Ticker

7/recent/ticker-posts

About Love

 പ്രണയം അത് പലപ്പോഴും ഒരു ഓർമ്മ പുസ്തകമാണ്. നിങ്ങൾ നടന്നു മറഞ്ഞ വഴികളിൽ നിങ്ങളുടെ ഓർമ്മകൾ കൊണ്ട് അക്ഷര പൂട്ടുകൾ തുന്നി ചേർത്ത ഒരു പുസ്തകം. ആ പുസ്തകത്തിലെ ഓരോ വരിയും നിങ്ങളുടെ ഓർമ്മകളാൽ സമ്പന്നമായിരിക്കും. നിങ്ങൾക്ക് ഓർമ്മയുണ്ടോ നിങ്ങളുടെ ഓർമ്മകൾ കൊണ്ട് ഇത്തരം ഒരു പുസ്തകം നെയ്തെടുക്കുന്നവരെ കുറിച്ച്? നിങ്ങൾ പോലും മറന്നുപോയ ആ സുവർണ്ണ കാലത്തെക്കുറിച്ച്.


പ്രണയം അത് എപ്പോഴും നനവാർന്ന, മനോഹരമായ ഓർമ്മകൾ നമുക്ക് സമ്മാനിച്ചു കൊണ്ടേയിരിക്കും. ആ നാടക ശാലയിലെ മികച്ച അഭിനേതാക്കൾ ആണ് നമ്മളിൽ പലരും. പ്രണയ മഴയിൽ കുളിച്ച് കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് ആ നിലാ വെളിച്ചത്തിലൂടെ നമ്മൾ എവിടേക്കെന്നില്ലാതെ യാത്ര പോയിരിക്കുന്നു. പ്രണയത്തിൻറെ ശിലയിൽ കൊത്തിയിട്ട ശില്പങ്ങൾക്ക് എപ്പോഴും മനോഹാരിത കൂടുതലായിരിക്കും. ഒരിക്കലെങ്കിലും പ്രണയത്തിൻറെ മഴയിൽ കുളിക്കാൻ ആഗ്രഹിക്കാത്ത ആരുണ്ട് നമുക്ക് ചുറ്റും? എത്രയോ തവണ പ്രണയത്തിൻറെ സുഗന്ധം പരത്തി അവൾ അല്ലെങ്കിൽ അവൻ നടന്നകലുന്നത് നിങ്ങൾ നോക്കി നിന്നിട്ടുണ്ടാകും.

പ്രണയം അത് ഋതുക്കളെ പോലെയാണ്. എല്ലാകാലവും അത് ഒരു മഴയായി നിങ്ങളിൽ പെയ്തിറങ്ങില്ല. എല്ലാ സമയവും അത് ഒരു വസന്തകാലമായി പൂത്തുലയില്ല. എല്ലാകാലവും അത് നിങ്ങൾക്ക് ശൈത്യത്തിൽ ചൂട് പകരില്ല. ഈ യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് പ്രണയത്തിന്റെ ഓർമ്മ പുസ്തകത്തെ പലർക്കും തുന്നിച്ചേർക്കേണ്ടി വരുന്നത്. പ്രണയം അതൊരു വികാരമല്ല. മറിച്ച് അതൊരു വിചാരമാണ്. അങ്ങനെയല്ല എങ്കിൽ അധികം വൈകാതെ നിങ്ങൾക്കും പ്രണയത്തിൻറെ ഓർമ്മ പുസ്തകത്തെ തുന്നിച്ചേർക്കേണ്ടി വരും. പ്രണയം അത് നിങ്ങൾക്ക് എപ്പോഴും സുന്ദരമായ സ്വപ്നങ്ങൾ സമ്മാനിച്ചു കൊണ്ടേയിരിക്കും. ആ സ്വപ്നങ്ങൾക്ക് എപ്പോഴും മനോഹരമായ മഴവിലഴകും കാണും. നിങ്ങൾ എപ്പോഴും ആ മനോഹാരിതയിൽ കുളിച്ച് നിൽക്കുകയായിരിക്കും. ഈ ലോകം മുഴുവൻ കീഴടക്കിയ അനുഭൂതിയിൽ ലയിച്ചു നിൽക്കുകയായിരിക്കും നിങ്ങൾ അപ്പോൾ.ഹോ എന്തൊരു അനുഭൂതിയാണല്ലേ അത്. പ്രണയ മഴയിൽ നനഞ്ഞ് ഉറങ്ങിയ രാവുകൾ. അതിൽ ഒന്നായി തീർന്ന നിമിഷങ്ങൾ. പ്രണയമേ നീയൊരു സുന്ദര സ്വപ്നം തന്നെയായിരുന്നു. ഇതുവരെയും ആരാലും നിർവചിക്കാനാകാത്ത ഒരു സുന്ദര സ്വപ്നം. പ്രണയമേ നീയൊരു ഓർമ്മ പുസ്തകം തന്നെയാണ്. വായിച്ചാലും, വായിച്ചാലും തീരാത്ത എണ്ണിയാലൊടുങ്ങാത്ത താളുകളാൽ സമ്പന്നമായ ഒരു ഓർമ്മ പുസ്തകം...❤❤

തയ്യാറാക്കിയത്:രൂപേഷ് 

Psychology of lovers