നിങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം എന്നത് ജീവിതത്തെ മികച്ചതാക്കി മാറ്റുക എന്നതല്ല. മറിച്ച് നിങ്ങളുടെ മുന്നിലുള്ള ഓരോ ദിവസത്തെയും മികച്ചതാക്കി മാറ്റുക എന്നുള്ളതാണ്. ഓരോ ദിവസത്തിലും നിങ്ങൾ വിജയിക്കുക തന്നെ വേണം. ഞാനിവിടെ നിങ്ങളോട് വർഷത്തിലെ ഒരു ദിവസം, മാസത്തിലെ ഒരു ദിവസത്തെ കുറിച്ചൊന്നുമല്ല പറയുന്നത്. ഞാനിവിടെ പറയുന്നത് നിങ്ങൾക്കു മുന്നിലുള്ള ഓരോ ദിവസത്തെയും കുറിച്ചാണ്. കാരണം നിങ്ങൾക്ക് മുന്നിൽ ഉള്ള ഓരോ ദിവസത്തെയും നഷ്ടപ്പെടുത്തിയാണ് നിങ്ങൾ നിങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തി കളയുന്നത്. നിങ്ങൾ നിങ്ങൾക്ക് മുന്നിൽ ഉള്ള ഓരോ ദിവസത്തിലും കഠിനാധ്വാനം ചെയ്യാൻ തയ്യാറായാൽ നിങ്ങളുടെ ജീവിതവും മികച്ചതാക്കി മാറ്റുവാൻ കഴിയും. എപ്പോഴെങ്കിലും നിങ്ങൾക്ക് സമയം നോക്കാൻ തോന്നുമ്പോൾ സമയം നോക്കുന്നതിനേക്കാൾ മുമ്പ് നിങ്ങൾ ചിന്തിക്കുക ഇതാണ് ശരിയായ സമയം. വിജയത്തിലേക്ക് ചുവട് വെയ്ക്കാനുള്ള ശരിയായ സമയം. എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിൽ ഇന്ന് ഏതാണ് ദിവസം എന്ന് തോന്നുകയാണെങ്കിൽ ഒന്ന് ചിന്തിക്കുക. ഇന്ന് നിങ്ങൾക്ക് വിജയിക്കാനുള്ള ദിവസമാണ്. ഇന്ന് നിങ്ങൾക്ക് പോരാടാൻ ഉള്ള ദിവസമാണ്. ഇത് നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യാനുള്ള സമയമാണ്.
ജീവിതത്തിൽ രണ്ടുതരത്തിലുള്ള വ്യക്തികളാണ് എപ്പോഴും പരാജയപ്പെടുന്നത്.
1) ഒന്നും ചെയ്യാതെ ആലോചിച്ചു മാത്രം ഇരിക്കുന്നവർ.
2) ഒന്നും ആലോചിക്കാതെ കഠിനാധ്വാനം ചെയ്യുന്നവർ.
വിജയം നിങ്ങൾക്കരികിൽ എത്തണമെങ്കിൽ നിങ്ങൾ ശ്വസിക്കുന്ന ശ്വാസം പോലെ അത് അത്രയും അത്യാവശ്യമായി നിങ്ങൾക്ക് അനുഭവപ്പെടണം. എപ്പോഴും വിജയിക്കുന്നവരുടെ മനോഭാവം അങ്ങനെ ആയതു കൊണ്ടാണ് അവരെ വിജയം തേടിയെത്തുന്നത്. നിങ്ങൾ വിജയിച്ചവരെ അനുകരിക്കാൻ നോക്കുമ്പോൾ അവർ എപ്പോഴും അവരെ മികച്ചതാക്കുന്നതിലാണ് ഫോക്കസ് ചെയ്യുന്നത്. അവർ എപ്പോഴും അവരുടെ വിജയത്തിന് വേണ്ടിയാണ് ദാഹിക്കുന്നത്. അതിനാൽ തന്നെ അവർക്ക് ഏതൊരു സമയവും തുടക്കമിടാനുള്ള സമയം കൂടിയാണ്. അവർ ഒരാൾക്ക് വേണ്ടിയും കാത്തുനിൽക്കില്ല. അവർ രാത്രിയും പകലും തന്റെ വിജയത്തിന് വേണ്ടി, തന്റെ നേട്ടങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും. ഒരു വിജയി രാവിലെ എണീക്കുമ്പോൾ ആദ്യം ചിന്തിക്കുക ഇന്ന് എന്തൊക്കെ ചെയ്തു തീർക്കണം എന്നതിനെക്കുറിച്ച് ആയിരിക്കും. അതല്ലാതെ തന്റെ കൈവശം എന്തൊക്കെയുണ്ടെന്നോ,താൻ എന്തൊക്കെ നേടിയെടുത്തിട്ടുണ്ടെന്നോ,താൻ എത്ര മഹാനാണെന്നോ,താൻ എത്ര ധനവാൻ ആണെന്നോ ഒന്നുമല്ല. അവർ എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യാനും, പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള തയ്യാറെടുപ്പിൽ ആയിരിക്കും. വിജയികളുടെ ഈ മനോഭാവമാണ് അവരെ എന്നും ഉയരത്തിൽ എത്തിക്കുന്നത്. ഈ മനോഭാവമാണ് അവരെ എന്നും പുതിയ കാര്യങ്ങൾ ചെയ്യാനും, പരീക്ഷിക്കാനും പ്രേരിപ്പിക്കുന്നത്.
ഒരാളും നിങ്ങളുടെ വിജയത്തിന് തടസ്സമാകില്ല. മറിച്ച് നിങ്ങൾ തന്നെയാണ് നിങ്ങളുടെ വിജയത്തിന് തടസ്സമാകുന്നത്. നിങ്ങളുടെ മനോഭാവം എങ്ങനെയാണ് എന്ന് ചിന്തിച്ചു നോക്കൂ? നിങ്ങളുടെ ഉള്ളിലും എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ ഓരോ ദിവസത്തെയും മികച്ചതാക്കി മാറ്റാൻ ശ്രമിക്കൂ. നദികളും അരുവികളും എല്ലാം ചേർന്നാണ് സമുദ്രം ഉണ്ടാകുന്നത്. നിങ്ങൾ ഒരു പരാജിതന്റെ, ഒരു വിഡ്ഢിയുടെ മനോഭാവത്തോടെ ജീവിതത്തെ നോക്കി കാണാൻ ശ്രമിച്ചാൽ നിങ്ങൾക്കും അതേ ജീവിതമാണ് ലഭിക്കുക. അതേ സമയം നിങ്ങൾ ഒരു വിജയിയുടെ മനോഭാവത്തോടെ ജീവിതത്തെ നോക്കിക്കാണാൻ ശ്രമിച്ചാൽ നിങ്ങൾക്കും വിജയിക്കാൻ ആവും. നിങ്ങൾക്ക് മുന്നിലുള്ള രാത്രിയും പകലും മികച്ചതാവുക തന്നെ ചെയ്യും. മുന്നോട്ടു പോകുവാനുള്ള ധൈര്യവും, വിശ്വാസവും നിങ്ങൾക്ക് ഉണ്ടെങ്കിൽ എല്ലാം ശരിയാകും. ഏത് ജോലി ചെയ്യുന്നതിലാണോ നിങ്ങൾക്ക് വിജയിക്കാനുള്ള സാധ്യത കൂടുതൽ കാണുന്നത് അതിൽ നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും. ഇനി നിങ്ങൾക്ക് ഏത് ജോലിയിലാണോ വിജയ സാധ്യത കുറവായി തോന്നുന്നത് ആ ജോലി ചെയ്ത് നിങ്ങൾ വിജയിച്ചാൽ അവിടെ നിങ്ങൾ മഹാനാകും.
ഓർമ്മവയ്ക്കുക; എല്ലാവരുടെയും ജീവിതത്തിൽ മോശം സമയം ഉണ്ടാവുക തന്നെ ചെയ്യും. എന്നാൽ ആ മോശം സമയത്തും തന്റെ ജോലി പൂർണ്ണ ഫോക്കസ്സോടെ ചെയ്യുന്ന വ്യക്തി ഒരു ദിവസം വിജയിക്കും. അയാൾ ഒരുനാൾ മഹാനായി തീരുകയും ചെയ്യും. ഒരിക്കലും ഒരു സെക്കൻഡ് സമയത്തേക്ക് പോലും ചിന്തിക്കരുത്; നിങ്ങൾ ഈ ലോകത്ത് തോൽക്കാനായി ജനിച്ചവനാണെന്ന്. നിങ്ങൾ വിജയിക്കാനായി പിറന്നവൻ തന്നെയാണ്. വിജയി ഒരിക്കലും പരാജയം അറിയാത്തവൻ അല്ല. മറിച്ച് പരാജയത്തെ ഭയക്കാതെ മുന്നോട്ട് പോകുന്നവരാണ്. അയാൾ പരാജയങ്ങളിൽ നിന്നും പഠിച്ച് മുന്നേറുന്നവനാണ്. ഞാനിവിടെ ജയിക്കാനായി വന്നവനാണ്. ജയിച്ചു മാത്രമേ ഞാൻ മടങ്ങൂ എന്നതായിരിക്കും ഒരു വിജയിയുടെ മനോഭാവം. എപ്പോഴെങ്കിലും നിങ്ങൾക്ക് നിരാശ തോന്നുകയാണെങ്കിൽ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് പറയുക; ഞാനിവിടെ വിജയിക്കാനായി പിറന്നവനാണ്. എൻറെ മുന്നിൽ വരുന്ന ഓരോ പ്രശ്നത്തെയും പരിഹരിച്ച്, പരാജയത്തിൽ നിന്ന് പഠിച്ച് മുന്നോട്ടു പോവുക തന്നെ ചെയ്യും. ഒരു പ്രതിസന്ധിയിലും കീഴടങ്ങാതെ പോരാടുക തന്നെ ചെയ്യും. ഞാൻ ഈ ലോകത്തിന് കാണിച്ചു കൊടുക്കും; ഞാൻ ആരാണെന്ന്. എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന്. കരുതിയിരുന്നു കൊള്ളൂ. നിങ്ങളുടെ ശത്രുക്കളോട്, നിങ്ങളെ കളിയാക്കുന്നവരോട്, നിങ്ങളെക്കുറിച്ച് അപവാദം പറയുന്നവരോടൊക്കെ നിങ്ങൾക്ക് മനസ്സിൽ പറയാൻ ഉണ്ടാവേണ്ടത് ഒന്നുമാത്രം. നിങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എനിക്കെതിരെ പ്രയോഗിക്കാൻ നിങ്ങൾ തയ്യാറെടുത്തു കൊള്ളൂ. തോൽക്കാൻ കൂടി പരിശീലിച്ചുകൊള്ളൂ. കാരണം ഈ യുദ്ധം ഞാൻ ജയിക്കാനായി ഇറങ്ങുന്നതാണ്. ജയിച്ചു മാത്രമേ തിരിച്ചു കയറുകയും ഉള്ളൂ...
