Ticker

7/recent/ticker-posts

Believe in Yourself

 മറ്റുള്ളവർ നിങ്ങളെക്കുറിച്ച് മോശം പറയുമ്പോൾ നിങ്ങൾ ദുഃഖിച്ചിരിക്കുകയാണോ?മറ്റുള്ളവർ നിങ്ങളെ കുറിച്ച്  നല്ലത് പറയുമ്പോൾ നിങ്ങൾ സന്തോഷിക്കുന്നുണ്ടോ? അങ്ങനെയാണ് എങ്കിൽ ഒന്ന് ഓർമ്മിച്ചു കൊള്ളുക.നിങ്ങൾ മറ്റുള്ളവരുടെ കൈയിലെ വെറും കളിപാട്ടം മാത്രമാണ്. നിങ്ങളുടെ സുഖ ദുഃഖങ്ങളുടെ താക്കോൽ നിങ്ങൾ മറ്റുള്ളവരുടെ കയ്യിലാണ് ഏൽപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഒരിക്കലും മറ്റുള്ളവർ പറയുന്ന വാക്കുകളെ മനസ്സിൽ കയറ്റി വയ്ക്കരുത്. മറ്റുള്ളവർ നിങ്ങളോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും നിങ്ങൾ വിജയിക്കുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്ന്. പക്ഷേ അത് വെറും വാക്ക് മാത്രമാണെന്ന് ഓർക്കുക. അവർ ഉള്ളിന്റെയുള്ളിൽ ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല നിങ്ങളുടെ വിജയം.


ഒരിക്കലും മറ്റുള്ളവർക്ക് മുന്നിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ വിശദീകരിച്ച്, ന്യായീകരിച്ച്  സമയം പാഴാക്കരുത്.  കാരണം നിങ്ങളെക്കുറിച്ച് അവർ വിചാരിക്കുന്നത് ശരിയാണെന്ന് കരുതാനാണ് അവർക്ക് കൂടുതൽ താല്പര്യം. മനസ്സിൽ കടുത്ത വിദ്വേഷവും, വെറുപ്പും വെച്ച് നാക്ക് കൊണ്ട് മധുരം മൊഴിയുന്നവരാണ് നിങ്ങൾക്കു ചുറ്റിലും. അതിനാൽ തന്നെ മറ്റുള്ളവർ എന്തോ പറഞ്ഞു കൊള്ളട്ടെ; നിങ്ങൾ അതിനെയെല്ലാം ചിരിച്ചുകൊണ്ട് മാത്രം നേരിടുക.

ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങൾ ജീവിതത്തിൽ വിജയിക്കുക തന്നെ വേണം. നിങ്ങൾക്ക് വേണ്ടി അല്ല; നിങ്ങൾ ജീവിതത്തിൽ ഒന്നും നേടില്ല എന്ന് കരുതുന്നവർക്ക് വേണ്ടിയെങ്കിലും, നിങ്ങളെ തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് വേണ്ടിയെങ്കിലും നിങ്ങൾ ജയിച്ചു കാണിക്കണം. ആദ്യം നിങ്ങൾ നിങ്ങളുടെ ഉള്ളിലെ കഴിവുകൾ കണ്ടെത്താൻ ശ്രമിക്കൂ. നിങ്ങളുടെ ഉള്ളിലെ കഴിവുകേടുകളെ കണ്ടെത്തുന്ന കാര്യം മറ്റുള്ളവർ ചെയ്തുകൊള്ളും. നിങ്ങൾ നിങ്ങളെ ഒരിക്കലും മറ്റൊരാളുമായി താരതമ്യം ചെയ്യാൻ ശ്രമിക്കരുത്. കാരണം സൂര്യനും ചന്ദ്രനും ഒരുപോലെ നമുക്ക് പ്രകാശം നൽകുന്നുണ്ട്. എന്നാൽ ഒന്നോർക്കുക രണ്ടും വെളിച്ചം പകരുന്നത് അവരവരുടെ സമയത്ത് മാത്രമാണ്. നിങ്ങൾ പുതിയതായി എന്തെങ്കിലും ചെയ്യുമ്പോൾ ഒരിക്കലും നിങ്ങളുടെ ആദ്യ ശ്രമം തന്നെ വിജയിക്കില്ല. എന്നുവച്ച് നിങ്ങൾ പരിശ്രമം നിർത്തി മടങ്ങരുത്. നിങ്ങൾ നിങ്ങളുടെ പരിശ്രമം തുടർന്നുകൊണ്ടിരിക്കുക. അങ്ങനെ ചെയ്താൽ തീർച്ചയായും നിങ്ങൾ വിജയിക്കും. ഇന്നത്തെ ലോകം എന്നത് വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഒന്നാണ്. നിങ്ങൾക്ക് അതിന്റെ ഒപ്പം ഓടിയെത്താൻ കഴിഞ്ഞില്ലെങ്കിൽ ഉറപ്പായും നിങ്ങൾ പരാജയപ്പെടും. വിജയം എന്നത് ഒരിക്കലും നിങ്ങളുടെ കയ്യിലെ ഭാഗ്യരേഖകൾ അല്ല നിർണ്ണയിക്കുന്നത്. മറിച്ച് നിങ്ങളുടെ തലയിലെ വിയർപ്പ് തുള്ളികളാണ്. നിങ്ങൾ ഒരിക്കലും ചിന്തിക്കരുത് നിങ്ങളാണ് എല്ലാം എന്ന്. നിങ്ങൾ ഒരിക്കലും ചിന്തിക്കരുത് നിങ്ങൾ ഒന്നുമല്ല എന്ന്. പകരം നിങ്ങൾക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുക.

എപ്പോഴും ഓർക്കുക നിങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്. ഇനി എപ്പോഴെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കാൻ കഴിയില്ലെന്ന് തോന്നുകയാണെങ്കിൽ ലക്ഷ്യത്തെയല്ല അതിനായി നിങ്ങൾ തെരഞ്ഞെടുത്ത മാർഗ്ഗത്തെയാണ് മാറ്റേണ്ടത്. എന്തിനാണ് നിങ്ങൾ താഴെ ഇരുന്ന് സ്വപ്നം കാണുന്നത്. നിങ്ങളുടെ ചിറകുകൾ വിടർത്തി പറക്കാൻ ശ്രമിക്കുക. കാരണം ഈ ലോകം എപ്പോഴും മുകളിലുള്ളത് മാത്രമേ കാണാറുള്ളൂ.

Belive in your dreams