ഈ ലോകത്ത് നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന ഒന്നാണ് ഉപദേശം എന്നത്. നിങ്ങൾ ഒരാളോട് ചോദിച്ചാൽ 1000 പേർ എത്തും ഉപദേശവുമായി. എന്നാൽ ഈ ലോകത്തിലെ ഏറ്റവും മൂല്യം ഏറിയത് സഹായമാണ്. നിങ്ങൾ ആയിരം പേരോട് സഹായം ചോദിച്ചാൽ അതിൽ സഹായിക്കാൻ തയ്യാറാവുക ഒരാൾ മാത്രമായിരിക്കും. നിങ്ങൾ ഈ ലോകത്ത് എത്ര നല്ലവരായാലും ശരി; ഈ ലോകം നിങ്ങളുടെ ഭാഗത്തു നിന്നുള്ള ഒരു തെറ്റിനായി കാത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ ശരിയാണെങ്കിൽ ധൈര്യമായി മുന്നോട്ടുപോയ്ക്കൊള്ളൂ. അവിടെ നിങ്ങൾക്കെതിരെ ആരെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അത് ഗൗരവത്തിലെടുക്കേണ്ട കാര്യമില്ല. കാരണം നിങ്ങൾക്കൊപ്പം നിൽക്കാനുള്ള യോഗ്യത അവർക്കില്ലാത്തതു കൊണ്ടാണ് അവർ നിങ്ങളെ കുറിച്ച് കുറ്റം പറയുന്നത്.
ജീവിതത്തിൽ ഒരിക്കലും നിങ്ങൾ ഒന്നിനും കൊള്ളാത്തവരാണെന്ന് ചിന്തിക്കരുത്. അതുപോലെ തന്നെ ഒരിക്കലും നിങ്ങളെല്ലാം തികഞ്ഞവരാണെന്നും ചിന്തിക്കരുത്. എപ്പോഴും മറ്റുള്ളവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കാനും അവരുടെ വീഴ്ചയിൽ കൂടെ നിൽക്കാനും ശ്രമിക്കുക. കാരണം ഈ ലോകത്ത് നിങ്ങളെ കുറിച്ച് കുറ്റം പറയുന്നവരുടെ എണ്ണം കുറവല്ല. ജീവിതത്തിൽ എപ്പോഴും ചിരിക്കാൻ ശീലിക്കുക. കാരണം നിങ്ങളെ കരയിപ്പിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കുറവല്ല. എപ്പോഴും നിങ്ങൾ മുകളിലേക്ക് കയറാൻ ശ്രമിക്കുക. നിങ്ങളെ പുറകോട്ട് വലിക്കുന്നവരുടെ എണ്ണം കുറവല്ല. മറ്റുള്ളവരുടെ നന്മകൾ കണ്ടെത്താൻ ശ്രമിക്കൂ. കാരണം കുറ്റം കണ്ടെത്തുന്നവരുടെ എണ്ണം ഈ ലോകത്ത് വളരെയധികമാണ്.
ഈ ചെറിയൊരു ജീവിതം നമുക്ക് വലിയ പാഠം പഠിപ്പിച്ചു തരുന്നുണ്ട്. ബന്ധങ്ങൾ എല്ലാവരുമായി വയ്ക്കൂ; തിരിച്ച് യാതൊന്നും പ്രതീക്ഷിക്കാതെ. കാരണം ആരാണ് നിങ്ങൾക്കൊപ്പം ഉണ്ടാവുക എന്ന് നിങ്ങളുടെ മോശം സമയത്ത് മാത്രമേ മനസ്സിലാവുകയുള്ളൂ. മറ്റുള്ളവർ നിങ്ങളോട് നിങ്ങൾ എന്ത് ചെയ്യുകയാണെന്ന് ചോദിക്കുമ്പോൾ ഒന്നു മനസ്സിലാക്കുക; മറ്റുള്ളവർ നിങ്ങളെ അളക്കുകയാണ്; നിങ്ങളെ എത്ര ബഹുമാനിക്കണം എന്നറിയാനായി. നിങ്ങൾക്ക് മുന്നോട്ട് പോകാൻ വഴികൾ ഒന്നും കാണുന്നില്ലെങ്കിൽ ദൂരത്തേക്ക് നോക്കുന്നത് വെറുതെയാണ്. പതുക്കെ ഓരോ ചുവടും എടുത്ത് വയ്ക്കാൻ ശ്രമിക്കൂ. വഴി നിങ്ങൾക്കു മുന്നിൽ താനെ തുറന്നു വരും. എപ്പോഴും ഓർമ്മ വയ്ക്കുക; നിങ്ങൾക്ക് പെട്ടെന്ന് നേടിയെടുക്കാൻ കഴിയുന്ന നേട്ടങ്ങൾ ഒന്നും അധികകാലം നിങ്ങളോടൊപ്പം ഉണ്ടാവില്ല. നിങ്ങൾക്ക് ദീർഘകാലത്തേക്ക് വേണ്ട നേട്ടങ്ങൾ ഒന്നും പെട്ടെന്ന് നേടിയെടുക്കാനും കഴിയില്ല. ദൈവം ഒരിക്കലും നിങ്ങൾക്ക് ഇഷ്ടമുള്ളതല്ല; മറിച്ച് നിങ്ങൾക്ക് അനുയോജ്യമായതാണ് നൽകുക. എപ്പോഴും നിങ്ങൾ നിങ്ങളുടെ കഴിവുകളിൽ വിശ്വസിച്ച് മുന്നോട്ട് പോവുക.
ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട ഒന്ന് സമയമാണ്. ഒരു വർഷത്തിന്റെ മൂല്യം എന്താണെന്ന് നിങ്ങൾക്ക് തോറ്റുപോയവരോട് ചോദിച്ചാൽ മനസ്സിലാവും. ഒരു മാസത്തിന്റെ മൂല്യം എന്തെന്ന് കഴിഞ്ഞ മാസം ശമ്പളം ലഭിക്കാത്തവരോട് ചോദിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും. ഒരു ആഴ്ചയുടെ മൂല്യം എന്തെന്ന് ഒരാഴ്ച മുഴുവൻ ആശുപത്രിയിൽ ചെലവഴിച്ച ഒരാളോട് ചോദിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും. ഒരു ദിവസത്തിൻറെ മൂല്യം എന്തെന്ന് ഒരു ദിവസം മുഴുവൻ പട്ടിണി കിടന്ന ഒരാളോട് ചോദിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. ഒരു മണിക്കൂറിന്റെ മൂല്യം തൻറെ സുഹൃത്തിനു വേണ്ടി കാത്തു നിൽക്കുന്നവരോട് ചോദിച്ചു നോക്കൂ. ഒരു മിനിറ്റിന്റെ മൂല്യം ഒരു മിനിറ്റിന്റെ വ്യത്യാസം കൊണ്ട് ട്രെയിൻ നഷ്ടപ്പെട്ട ഒരു യാത്രക്കാരനോട് ചോദിച്ചു നോക്കൂ.ഒരു സെക്കന്റിന്റെ മൂല്യം എന്തെന്ന് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യക്തിയോട് ചോദിച്ചു നോക്കൂ നിങ്ങൾ...
ഈ ജീവിതം എന്നത് ഒരു മത്സരമാണ്. ഇവിടെ നിങ്ങൾ എങ്ങനെ കളിക്കുന്നുവോ അതുപോലെ ആയിരിക്കും നിങ്ങളുടെ വിജയവും. അതുകൊണ്ടു തന്നെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ഒരിക്കലും ഭയക്കരുത്. അവയെ മറികടന്നു മുന്നോട്ടു പോവുക തന്നെ ചെയ്യുക. ഒരു പ്രതിസന്ധിക്ക് മുന്നിലും ഒരിക്കലും നിങ്ങൾ കീഴടങ്ങരുത്.