELIEVE IN YOU;YOU NEED NO OTHER TO BELIEVE IN YOU".നിങ്ങൾക്ക് നിങ്ങളിൽ പൂർണ്ണ വിശ്വാസം ഉണ്ടെങ്കിൽ പിന്നെ മറ്റൊരാളുടെ ആവശ്യമില്ല. മറ്റുള്ളവർ നിങ്ങളെ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ എന്നത് ഒരിക്കലും നിങ്ങളെ ബാധിക്കുന്ന വിഷയമേയായിരിക്കരുത്. ഏതോ ഒരു പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ട്; നിങ്ങളുടെ ശത്രു നിങ്ങളുടെ ഉള്ളിൽ തന്നെ ആണെങ്കിൽ പുറമേയുള്ള ശത്രുക്കൾ നിങ്ങളെ ഒന്നും ചെയ്യില്ല എന്ന്. കാരണം നിങ്ങൾ സ്വയം നാശത്തിലേക്ക് വീണു കൊള്ളും എന്ന് നിങ്ങളുടെ ശത്രുക്കൾക്ക് നന്നായി അറിയാം.
നിങ്ങൾ എടുത്ത ഒരു തീരുമാനം 100% നിങ്ങൾക്ക് ശരിയാണെന്ന് തോന്നുന്നുവെങ്കിൽ മറ്റുള്ളവർ അതിനെക്കുറിച്ച് എന്ത് പറഞ്ഞാലും അത് നിങ്ങളെ ബാധിക്കില്ല. എന്നാൽ നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമില്ല എങ്കിൽ, നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യത്തിൽ നിങ്ങൾക്ക് വിശ്വാസമില്ല എങ്കിൽ ഏതൊരാൾക്കും നിങ്ങളെ ആ വഴിയിൽ നിന്ന് പിന്തിരിപ്പിക്കാനാവും. നിങ്ങളെ വിജയത്തിൽ നിന്ന് തടയാനുമാകും. നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ മറ്റുള്ളവർ എന്തു പറഞ്ഞാലും അത് നിങ്ങളെ ബാധിക്കില്ല. അങ്ങനെയാണെങ്കിൽ മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് നിങ്ങൾ ആലോചിക്കുക പോലും ഇല്ല. മറ്റുള്ളവർ പറയുന്നത് കേട്ടാണ് നിങ്ങൾ മുന്നോട്ടു പോകാൻ ശ്രമിക്കുന്നതെങ്കിൽ നിങ്ങൾ എവിടെയും എത്താൻ പോകുന്നില്ല. കാരണം മറ്റുള്ളവർ ഒരിക്കലും നിങ്ങളെ ശരിയായ വഴിയിലേക്ക് നയിച്ചു കൊള്ളണമെന്നില്ല. മറ്റുള്ളവർ നിങ്ങളുടെ മുഖത്തു നോക്കി നല്ലതുമാത്രം പറയും. എന്നിട്ട് നിങ്ങൾക്ക് പിറകിൽ നിന്ന് പറയാവുന്നതിൽ അധികം അപവാദങ്ങൾ പറയുകയും ചെയ്യും. നിങ്ങളെ കുറിച്ച്, നിങ്ങളുടെ ഭാവിയെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് നിങ്ങൾ ഒരിക്കലും ആലോചിക്കരുത്. അത് ഒരിക്കലും നിങ്ങളെ ബാധിക്കുന്ന കാര്യമേ അല്ല. നിങ്ങൾക്ക് നിങ്ങളുടെ കഴിവുകളിൽ വിശ്വാസമുണ്ടെങ്കിൽ മറ്റുള്ളവർക്ക് നിങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല. അവർക്ക് ആകെ കഴിയുക നിങ്ങളെക്കുറിച്ച് അപവാദം പറയാനും, ഗോസിപ്പുകൾ ഇറക്കാനും മാത്രമാണ്. അത് അവർ ചെയ്തോട്ടെ. നിങ്ങൾ അവിടേക്ക് ശ്രദ്ധിക്കുകയേ വേണ്ട.
എന്നാൽ നിങ്ങളുടെ ശത്രു നിങ്ങളുടെ ഉള്ളിൽ തന്നെയാണ് എങ്കിൽ അത് നിങ്ങളെ നശിപ്പിച്ചു കളയും. നിങ്ങളുടെ ഉള്ളിലെ ഏറ്റവും വലിയ ശത്രു എന്നത് നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമില്ലാതെ ഇരിക്കുന്ന അവസ്ഥയാണ്. നിങ്ങൾ ചിന്തിക്കുകയാണ് ഇത് എന്നെക്കൊണ്ട് കഴിയില്ല എന്നാണെങ്കിൽ പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് അത് ചെയ്യാനാവുക. മറ്റുള്ളവർ ആഗ്രഹിക്കുന്നതും അതാണ്. നിങ്ങളാണ് നിങ്ങളുടെ ഉള്ളിലേക്ക് വിശ്വാസം നൽകേണ്ടത്.ആ വിശ്വാസം നൽകാൻ സ്വയം നിങ്ങൾ തയ്യാറല്ലെങ്കിൽ പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് മുന്നോട്ട് പോകാനാവുക. നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ വലിയ യുദ്ധങ്ങൾ ജയിക്കേണ്ടി വരും. അതിന് ആദ്യം നിങ്ങൾ നിങ്ങളെ ജയിക്കണം. നിങ്ങൾക്ക് സ്വയം വിശ്വാസം നൽകേണ്ടതുണ്ട്; നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാൻ കഴിയും എന്ന്, ചെയ്യാൻ കഴിയുമെന്ന്. ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുഴിയാണ്, ഏറ്റവും പ്രധാനപ്പെട്ട യുദ്ധമാണ്. ഇവിടെ നിങ്ങൾ വിജയിച്ചാൽ പിന്നെ നിങ്ങളെ ഒരാൾക്കും തോൽപ്പിക്കാനാവില്ല. പിന്നെ ഒരാളും നിങ്ങളുടെ വഴിയിൽ തടസ്സമായി നിൽക്കാൻ ഉണ്ടാകില്ല. കാരണം നിങ്ങൾക്ക് നിങ്ങളുടെ കഴിവുകളിൽ വിശ്വാസം ഉണ്ടെന്ന് മറ്റൊരാൾക്ക് ബോധ്യപ്പെട്ടാൽ പിന്നീട് ഒരിക്കലും അയാൾ നിങ്ങളുടെ വഴിയിലെ തടസ്സമായി നിൽക്കില്ല. അതല്ലെങ്കിൽ മറ്റുള്ളവർ അവരുടെ വാക്കുകളാൽ നിങ്ങളെ മയക്കും. നിങ്ങൾ പോലും അറിയാതെ നിങ്ങൾ നാശത്തിലേക്ക് വഴുതി വീഴുകയും ചെയ്യും. ഇത് ഞാൻ എന്റെ ചുറ്റുമുള്ളവരിൽ കണ്ടിട്ടുള്ളതാണ്. മറ്റുള്ളവരുടെ തകർച്ച ഞാൻ നേരിൽ കണ്ടിട്ടുണ്ട്. കുറച്ചുപേർ മറ്റുള്ളവരുടെ ജീവിതം തകർക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ നിങ്ങളോട് പറയുന്നത്.ഞാൻ നിങ്ങളുടെ ശത്രു അല്ല, മിത്രവുമല്ല. നിങ്ങളുടെ ഏറ്റവും വലിയ ശത്രു നിങ്ങൾ തന്നെയാണ്. നിങ്ങളുടെ ഏറ്റവും അടുത്ത മിത്രവും നിങ്ങൾ തന്നെയാണ്.
നിങ്ങൾ നിങ്ങളുമായുള്ള കൂട്ടുകെട്ട് എപ്പോൾ അവസാനിപ്പിക്കുന്നുവോ അപ്പോൾ മറ്റുള്ളവർ നിങ്ങളെ നശിപ്പിക്കാനും തുടങ്ങും. അവർ നിങ്ങളെ അവരുടെ കയ്യിലെ വെറുമൊരു കളിപാവയാക്കി മാറ്റും. നിങ്ങളുടെ മുഖത്ത് നോക്കി മറ്റുള്ളവർ എന്ത് പറഞ്ഞാലും അത് നിങ്ങളെ ബാധിക്കരുത്. ഒരിക്കലും അവരുടെ വാക്കുകൾ ശ്രദ്ധിക്കുകയോ, അതിനു മറുപടി കൊടുക്കാൻ നിൽക്കുകയോ ചെയ്യരുത്.നായ കുരച്ചുകൊണ്ട് കടന്നുപോയിക്കോളും. കുറെ പേർ എന്നെക്കുറിച്ചും അങ്ങനെ ചിന്തിക്കുന്നുണ്ടാകും. നായയാണ് കുരച്ചുകൊണ്ട് പോയിക്കൊള്ളുമെന്ന്. ഞങ്ങൾ ഇങ്ങനെ തന്നെ ഇരിക്കുമെന്ന്. എന്നാൽ ഞാൻ ഒന്ന് പറഞ്ഞോട്ടെ; എന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് പറയുന്നു? എന്ത് വിചാരിക്കുന്നു? എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. ഞാൻ എനിക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നു. അത്രമാത്രം. ജീവിതം നിങ്ങളുടേതാണ്. ആ ജീവിതത്തിൽ മാറ്റം വരുത്തേണ്ടതും നിങ്ങളുടെ കടമയാണ്. നിങ്ങളുടെ ജീവിതം മാറിയാലും, ഇല്ലെങ്കിലും അത് മറ്റൊരാളെയും ബാധിക്കില്ല എന്ന കാര്യം ഓർക്കുക. അതിനാൽ തന്നെ നിങ്ങൾ മറ്റുള്ളവരെ കുറ്റം പറയുന്നത് നിർത്തി വിജയത്തിലേക്ക് നടക്കാൻ ശ്രമിക്കുക. അല്ലായെങ്കിൽ നിങ്ങൾ കുറ്റം പറഞ്ഞവരൊക്കെയും നിങ്ങൾക്ക് എത്രയോ മുകളിൽ എത്തിയിട്ടുണ്ടാകും. അപ്പോഴും നിങ്ങൾ അവിടെ തന്നെ ഇരിക്കുകയായിരിക്കും.
