നിങ്ങൾ എന്തു ചെയ്യുന്നു എന്നോ, എന്ത് കേൾക്കുന്നു എന്നതോ, നിങ്ങൾ എന്ത് വിശ്വസിക്കുന്നു എന്നതൊന്നും ഒരു പ്രശ്നമേയല്ല. പക്ഷേ നിങ്ങളെക്കുറിച്ച് നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം നിങ്ങളെക്കുറിച്ച് നിങ്ങൾ എന്ത് ചിന്തിക്കുന്നു അതാണ് നിങ്ങൾ. അതാണ് നിങ്ങളുടെ ഭാവിയെ നിർണയിക്കുന്ന ഘടകം. എന്ത് കാര്യവും നിങ്ങൾ നാളെ ചെയ്യാം, നാളെ ചെയ്യാം എന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്നുണ്ടെങ്കിൽ ഒന്ന് ഓർമിക്കുക. നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന നാളെ ഒരിക്കലും നിങ്ങളിലേക്ക് കടന്നുവരാൻ പോകുന്നില്ല. അങ്ങനെ പറയുന്നവർ നാളെ എന്നല്ല ജീവിതകാലം മുഴുവൻ ഒന്നും ചെയ്യാൻ പോകുന്നില്ല.
ഇന്നത്തെ ലോകത്തിലെ മനുഷ്യരുടെ ചിന്താഗതി വളരെ വിചിത്രമാണ്. നിങ്ങളവരെ മൃഗമെന്നു വിളിച്ചാൽ നിങ്ങളെ തല്ലാൻ വരും അവർ. എന്നാൽ നിങ്ങൾ അവരോട്; അവർ ഒരു പുലിയാണ് എന്ന് പറഞ്ഞു നോക്കിക്കേ. അവർ നിങ്ങളെ പ്രശംസിക്കാൻ എത്തും. ഈ ലോകത്തിലെ എല്ലാവരിലും ആത്മവിശ്വാസമുണ്ട്. ചിലർ ആ ആത്മവിശ്വാസത്തെ തിരിച്ചറിയുന്നു. എന്നാൽ മറ്റു ചിലരാകട്ടെ അത് തിരിച്ചറിയാതെ ജീവിതം തള്ളിനീക്കുന്നു. ജീവിതത്തിൽ സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാത്തവർ നിരന്തരം പറയുന്ന ഒരു ഡയലോഗ് ആണ് മറ്റുള്ളവർ ഭാഗ്യം കൊണ്ടാണ് എല്ലാം നേടിയെടുത്തതെന്ന്. തനിക്ക് ആ ഭാഗ്യം ഉണ്ടായില്ല എന്ന്. എന്നാൽ ഞാൻ ഒന്ന് പറഞ്ഞോട്ടെ; തീർച്ചയായും ഭാഗ്യമുണ്ടാകാം. എന്നാൽ ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിൽ ഒന്നും നേടിയെടുക്കാൻ കഴിയില്ല. ജീവിതത്തിൽ പലതും നേടിയെടുക്കാൻ പോരാടേണ്ടതുണ്ട്. അതിനാൽ തന്നെ പോരാടാൻ തയ്യാറാവൂ.. മുന്നിൽ വരുന്ന പ്രതിസന്ധികളെ ഭയന്ന് ഓടാൻ ശ്രമിക്കരുത്. പ്രതിസന്ധികൾ നിങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കാനായാണ് കടന്നുവരുന്നത്.
ഈ ലോകത്തിലെ മനുഷ്യരുടെ വിചിത്രമായ കാഴ്ചപ്പാട് എന്താണെന്ന് നിങ്ങൾക്കറിയാമോ? ധനികൻറെ വീട്ടിലെ നായ പോലും ഭാഗ്യവാനാണ്. എന്നാൽ ദരിദ്രൻറെ വീട്ടിലെ കുട്ടി പോലും കള്ളനാണ്. അതിനാൽ തന്നെ സമയം എടുത്താലും ശരി; നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ ശ്രമിക്കൂ. മറ്റുള്ളവർക്ക് വേണ്ടി ഒരിക്കലും നിങ്ങൾ നിങ്ങളുടെ സ്വഭാവത്തെ മാറ്റാൻ ശ്രമിക്കരുത്. നിങ്ങൾ എങ്ങനെയോ അങ്ങനെ തന്നെ ഇരിക്കുക. കാരണം ഒറിജിനലിൻറെ മൂല്യം എന്നത് ഡ്യൂപ്ലിക്കറ്റിൻറെ മൂല്യത്തേക്കാൾ എത്രയോ മുകളിലാണ്. അവസാനമായി; വജ്രത്തിന്റെ തിളക്കം അറിയണമെങ്കിൽ ഇരുട്ടിനായി കാത്തിരിക്കണം. കാരണം വെളിച്ചത്തിൽ കണ്ണാടിച്ചില്ലു പോലും തിളങ്ങും.
നിങ്ങളുടെ ജീവിതത്തിൽ ഇരുട്ട് നിറഞ്ഞ സമയത്ത് നിങ്ങളെ ഉപേക്ഷിച്ചു പോയവരോട് എപ്പോഴും നന്ദി പറയുക. കാരണം ഏതു പ്രതിസന്ധിയോടും ഒറ്റയ്ക്ക് പോരാടാൻ നിങ്ങളെ പഠിപ്പിച്ചത് അവരായിരിക്കും. ജീവിത വിജയത്തിന് വേണ്ടി നിങ്ങൾ യുദ്ധത്തിന് ഇറങ്ങുമ്പോൾ ഒരുപക്ഷേ ആരും നിങ്ങളോടൊപ്പം ഉണ്ടായിക്കൊള്ളണമെന്നില്ല. ആ യുദ്ധം നിങ്ങൾ ഒറ്റയ്ക്ക് ജയിച്ചു കയറുക തന്നെ വേണം. എപ്പോഴും ഒരു കാര്യം ഓർമ്മ വയ്ക്കുക. നിങ്ങൾ ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തിയാലും, ഇല്ലെങ്കിലും ശരി; ജീവിതത്തിൽ ഒരാളെയും ഒരിക്കലും കളിയാക്കാതിരിക്കുക. കാരണം നിങ്ങൾക്ക് മുന്നിൽ ചിരിച്ചു കാണിക്കുന്ന വ്യക്തികൾ, നിങ്ങളെ ചിരിപ്പിക്കുന്ന വ്യക്തികൾ അവരെല്ലാം ഉള്ളിന്റെയുള്ളിൽ എത്രത്തോളം വിഷമങ്ങളെ അടക്കിപ്പിടിച്ചാണ് നിങ്ങൾക്ക് മുന്നിൽ ചിരിച്ചു കാണിക്കുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല. ചാർളി ചാപ്ലിൻ ഒരിക്കൽ പറഞ്ഞതുപോലെ "എനിക്ക് മഴയത്ത് നടക്കാനാണ് ഇഷ്ടം. കാരണം ഞാൻ കരയുന്നത് മറ്റാരും കാണില്ലല്ലോ" എന്ന്.
"സ്നേഹിക്കാൻ ആരും ഇല്ലാത്തവരെ സ്നേഹിക്കുക. ഒരുപാട് ചിരിക്കുന്നവരെ ഇഷ്ടപ്പെടുക. കാരണം അവർ ഉള്ളിൽ കരയുകയാവും"
" എൻറെ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടെന്ന കാര്യം എന്റെ ചുണ്ടുകൾക്കറിയില്ല.അത് എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കും".
"എൻറെ വേദന ചിലർക്ക് ചിരിക്കാൻ ഉള്ള വക നൽകുന്നു"..
ചാർളി ചാപ്ലിൻ
