നമ്മുടെ എല്ലാവരുടെയും ഉള്ളിൽ നമ്മുടെ ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ട്. നമ്മുടെ മുന്നിൽ പ്രതിസന്ധികൾ വരുമ്പോൾ, വെല്ലുവിളികൾ വരുമ്പോൾ നമ്മുടെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ ശത്രു നമ്മളോടായി മന്ത്രിക്കുന്നുണ്ടാകും. തോറ്റു കൊടുക്കാൻ. ഇത് നിന്നെ കൊണ്ട് കഴിയില്ല എന്ന്. കാരണം ഈ ശത്രുവിന് നിങ്ങളുടെ കഴിവുകളിൽ ഒരിക്കലും വിശ്വാസമുണ്ടായിരിക്കില്ല. ആ ശത്രുവിന് ഒരിക്കലും അറിയില്ല; നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന്. നിങ്ങൾക്ക് എന്തൊക്കെ നേടിയെടുക്കാൻ കഴിയുമെന്ന്. പകരം ആ ശത്രു നിങ്ങളോട് എപ്പോഴും വന്നു മന്ത്രിക്കുന്നുണ്ടാവുക ഏറ്റവും എളുപ്പമുള്ള മാർഗം സ്വീകരിക്കാനായിരിക്കും. ആ എളുപ്പമുള്ള മാർഗ്ഗം പിന്നീട് ഉള്ള യാത്രയിൽ നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയതും ആയിരിക്കും. ഈ ശത്രു നിങ്ങളോട് എപ്പോഴും മന്ത്രിക്കുന്നുണ്ടാകും. ഇന്ന് നിങ്ങൾ അടിച്ചുപൊളിക്ക്.നിങ്ങൾക്ക് ചെയ്തു തീർക്കാൻ ഉള്ള കാര്യങ്ങൾ നാളെ ചെയ്യാം എന്ന്. ഈ ശത്രു നിങ്ങളോട് എപ്പോഴും മന്ത്രിക്കുന്നുണ്ടാകും നിങ്ങളുടെ മോശം ശീലങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുതെന്ന്. കാരണം ഇന്നല്ലെങ്കിൽ നാളെ എല്ലാവരും മരിക്കാൻ ഉള്ളതാണെന്ന്. ഈ ശത്രു നിങ്ങളോട് മന്ത്രിക്കുന്നുണ്ടാകും ഉറങ്ങിക്കോളൂ നേരത്തെ എണീറ്റ് എന്ത് ചെയ്യാനാണ് എന്ന്.
നിങ്ങളുടെ ഏറ്റവും വലിയ ശത്രു ഈ ലോകത്തുള്ളവരല്ല. മറിച്ച് നിങ്ങൾ തന്നെയാണ്. നിങ്ങളുടെ ഉള്ളിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ട് നിങ്ങളുടെ ശത്രുവും.ആ ശത്രുവിന്റെ ശബ്ദങ്ങൾ നിങ്ങൾ കേൾക്കാതിരിക്കാൻ ശീലിക്കുക. ആ ശത്രു നിങ്ങളോട് എന്താണ് പറയുന്നത് എന്ന് ഒരിക്കലും ശ്രദ്ധിക്കാൻ നിൽക്കരുത്. കാരണം നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ ഉള്ളിലെ ആ ശത്രുവിനെ ഒഴിവാക്കാൻ കഴിയില്ല. അതിൽ നിന്ന് നിങ്ങൾക്ക് ഒളിച്ചോടാനും കഴിയില്ല. മറിച്ച് ആ ശത്രുവിന്റെ അഭിപ്രായങ്ങൾ, തീരുമാനങ്ങൾ ഇവയെല്ലാം നിങ്ങൾക്ക് നടപ്പിൽ വരുത്തുന്നത് ഒഴിവാക്കാനാകും. അതിനു നിങ്ങൾക്ക് കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾ വിജയിക്കും. നിങ്ങളുടെ ശത്രു നിങ്ങളോട് ഇതു ബുദ്ധിമുട്ടാണ് അതുകൊണ്ട് ഇത് ഉപേക്ഷിച്ചോ എന്ന് പറഞ്ഞാൽ തിരിച്ച് നിങ്ങൾ ചിന്തിക്കുക ബുദ്ധിമുട്ടാണ് പക്ഷേ അസാധ്യമായത് അല്ല. ആ ശത്രു നിങ്ങളോട് നിങ്ങൾ ഏറെ ക്ഷീണിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ തിരിച്ച് നിങ്ങൾ പറയുക ക്ഷീണിച്ചിരിക്കാം പക്ഷേ ഞാൻ മുന്നോട്ട് തന്നെ പോകും. ഇനി ആ ശത്രു നിങ്ങളോട് ഇതൊന്നും നിങ്ങളെക്കൊണ്ട് കഴിയില്ല എന്ന് പറയുമ്പോൾ തിരിച്ചൊന്നു പറയുക. നിങ്ങൾ പൂർണമനസ്സോടെ, ഫോക്കസ്സോടെ കഠിനാധ്വാനത്തോടെ മുന്നോട്ട് പോവാൻ തയ്യാറാണെങ്കിൽ അസാധ്യമായത് ഒന്നും നിങ്ങൾക്ക് മുന്നിൽ ഇല്ല. നിങ്ങളുടെ ഈ ശത്രു നിങ്ങൾ വിജയിക്കുന്നത് കാണാൻ ഒരാളും ആഗ്രഹിക്കുന്നില്ല എന്ന് പറയുമ്പോൾ തിരിച്ചൊന്നു പറയുക എന്നെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന എന്നെ മനസ്സിലാക്കുന്നവർ അത് ആഗ്രഹിക്കുന്നുണ്ട് എന്ന്. മറ്റുള്ളവരെ കുറിച്ച് ഞാൻ ചിന്തിക്കുന്ന പോലുമില്ല.
എന്തൊക്കെ പ്രതിസന്ധികൾ മുന്നിൽ വന്നാലും ഒരിക്കലും കീഴടങ്ങരുത്. നിങ്ങൾ എത്ര ക്ഷീണിതനായാലും തോറ്റു കൊടുക്കരുത്. എത്ര സമയം എടുത്താലും നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്ന് പിന്തിരിയരുത്. നിങ്ങളുടെ ഉള്ളിൽ ഒട്ടനവധി കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട്. പിന്നെ എന്തിനാണ് നിങ്ങൾ; നിങ്ങളെ ചെറുതായി കാണുന്നത്.ഓർമവെക്കുക നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന വിജയം നിങ്ങൾക്കുള്ളതാണ്. നിങ്ങൾ അതിനാണ് ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത്. എപ്പോഴും ഓർമ്മവയ്ക്കുക. എന്തൊക്കെ സംഭവിച്ചാലും നിങ്ങൾ മുന്നോട്ട് പോവുക തന്നെ വേണം.
