നിങ്ങൾ ജീവിതത്തിൽ പരാജയപ്പെട്ടു പോകാനുള്ള പ്രധാന കാരണം എന്താണെന്ന് അറിയുമോ? നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പേടി തന്നെയാണ് നിങ്ങളെ ഓരോ നിമിഷവും പരാജയപ്പെടുത്തുന്നത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പേടിയെ നേരിടാൻ തയ്യാറായില്ല എങ്കിൽ ജീവിതകാലം മുഴുവൻ അത് നിങ്ങളെ വേട്ടയാടി കൊണ്ടിരിക്കും. അതിനാൽ തന്നെ ധൈര്യപൂർവ്വം നിങ്ങളുടെ ഉള്ളിലെ ഭയത്തെ തോൽപ്പിക്കാൻ നിങ്ങൾ മുന്നിട്ടിറങ്ങുക തന്നെ ചെയ്യുക. ഭയമെന്നത് നിങ്ങളുടെ മനസ്സ് നിങ്ങൾക്ക് ചുറ്റിലും രൂപപ്പെടുത്തിയെടുത്ത ഒരു വലയമാണ്.ആ വലയം ഭേദിച്ച് പുറത്തു കടന്നാൽ മാത്രമേ നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാനും കഴിയൂ.
നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കിക്കേ. നിങ്ങൾ ഒരു പ്രേതത്തിന്റെ സിനിമ കണ്ടു എന്നിരിക്കട്ടെ. അന്ന് രാത്രി നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ പേടിയായിരിക്കും അല്ലേ? എത്രയോ തവണ നിങ്ങൾ ഒറ്റയ്ക്ക് ഇരുന്നിട്ടുണ്ടെങ്കിലും അന്ന് നിങ്ങൾക്ക് ഒരു പേടി തോന്നും. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? ആ സിനിമ നിങ്ങളുടെ മനസ്സിൽ രൂപപ്പെടുത്തിയെടുത്ത ചില ചിത്രങ്ങൾ കൊണ്ടാണിത്.ആ ചിത്രങ്ങളാണ് നിങ്ങളുടെ മനസ്സിൽ ഒറ്റയ്ക്കിരിക്കുമ്പോൾ പേടി ഉണ്ടാക്കുന്നത്. ഇനി ഈ പേടിയിൽ നിന്നും പുറത്തു കടക്കാൻ ഒരു മാർഗ്ഗം പറഞ്ഞു തരട്ടെ. അവിടെ ഒറ്റയ്ക്ക് ഇരിക്കുക തന്നെ ചെയ്യുക. അപ്പോൾ നിങ്ങളുടെ ഉള്ളിൽ നിന്ന് ഭയത്തിന്റെ കണികകൾ താനേ ഇല്ലാതാകുന്നത് കാണാം. അതല്ല എങ്കിൽ ആ ഭയം നിങ്ങളെ ജീവിതകാലം മുഴുവൻ വേട്ടയാടി കൊണ്ടേയിരിക്കും.
ഇനി പലരുടെയും ഒരു സ്വഭാവമാണ് പലതിനേയും കുറിച്ച് ആലോചിച്ചു വിഷമിച്ചു പേടിച്ചിരിക്കുക എന്നുള്ളത്. ഞാൻ ഒന്ന് ചോദിക്കട്ടെ ഇങ്ങനെ പേടിച്ച് എന്തിനാണ് നിങ്ങൾ ഇന്നിന്റെ സൗന്ദര്യത്തെ നഷ്ടപ്പെടുത്തി കളയുന്നത്. നിങ്ങൾ ഇപ്പോഴുള്ള ഈ നിമിഷത്തിൽ ജീവിക്കാൻ ശ്രമിക്കുക. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് നമുക്ക് ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ ആകില്ല. പിന്നെ എന്തിനാണ് നിങ്ങൾ വരാൻ പോകുന്ന സംഭവവികാസങ്ങളെക്കുറിച്ച് ആലോചിച്ച് ,ടെൻഷൻ അടിച്ച് ഇന്നത്തെ ജീവിതം ആസ്വദിക്കാൻ മറന്നുപോകുന്നത്?അങ്ങ് ആസ്വദിച്ചേക്കെനേ.. നിങ്ങൾ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച വഴിയിലൂടെ ഒന്നും ആകില്ല നിങ്ങളെ ജീവിതം മുന്നോട്ടു കൊണ്ടുപോയിട്ടുണ്ടാവുക. എന്നിട്ടും നിങ്ങൾ പോരാടി ഇതുവരെ എത്തിയില്ലേ. വഴിയിൽ കൊഴിഞ്ഞു പോയതൊന്നും ഇല്ലല്ലോ. അതിനർത്ഥം ഇനിയും നിങ്ങളിൽ പോരാടാനുള്ള ഊർജ്ജം അവശേഷിക്കുന്നുണ്ട് എന്ന് തന്നെയാണ്. നിങ്ങൾ പേടിച്ചിരുന്നത് കൊണ്ട് മാത്രം ഒരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ നിങ്ങൾക്ക് കഴിയില്ല. അങ്ങനെ ചെയ്താൽ ആ പ്രശ്നം നിങ്ങളുടെ സന്തോഷത്തെ നിങ്ങളിൽ നിന്ന് ഇല്ലാതാക്കുക മാത്രമേ ചെയ്യൂ. എന്ത് പ്രശ്നത്തിനു മുന്നിലും കീഴടങ്ങാതെ മുന്നോട്ട് പോകുവാൻ ശ്രമിക്കുക. നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ജീവിതം നിങ്ങൾക്ക് സന്തോഷത്തോടെ ജീവിച്ചു തീർക്കാൻ ഉള്ളതാണ്. അതല്ലാതെ പേടിച്ചു ജീവിക്കാനുള്ളതല്ല. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഒരു നിത്യസംഭവമാണ്. അതുണ്ടായെങ്കിൽ മാത്രമേ നിങ്ങൾക്ക് ജീവിതം ആസ്വദിക്കാനും കഴിയൂ. നിങ്ങളെ ആ നിങ്ങളാക്കി മാറ്റുന്നത് ഈ പ്രതിസന്ധികളും പ്രശ്നങ്ങളും തന്നെയാണ്.
ഒരിക്കലും നിങ്ങൾ പുറകിലോട്ട് നടക്കാൻ ശ്രമിക്കരുത്. മുന്നോട്ട് തന്നെ പോകുക. ഒരാൾക്കും തല്ലിക്കൊടുത്താനുള്ളതല്ല നിങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും, നിങ്ങളുടെ സ്വപ്നങ്ങളും. നിങ്ങൾ പേടിച്ചിരിക്കുന്നിടത്തോളം നിങ്ങളെ പേടിപ്പിക്കുന്നവരുടെ, നിങ്ങളെ അടിമയാക്കുന്നവരുടെ എണ്ണവും കൂടുക മാത്രമേയുള്ളൂ. അതിനാൽ തന്നെ പേടിക്കാതെ സ്വന്തം കഴിവുകളിൽ അടിയുറച്ചു വിശ്വസിച്ച് മുന്നോട്ടു പോവുക. അത് ഒരുനാൾ നിങ്ങളെ ലോകപ്രശസ്തരാക്കും. ഒരുനാൾ നമ്മൾ എന്തിനും കൂടെ കൂട്ടിയവർ ആയിരിക്കും നമ്മളെ ചതിക്കാനും പലപ്പോഴും മുൻപന്തിയിൽ തന്നെ ഉണ്ടാവുക. അതും ജീവിതം നിങ്ങൾക്കു മുന്നിൽ വച്ച് നീട്ടുന്ന പരീക്ഷണമാണ്. അതിനാൽ തന്നെ അതിൽ തളർന്നിരിക്കാതെ മുന്നോട്ട് പോവുക. നിങ്ങളെ കരയിപ്പിക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ചിരിക്കുന്ന മുഖവുമായി നിങ്ങൾ എപ്പോഴും ഉണ്ടാകണം. അതാണ് നിങ്ങൾക്ക് അവർക്ക് നൽകാനുള്ള മറുപടി. നിങ്ങളെ തകർക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ കൊടുങ്കാറ്റായി നിങ്ങൾ ആഞ്ഞു വീശുക തന്നെ വേണം. നിങ്ങളെ തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ നിങ്ങൾ ജയിച്ചു കാണിച്ചുകൊടുക്കുക തന്നെ വേണം. അതല്ലെങ്കിൽ നിങ്ങളും അവരും തമ്മിൽ എന്ത് വ്യത്യാസം?
നിങ്ങളെ കുറ്റം പറയുന്നവർ നിങ്ങൾക്ക് ചുറ്റിലും എപ്പോഴും ഉണ്ടാകും. അവരുടെ ആ വാക്കുകളിലാണ് നിങ്ങൾ നിങ്ങളുടെ ഊർജ്ജത്തെ കണ്ടെത്തേണ്ടത്. അവരുടെ ആ വാക്കുകൾ ആകണം നിങ്ങൾക്ക് മുന്നോട്ട് പോകാനുള്ള കരുത്തേകേണ്ടത്. ഇത് നിങ്ങളുടെ ജീവിതമാണ്. അവിടെ തീരുമാനവും നിങ്ങളുടേത് മാത്രമായിരിക്കണം. മറ്റുള്ളവരുടെ കുറ്റം പറച്ചിലുകളെ ശ്രദ്ധിച്ചിരുന്നാൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഇരുട്ടിൽ ആക്കുക മാത്രമായിരിക്കും ചെയ്യുക. എന്നാൽ അതെല്ലാം ഗൗനിക്കാതെ നിങ്ങൾ മുന്നോട്ട് നടക്കാൻ പഠിക്കൂ. അത് ഒരുനാൾ നിങ്ങളുടെ ജീവിതത്തിലെ ഇരുട്ടകറ്റും. തീരുമാനം നിങ്ങളുടേതാണ്. അത് എന്തുതന്നെയായാലും. ജീവിതവും നിങ്ങളുടേതാണ്. അത് ഓർമ്മവയ്ക്കുക എപ്പോഴും....
