Ticker

7/recent/ticker-posts

How to achieve your dreams

 നിങ്ങൾക്ക് ചുറ്റിനും ഉള്ള  മനുഷ്യരുടെ സ്വഭാവം എന്നത് എപ്പോഴും വളരെ വിചിത്രമാണ്.  ജീവിതത്തിൽ ഒന്നുമാകാൻ കഴിഞ്ഞില്ലെങ്കിൽ തൻറെ നിർഭാഗ്യത്തെ കുറിച്ച് ഓർത്ത്, അതിനെ പഴിച്ച് കാലം കഴിക്കുന്നവരാണ് നിങ്ങൾക്ക് ചുറ്റും.  ഞാനൊന്നു പറയട്ടെ; നിങ്ങൾ നിങ്ങളുടെ ദുഃഖങ്ങളിൽ നിന്ന്, നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന പരിപാടി അങ്ങ് അവസാനിപ്പിച്ചേക്ക്. നിങ്ങൾ ഇതിൽ നിന്നെല്ലാം ഓടി ഒളിക്കാൻ ശ്രമിച്ചത് കൊണ്ട്, നിങ്ങൾ കണ്ണടച്ചിരുന്നത് കൊണ്ട് നിങ്ങളിലേക്ക് വരേണ്ട പ്രശ്നങ്ങൾ വരാതിരിക്കില്ല. ഒരിക്കലും ഒരു പ്രശ്നത്തെയും കണ്ട് നിങ്ങൾ ഭയന്നോടാൻ ശ്രമിക്കരുത്. എപ്പോഴും ഓർമ്മ വയ്ക്കുക; പ്രശ്നങ്ങൾ നിങ്ങളുടെ കണ്ണ് തുറപ്പിക്കാൻ ആയാണ് നിങ്ങളിലേക്ക് കടന്നുവരുന്നത്.

ജീവിതം ഒരു പരീക്ഷയാണ്. പലരും അവിടെ തോറ്റു പോകുന്നത് മറ്റുള്ളവരെ കോപ്പിയടിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്. എന്നാൽ ജീവിതത്തിന്റെ ഈ പരീക്ഷയിൽ ഓരോരുത്തർക്കും ഉള്ള ചോദ്യപേപ്പർ വ്യത്യസ്തമാണെന്ന കാര്യം അവർ മറന്നു പോകുന്നു. കലങ്ങിയ വെള്ളത്തെ ശുദ്ധമാക്കാൻ അതിനെ ഇളക്കിമറിക്കുന്നതിന് പകരം ശാന്തമാക്കി വയ്ക്കുകയാണ് ചെയ്യുക. അങ്ങനെ ചെയ്താൽ അഴുക്കു മുഴുവൻ അടിയിൽ ഊറിയിട്ടുണ്ടാകും. അതുപോലെ തന്നെയാണ് ജീവിതത്തിലും  ചെയ്യേണ്ടത്.  ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പേടിച്ചിരിക്കാതെ, പരിഭ്രമിക്കാതെ ശാന്തമായി ആലോചിക്കാൻ പഠിക്കൂ. അങ്ങനെ ചെയ്താൽ അതിനുള്ള പരിഹാരവും നിങ്ങൾക്ക് പെട്ടെന്ന് കണ്ടെത്താൻ ആകും. കാരണം ഈ ലോകത്ത് ഇന്നേവരെ പരിഹാരം ഇല്ലാത്ത ഒരു പ്രശ്നവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജീവിതത്തിൽ  എല്ലാവർക്കും അവരവരുടെതായ  കഴിവുകളും, പോരായ്മകളും ഉണ്ട്. മീനിന് ഒരിക്കലും കാട്ടിനുള്ളിൽ ഓടി നടക്കാനാകില്ല.  അതുപോലെ തന്നെ സിംഹത്തിന് ഒരിക്കലും വെള്ളത്തിലെ രാജാവാകാനും പറ്റില്ല. അതുകൊണ്ട്  തന്നെ നിങ്ങളെ ഒരിക്കലും മറ്റൊരാളുമായി താരതമ്യം ചെയ്യാൻ ശ്രമിക്കരുത്.  അതുപോലെ തന്നെ മറ്റുള്ളവർ പറയുന്ന അനാവശ്യ വാക്കുകൾ ആലോചിച്ച് വിഷമിച്ചിരിക്കുകയും ചെയ്യരുത്.  നിങ്ങൾ സ്വപ്നം കണ്ട ലക്ഷ്യത്തിൽ എത്തിച്ചേരാൻ തീർച്ചയായും നിങ്ങൾക്ക് കഴിയും. നിങ്ങൾ നിങ്ങളുടെ ചുവടുകൾ അതിനായ്  എടുത്തുവച്ചാൽ മാത്രം.എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ തെറ്റ് പറ്റുമോ എന്നോർത്ത് പേടിച്ചിരിക്കരുത്. തെറ്റുകൾ എല്ലാവർക്കും പറ്റുന്നതാണ്.  എന്നാൽ ആ തെറ്റുകളിൽ നിന്ന് നിങ്ങൾ ഒന്നും പഠിക്കുന്നില്ലെങ്കിൽ അതാണ് ഏറ്റവും വലിയ തെറ്റ്. ജീവിതത്തിൽ വിജയിച്ചവർ തങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിച്ചവരാണ്. എന്നാൽ ജീവിതത്തിൽ തോറ്റു പോകുന്നവർ ആകട്ടെ മറ്റുള്ളവരുടെ തെറ്റുകളെ കുറിച്ചു മാത്രം സംസാരിച്ചിരിക്കുന്നവരും ആണ്.

വലിയ വലിയ കാര്യങ്ങൾ എല്ലാവരും പറയാറുണ്ട്. എന്നാൽ ആ വലിയ കാര്യങ്ങളെ പൂർത്തീകരിക്കാൻ ഉള്ള ആർജ്ജവം കുറച്ചുപേരിൽ മാത്രമേ ഉണ്ടാകാറുള്ളൂ. അവർ തങ്ങളുടെ കൈവശമുള്ള സമയത്തെയും പണത്തെയും ശരിയായ വിധത്തിൽ ഉപയോഗിക്കാൻ ശീലിച്ചവരാണ്. അവസാനമായി ഒന്നുമാത്രം; മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിനു പകരം സ്വന്തം കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്ക്. നിങ്ങൾ മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുന്നതിനു പകരം സ്വയം നന്നാവൂ. അതല്ലാതെ മറ്റുള്ളവരെ നന്നാക്കാൻ നിങ്ങൾക്ക് എന്ത് അവകാശം?...


Inspiration words