അടഞ്ഞ വാതിലിനു പുറകിൽ നിങ്ങൾ നടത്തിയ കഠിനാദ്ധ്വാനത്തിൻറെ ഫലം നിങ്ങൾക്കു മുന്നിൽ ഒട്ടനവധി വാതിലുകൾ തുറക്കാൻ സഹായിക്കും. നിങ്ങൾ ഒറ്റയ്ക്ക്, സമാധാനത്തോടെ നടത്തിയ പരിശ്രമങ്ങളുടെ ഫലം ഒരുനാൾ നിങ്ങളെ വിജയത്തിൻറെ കൊടുമുടിയിൽ എത്തിക്കും. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ മോശം സമയം കടന്നു വരാറുണ്ട്. ആ സമയത്ത് നമുക്ക് മുന്നിൽ എല്ലാ വഴികളും അടഞ്ഞതായാണ് അനുഭവപ്പെടുക. നമ്മുടെ മോശം സമയത്ത് ഇനി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പോലും നമുക്ക് ഒരു ഐഡിയ ഉണ്ടാകില്ല. ആ സമയം നിങ്ങളുടെ ജീവിതത്തിൽ പൂർണ്ണ ഫോക്കസോടെ കഠിനാധ്വാനം ചെയ്യാൻ തയ്യാറാവുക. സമയം കടന്നുപോകുന്തോറും നിങ്ങൾക്ക് വിജയിക്കാനുള്ള വഴികളും തെളിഞ്ഞുവരും.
ഞാൻ ഇവിടെ നിങ്ങളെ വെല്ലുവിളിക്കുകയാണ്. ഈ വെല്ലുവിളി നിങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ തീർച്ചയായും നിങ്ങൾ ജീവിതത്തിൽ വിജയിച്ചിരിക്കും. ഇവിടെ നിങ്ങൾക്ക് ഒരു വർഷത്തേക്ക് അപ്രത്യക്ഷമാകേണ്ടതുണ്ട്. നിങ്ങൾക്ക് സോഷ്യൽ മീഡിയയുടെ ലോകത്ത് നിന്ന് അപ്രത്യക്ഷമാകേണ്ടതുണ്ട്. ഈ ഒരു വർഷത്തേക്ക് സോഷ്യൽ മീഡിയയിൽ നിങ്ങൾ ഒരു പോസ്റ്റും ഇടരുത്. ഒപ്പം മറ്റുള്ളവരുടെ പോസ്റ്റുകൾ നോക്കുകയും അരുത്. കൂട്ടുകാർക്കൊപ്പം ഉള്ള പാർട്ടികളിൽ നിന്ന്, യാത്രകളിൽ നിന്ന് എല്ലാം നിങ്ങൾക്ക് അപ്രത്രക്ഷ്യമാക്കേണ്ടതുണ്ട്. നിങ്ങളെ ഒരാൾക്കും കണ്ടുപിടിക്കാൻ കഴിയാത്ത വിധത്തിൽ നിങ്ങൾക്ക് അപ്രത്യക്ഷമാകേണ്ടതുണ്ട്. നിങ്ങൾ നിങ്ങളിലേക്ക് തന്നെ ഫോക്കസ് ചെയ്യേണ്ടതുണ്ട്. നിങ്ങളെ തന്നെ മികച്ചതാക്കി മാറ്റേണ്ടതുണ്ട്. നിങ്ങൾക്ക് സ്വയം ഉറപ്പു നൽകാൻ കഴിയണം; അടുത്ത വർഷത്തിലെ ഇതേ ദിവസം നിങ്ങൾ ആഗ്രഹിച്ചതൊക്കെ ജീവിതത്തിൽ നേടിയെടുക്കുമെന്ന്. അടുത്ത വർഷത്തിലെ ഇതേ ദിവസം കടന്നുവരുമ്പോൾ നിങ്ങൾ ഒരിക്കലും പഴയതുപോലെ ആകരുത്. മറിച്ച് നിങ്ങൾ ജീവിതത്തിൽ സ്വപ്നം കണ്ടതൊക്കെ നേടിയെടുത്തിട്ടുണ്ടാകണം.
നിങ്ങളുടെ കൂടെയുള്ള സമയം എന്തായാലും മാറിമറിയും. അതിനൊപ്പം നിങ്ങൾക്കും മാറേണ്ടതുണ്ട്. ആ മാറ്റത്തിനായി നിങ്ങൾക്ക് ഒരു വർഷത്തേക്ക് അപ്രത്യക്ഷമാകേണ്ടതുണ്ട്. നിങ്ങളെ കുറ്റം പറയുന്നവരുടെ കാണാമറയത്തേക്ക്, നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്ന വ്യക്തികളിൽ നിന്ന്, നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്ന വസ്തുക്കളിൽ നിന്ന് എല്ലാം നിങ്ങൾക്ക് അകന്നു നിൽക്കേണ്ടതുണ്ട്. നിങ്ങളെ ഒരാൾക്കും കാണാൻ കഴിയാത്ത അത്രയും അകലെ ആയിരിക്കണം നിങ്ങൾ. നിങ്ങളുടെ വിജയം മാത്രമായിരിക്കണം പിന്നീട് മറ്റുള്ളവർ കാണേണ്ടത്. ഒരിക്കലും നിങ്ങളുടെ വിജയം ആഗ്രഹിക്കാത്തവർ പോലും നിങ്ങളുടെ വിജയം ആഘോഷിക്കാൻ അപ്പോൾ അവിടെ എത്തിയിട്ടുണ്ടാകണം. അതിനുള്ള കഴിവ് നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്. ആ കഴിവിനെ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ജീവിതവും. നിങ്ങളുടെ കൈവശമുള്ള സമയത്തെ നിങ്ങൾ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുമോ? അതോ നിങ്ങളുടെ വിജയത്തിന് വേണ്ടി ചെലവഴിക്കുമോ? നിങ്ങൾ നിങ്ങളുടെ കൈവശമുള്ള സമയത്തെ വെറുതെ സംസാരിച്ചു കളയുമോ? അതോ വലുതായി എന്തെങ്കിലും ചെയ്യുമോ? ഈ ലോകത്തിലെ ഓരോ വ്യക്തിയും നിങ്ങളുടെ സ്ഥാനം നേടിയെടുക്കാനായി കാത്തിരിക്കുന്നുണ്ട്.
നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ പൂർണ്ണ ഫോക്കസോടെ അതു ചെയ്യുക. എങ്കിൽ മാത്രമേ നിങ്ങൾ ആഗ്രഹിച്ച സ്വപ്നം നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയൂ. എന്താ നിങ്ങൾ തയ്യാറാണോ? അടുത്തവർഷം നിങ്ങളുടെ ജീവിതം മാറ്റി എഴുതാൻ. അടുത്ത വർഷം ഇതേ ദിവസം ഞാൻ വരും നിങ്ങളോട് ചോദിക്കാൻ; കഴിഞ്ഞ 365 ദിവസം നിങ്ങളെന്തു ചെയ്തു എന്ന്. ഉത്തരം റെഡിയാക്കി വച്ചുകൊള്ളൂ.