ആരോ പറഞ്ഞു കേട്ടിട്ടുണ്ട്; സാധനങ്ങളുടെ മൂല്യം അത് നമുക്ക് ലഭിക്കുന്നതു വരെ മാത്രമേയുള്ളൂ. അതു പോലെ തന്നെ നമ്മൾ മനുഷ്യരുടെ മൂല്യം നഷ്ടപ്പെടുമ്പോൾ മാത്രമാണ് മനസ്സിലാക്കുക എന്ന്. അതുകൊണ്ടു തന്നെ നിങ്ങളിൽ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിങ്ങളെ സ്നേഹിക്കുന്നവരെ എന്നും കൂടെ കൂട്ടുക. അവരെ എന്നും ആദരിക്കുക. നിങ്ങളെ ഒരു വിലയും വെയ്ക്കാത്ത ഒരാളോടൊപ്പം ജീവിക്കുന്നതിനേക്കാൾ നിങ്ങൾ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ മനുഷ്യർ എപ്പോഴും വിചിത്ര ജീവികളാണ്. നിങ്ങളെ ആരാണോ സ്നേഹിക്കാത്തത് അയാൾക്കു വേണ്ടി നിങ്ങൾ ജീവിതകാലം മൊത്തം കരയും. എന്നാൽ ആരാണോ നിങ്ങളെ സ്നേഹിക്കുന്നത് അവരെ നിങ്ങൾ കരയിപ്പിക്കുകയും ചെയ്യും. നിങ്ങൾ ഒരിക്കലും തിരിച്ചറിയാതെ പോകുന്ന ഒന്നുണ്ട്. ബന്ധങ്ങൾ എപ്പോഴും ഹൃദയത്തിൽ നിന്നും, മനസ്സിൽ നിന്നും ഉണ്ടാകേണ്ടതാണ്. അല്ലാതെ വാക്കുകളിൽ നിന്നല്ല.
നിങ്ങൾ നിങ്ങളുടെ വിഷമങ്ങൾ മറ്റൊരാളോട് പറയുമ്പോൾ ശ്രദ്ധിക്കുക. അയാൾ നിങ്ങളോട് അത്രയും അടുപ്പം ഉള്ളതായിരിക്കാം; ഒരുപക്ഷേ നിങ്ങളുടെ ചിന്തകളിൽ മാത്രം. അതല്ല എന്ന് പൂർണ്ണ ബോധ്യം ഉണ്ടെങ്കിൽ മാത്രം നിങ്ങൾ നിങ്ങളുടെ വിഷമങ്ങൾ അവരുമായി പങ്കുവെക്കുക. ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷമായിരിക്കണം എങ്കിൽ ഈ ലോകത്തിനൊപ്പം മാറാൻ ശ്രമിക്കൂ. അല്ലെങ്കിൽ ഈ ലോകത്തെ മാറ്റാൻ ശ്രമിക്കൂ. അതല്ലാതെ നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളെയും, നിർഭാഗ്യത്തെയും കുറ്റം പറഞ്ഞിരുന്നിട്ട് എന്ത് കാര്യം?
ആരെങ്കിലും നിങ്ങളെ വിഷമിപ്പിക്കുമ്പോൾ മൗനമായിരിക്കുന്നതാണ് നല്ലത്. നിങ്ങൾ അവിടെ മറുപടി കൊടുത്തിട്ടില്ല എങ്കിലും യാതൊരു വിധ കുഴപ്പവും ഇല്ല. കാലം അവർക്ക് അതിനുള്ള മറുപടി കൊടുത്തു കൊള്ളും. ഈ ലോകത്ത് ബന്ധങ്ങൾ തകരാനുള്ള പ്രധാന കാരണം പരിഗണന ലഭിക്കാതിരിക്കുന്നത് കൊണ്ടല്ല. മറിച്ച് തെറ്റിദ്ധാരണ കൊണ്ടാണ്. തെറ്റിദ്ധാരണ എന്ന വിഷത്തിന് 100 വർഷം പഴക്കമുള്ള സ്നേഹബന്ധങ്ങളെ പോലും തകർത്തെറിയാനുള്ള കഴിവുണ്ട്.
ജീവിതത്തിൽ എപ്പോഴും സന്തോഷമായിരിക്കാൻ ശ്രദ്ധിക്കുക. പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ച് വെറുതെ സമയം നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം? നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നാൽ ഈ നിമിഷത്തിലെ നിങ്ങളുടെ സന്തോഷവും നഷ്ടപ്പെടും. അതിനാൽ തന്നെ പ്രശ്നങ്ങളെ അതിൻറെ വഴിക്ക് സ്വതന്ത്രമായി വിട്ടേക്കൂ.. അവയ്ക്ക് ഒരിക്കലും നിങ്ങളുടെ തലച്ചോറിലും, മനസ്സിലും കൂടുകൂട്ടാൻ ഇടം നൽകരുത്. ജീവിതത്തിൽ വരുന്ന എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുക. അതാണ് നിങ്ങളുടെ ശത്രുവിന് പോലും നൽകാൻ പറ്റിയ ശിക്ഷ. കാരണം നിങ്ങൾ എത്ര ദുഃഖിക്കുന്നു എന്ന് മറ്റുള്ളവർ ഒരിക്കലും തിരിച്ചറിയരുത്.
ജീവിതത്തിൽ ഒന്നും അവസാനിക്കുന്നില്ല. നിങ്ങൾ അവസാനിച്ചു എന്ന് കരുതുന്നിടത്തു നിന്ന് പുതിയ തുടക്കം കുറിക്കാനുള്ള അവസരം ജീവിതം നിങ്ങൾക്ക് മുന്നിൽ വെച്ചു നീട്ടുന്നുണ്ട്. എന്നാൽ നിങ്ങൾ അതിനെ അവഗണിക്കുന്നു എന്ന് മാത്രം. നിങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നല്ലതായിരിക്കാനായി ഒന്നും ചെയ്യരുത്. നിങ്ങളിലെ നന്മകൾ കാണുന്നവർ എല്ലായ്പോഴും അതുതന്നെയാണ് കാണുക. എന്നാൽ നിങ്ങളെ തെറ്റായി കാണുന്നവരുടെ മുന്നിൽ നിങ്ങൾ എപ്പോഴും മോശക്കാരനും ആയിരിക്കും. അത് നിങ്ങൾ അങ്ങനെ ആയിരുന്നിട്ടല്ല. അവരുടെ കാഴ്ചപ്പാടുകളിൽ നിങ്ങൾ അങ്ങനെ ആയിരുന്നിട്ടാണ്. അതിനാൽ തന്നെ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ മാറ്റാൻ ശ്രമിച്ച് നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി കളയരുത്. മറ്റുള്ളവർ എങ്ങനെയാണോ നിങ്ങളെ കാണുന്നത് അങ്ങനെ തന്നെ കണ്ടുകൊള്ളട്ടെ. അതിനർത്ഥം നിങ്ങൾ അങ്ങനെ ആയിരിക്കണം എന്നല്ല. ഇക്കാര്യം എപ്പോഴും ഓർമ്മ വയ്ക്കുക. ജീവിതത്തിൽ ഏതു പ്രതിസന്ധികൾക്കിടയിലും ചിരിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ശ്രമിക്കുക. അത് നിങ്ങളെ വലിയ ഉയരങ്ങൾ കീഴടക്കാൻ പ്രാപ്തനാക്കും.