നിങ്ങൾ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് എപ്പോഴെങ്കിലും നിങ്ങൾക്ക് തോന്നുന്നുണ്ടോ? തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ രാത്രിയിൽ ആകാശത്തേക്ക് നോക്കൂ.. അവിടെയുള്ള നക്ഷത്രങ്ങളും, പ്രകാശം ചൊരിയുന്ന ചന്ദ്രനും നിങ്ങളോടൊപ്പമുണ്ട്. ഇവരെല്ലാം നിങ്ങളുടെ കൂടെയുള്ളപ്പോൾ നിങ്ങൾ ഒറ്റയ്ക്കാവുന്നത് എങ്ങനെ?
നമ്മുടെ തലച്ചോർ എന്നത് വളരെ ശക്തിമത്തായ ഒരു ഉപകരണമാണ്. നിങ്ങൾ ചിന്തിക്കുന്നത്, നിങ്ങൾ ആഗ്രഹിക്കുന്നത്, നിങ്ങൾ സ്വപ്നം കാണുന്നത് ഇതെല്ലാം നേടിയെടുക്കാൻ നിങ്ങൾക്ക് കഴിയും. എന്നാൽ പ്രശ്നം എന്തെന്ന് വെച്ചാൽ നിങ്ങൾ നിങ്ങളുടെ തലച്ചോറിനെ അനാവശ്യ കാര്യങ്ങൾ ചിന്തിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ കഴിവുകളിൽ അടിയുറച്ച വിശ്വാസം ഉണ്ടാകണം. ഒന്ന് ഓർമ്മ വയ്ക്കുക; നിങ്ങൾ ഉറങ്ങുമ്പോഴും നിങ്ങളുടെ സ്വപ്നം നേടിയെടുക്കാനായി ഉണർന്നിരുന്ന് മറ്റൊരാൾ കഠിനാധ്വാനം ചെയ്യുന്നുണ്ടാകും. നിങ്ങളുടെ മുന്നിൽ ഒരു വഴി അടയുമ്പോൾ മറ്റ് അനേകം വഴികൾ തുറന്നു കിടപ്പുണ്ട്. നിങ്ങൾ ഈ അടഞ്ഞ വാതിലിനു മുന്നിൽ തന്നെ നോക്കി നിൽക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് മുന്നിൽ തുറന്നു കിടക്കുന്ന വാതിലുകൾ നിങ്ങൾ കാണാതെ പോകുന്നത്. ജീവിതത്തിൽ ഒരിക്കലും നിങ്ങൾക്ക് നിരാശപ്പെടേണ്ടതിന്റെ ആവശ്യമില്ല. മറ്റുള്ളവരുടെ അപവാദങ്ങളെയും, കുറ്റപ്പെടുത്തലുകളെയും ഭയന്ന് നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിഞ്ഞ് നടക്കേണ്ട ആവശ്യമില്ല. ഓർമ്മ വയ്ക്കുക നിങ്ങൾ വിജയക്കിരീടം ചൂടുമ്പോൾ അതിൻറെ പങ്കുവറ്റുവാൻ നിങ്ങളെ കുറ്റപ്പെടുത്തിയവരും ആ വേദിയിൽ എത്തിച്ചേർന്നിട്ടുണ്ടാകും. അതിനു നിങ്ങൾക്ക് ആവശ്യം ഏതു പ്രതികൂല സാഹചര്യത്തിലും പോരാടാൻ ഉള്ള കഴിവും, ആത്മവിശ്വാസവുമാണ്. ഇത് ഒരു ചെറിയ കഥയിലൂടെ ഞാൻ നിങ്ങൾക്ക് വ്യക്തമാക്കി തരാം. ഒരിക്കൽ ഒരു സന്യാസിയോട് ഒരാൾ ചോദിച്ചു. ജീവിതത്തിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്ന്. സന്യാസി അയാളെ ഒരു നദിക്കരയിലേക്ക് കൊണ്ടുപോയി. എന്നിട്ട് അയാളോട് പറഞ്ഞു; വിജയിക്കാനുള്ള മന്ത്രം ഈ നദിയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന്. ഇത് കേട്ട് നദിയിലേക്ക് ഇറങ്ങിയ അയാളുടെ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിയപ്പോൾ അയാൾ സന്യാസിയോട് ചോദിച്ചു ഇനിയെങ്കിലും ആ രഹസ്യം എനിക്ക് പറഞ്ഞുതരൂ എന്ന്? ഇത് കേട്ട സന്യാസി അയാളെ പൂർണ്ണമായും വെള്ളത്തിൽ മുക്കി.അയാൾക്ക് ആദ്യം എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. അയാൾ രക്ഷപ്പെടാൻ ഒരുപാട് തവണ ശ്രമിച്ചു എങ്കിലും കഴിയുന്നുണ്ടായിരുന്നില്ല. അവസാനം അയാൾ അയാളുടെ സകല ശക്തിയും എടുത്ത് സന്യാസിയെ തട്ടി മാറ്റി മുകളിലേക്ക് വന്നു. എന്നിട്ട് സന്യാസിയോട് ദേഷ്യപ്പെടാൻ തുടങ്ങി. ഇത് കേട്ട് ശാന്തനായി സന്യാസി ഇങ്ങനെ മറുപടി പറഞ്ഞു. നിങ്ങളെ ഞാൻ ആദ്യം വെള്ളത്തിൽ മുക്കിയപ്പോൾ രക്ഷപ്പെടാനായി നിങ്ങൾ വളരെ കുറച്ചു മാത്രമേ പരിശ്രമിച്ചുള്ളൂ. എന്നാൽ നിങ്ങൾ ഇവിടെ മുങ്ങിത്താഴുമെന്ന് ഉറപ്പായപ്പോൾ സകല ശക്തിയും എടുത്ത് നിങ്ങൾ പോരാടി മുകളിലേക്ക് വന്നു. ഇതു തന്നെയാണ് വിജയത്തിന്റെ രഹസ്യവും. വിജയത്തിനായി നിങ്ങൾക്ക് പൂർണ്ണ ശക്തിയും എടുത്ത് പോരാടേണ്ടതുണ്ട്. എങ്കിൽ മാത്രമേ വിജയം നിങ്ങൾക്കരികിൽ എത്തിച്ചേരുകയുള്ളൂ.
നിങ്ങൾക്കുള്ളിൽ ഈ ലോകത്തിലെ എന്തും നേടിയെടുക്കാനുള്ള കഴിവ് ഒളിഞ്ഞിരിപ്പുണ്ട്. നിങ്ങൾക്ക് കൃത്യമായ ഒരു ലക്ഷ്യബോധമാണ് ഉണ്ടാവേണ്ടത്. അത് നേടിയെടുക്കാനായി കൃത്യമായ ഒരു ആസൂത്രണമാണ് ഉണ്ടാകേണ്ടത്. ഒരിക്കൽ ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട്; നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന മോശം സമയം നമ്മളെ ഇരുട്ടിലാക്കുമെന്ന്. എന്നാൽ ഒന്ന് ഓർമ്മിക്കുക. ആ സമയം നമുക്ക് ജീവിതം എന്താണെന്ന് പഠിപ്പിച്ചു തരുന്നുണ്ട്. നിങ്ങളുടെ ജീവിതത്തിലെ സമയം എങ്ങനെയോ ആയിക്കൊള്ളട്ടെ നിങ്ങൾക്ക് മുന്നോട്ട് പോയേ മതിയാകൂ. നിങ്ങൾ നിങ്ങൾക്ക് ചുറ്റുമുള്ള മോശം പരിസ്ഥിതിയെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നാൽ ഒരിക്കലും നിങ്ങൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ ആകില്ല. അതിനാൽ തന്നെ നിങ്ങളുടെ ചുറ്റുമുള്ള മോശം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കൂ.
നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന നിരാശ ഒരു വലിയ രോഗമാണ്. ആ വലയത്തിനുള്ളിൽ ഒരിക്കലും അകപ്പെട്ട് പോകരുത്. അങ്ങനെ അകപ്പെട്ടാൽ അതിൽ നിന്ന് പുറത്തു കടക്കുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ നിരാശയുടെ വലയത്തിനു ഉള്ളിൽ ഒരിക്കൽ പോലും നിങ്ങൾ അകപ്പെട്ടു പോകരുത്. അവസാനമായി ഒന്നുമാത്രം. ഒരിക്കലും നിങ്ങൾ ഒറ്റയ്ക്കാണെന്ന് ചിന്തിക്കരുത്. ഈ ലോകം മുഴുവൻ നിങ്ങളോടൊപ്പം സഞ്ചരിക്കാൻ തയ്യാറായി നിൽക്കുന്നുണ്ട്. ഈ ലോകം മുഴുവൻ നിങ്ങളുടെ വിജയത്തിനായി കാത്തിരിക്കുന്നുണ്ട്. അതിനാൽ തന്നെ പൂർണ്ണ ശക്തിയുമെടുത്ത് നിങ്ങൾ പോരാടുക. വിജയം നിങ്ങൾക്കരികിൽ എത്തിച്ചേരുക തന്നെ ചെയ്യും.