ഈ ലോകത്തിലെ കുറച്ചു വ്യക്തികൾ എല്ലാ സമയവും ഉറങ്ങുകയാണ്. അവർ എല്ലാ സമയവും സ്വപ്നം കാണുന്നുണ്ട്. എന്നാൽ അവരാരും ശരിയായ സമയത്ത് ഉണരാൻ ഒരുക്കമല്ല. നിങ്ങൾ ശരിയായ സമയത്ത് ഉണർന്നില്ലെങ്കിൽ, നിങ്ങളുടെ സ്വപ്നങ്ങൾക്ക് പുറകെ ഭ്രാന്തമായി സഞ്ചരിക്കാൻ നിങ്ങൾ തയ്യാറായില്ലെങ്കിൽ വയസ്സാകുമ്പോൾ നിങ്ങൾക്ക് ജീവിക്കാൻ മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടേണ്ടി വരും.
നിങ്ങൾ ഒന്നാലോചിച്ചു നോക്കൂ. ഒരു പത്തു കൊല്ലം മുമ്പ് 15,000 രൂപയ്ക്ക് നിങ്ങളുടെ ഒരു മാസത്തെ ചെലവുകൾ എല്ലാം കഴിഞ്ഞിരുന്നുവെങ്കിൽ ഇന്ന് 30,000 രൂപ ഉണ്ടെങ്കിൽ പോലും അതിനു കഴിയാത്ത അവസ്ഥയാണ്. നിങ്ങളുടെ കൈവശമുള്ള പണത്തിന്റെ മൂല്യം എന്നത് ദിനംപ്രതി കുറഞ്ഞു വരികയാണ്. ഇന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 20 ലക്ഷം രൂപയുണ്ടെന്ന് വിചാരിക്കുക. അതുവച്ച് നിങ്ങൾ നിങ്ങളെ ധനവാനായാണ് കാണുന്നതെങ്കിൽ നിങ്ങൾ ശരിക്കും ഒരു വിഡ്ഢിയാണ്. കാരണം 2022ൽ നിന്നും 2032 ആകുമ്പോഴേക്കും ആ 20 ലക്ഷത്തിന്റെ മൂല്യം എന്നത് ഇന്നത്തെ ഇരുപതിനായിരം രൂപയ്ക്കുള്ളത് മാത്രമായിരിക്കും. ഇന്ന് നിങ്ങൾ 4000 രൂപയ്ക്ക് വാങ്ങുന്ന ഒരു സാധനം 10 വർഷങ്ങൾക്കപ്പുറം നിങ്ങൾക്ക് വാങ്ങണമെങ്കിൽ 18000 രൂപ കൊടുക്കേണ്ടി വരും. ഇതിനെ രണ്ടു തരത്തിൽ നമുക്ക് നോക്കിക്കാണാം. ഒന്ന്; പണത്തിന്റെയും മൂല്യം ദിനംപ്രതി കുറഞ്ഞുവരുന്നു.രണ്ട്; സാധനങ്ങളുടെ മൂല്യം ഓരോ ദിവസവും വർദ്ധിക്കുന്നു അതെന്തു തന്നെയായാലും നഷ്ടം സംഭവിക്കുന്നത് നിങ്ങൾക്ക് മാത്രമാണ്. ഇവിടെ നിങ്ങൾക്ക് സംഭവിക്കുന്ന ഏറ്റവും വലിയ തെറ്റ് എന്താണെന്ന് പറയട്ടെ. ജീവിതത്തിൽ നിങ്ങൾ ഒരൊറ്റ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്നത്.
വരുമാനം എന്നത് രണ്ടു തരത്തിലുണ്ട്. ആക്റ്റീവ് ഇൻകം ആൻഡ് പാസീവ് ഇൻകം.
1) ആക്റ്റീവ് ഇൻകം
നിങ്ങൾ ജോലി ചെയ്യുന്നിടത്തോളം നിങ്ങൾക്ക് ലഭിക്കുന്ന വരുമാനമാണ് ആക്റ്റീവ് ഇൻകം. നിങ്ങൾ ഒരു ദിവസം അസുഖബാധിതനായി, അല്ലെങ്കിൽ എന്തെങ്കിലും കാരണവശാൽ നിങ്ങൾക്ക് പണിയെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി എങ്കിൽ അവിടെ നിങ്ങളുടെ വരുമാനവും നിലയ്ക്കും. പിന്നെ നിങ്ങളുടെ സേവിങ്സിൽ നിന്ന് നിങ്ങളുടെ ചെലവുകൾക്കുള്ള വരുമാനം കണ്ടെത്തേണ്ടതായി വരും. ദിനംപ്രതി പണത്തിന് മൂല്യം കുറയുന്നത് കൊണ്ട് തന്നെ അധികകാലം നിങ്ങൾക്ക് സേവിങ്സ് മാത്രം ഉപയോഗിച്ച് മുന്നോട്ടുപോകാൻ ആകില്ല.
2) പാസീവ് ഇൻകം
ഇവിടെ നിങ്ങൾ പണിയെടുത്തില്ല എങ്കിലും പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നു കൊണ്ടിരിക്കും. നിങ്ങൾ ഉറങ്ങുമ്പോൾ പോലും നിങ്ങളിലേക്ക് വരുമാനം എത്തിക്കൊണ്ടിരിക്കും എന്നർത്ഥം. ഇതിനെയാണ് പാസീവ് ഇൻകം എന്ന് പറയുന്നത്. ഇവിടെ സമയത്തിനനുസരിച്ച് നിങ്ങളുടെ പണത്തിന്റെ മൂല്യവും വർദ്ധിക്കും.
യൂട്യൂബ്, ബ്ലോഗിങ്, വെബ് സ്റ്റോറീസ്, ഷെയർ മാർക്കറ്റ് തുടങ്ങിയവയൊക്കെ ചില പാസീവ് ഇൻകം സ്രോതസ്സുകളാണ്. യൂട്യൂബിൽ നിങ്ങൾ ഒരിക്കൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയിൽ എത്ര തവണ പരസ്യം വരുന്നുവോ അതിൻറെ വരുമാനം ആ ക്രിയേറ്റർക്ക് ലഭിക്കുക തന്നെ ചെയ്യും. അതുപോലെ തന്നെയാണ് വെബ് സ്റ്റോറീസ്. നിങ്ങളുടെ വെബ്സൈറ്റിൽ നിങ്ങൾ നിർമ്മിക്കുന്ന വെബ് സ്റ്റോറിസിന് നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഗൂഗിൾ പണം നൽകും. നിങ്ങൾ ഉറങ്ങുമ്പോൾ പോലും ഈ സ്രോതസ്സുകൾ നിങ്ങൾക്ക് പണമുണ്ടാക്കി തരുന്നുണ്ട്.
ഇനി ഷെയർ മാർക്കറ്റ്,ഡിജിറ്റൽ കറൻസി എന്നിവയുടെ കാര്യം എടുക്കാം. ഇവിടെ അപകട സാധ്യത ഉണ്ടെങ്കിലും ലഭിക്കുന്ന ലാഭം വലിയ തോതിൽ ആയിരിക്കും. കൃത്യമായ ആസൂത്രണത്തോടെ നിക്ഷേപം നടത്തുന്നവർക്ക് ലാഭവും കൊയ്യാനാകും. ഞാൻ ഒരു ഉദാഹരണം പറയാം. ആദ്യമായി ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ അവതരിപ്പിച്ച സമയത്ത് അതിൻറെ മൂല്യം എന്നത് വെറും 0.000050പൈസയായിരുന്നു. എന്നാൽ ഇന്ന് അതിൻറെ മൂല്യം എന്നത് 13,82481.09 രൂപയാണ്(30/11/22).നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ. ബിറ്റ്കോയിൻ അവതരിപ്പിച്ച സമയത്ത് 100 രൂപ കൊടുത്ത് ഒരാൾ കുറച്ചു കോയിൻ വാങ്ങി എന്ന് വയ്ക്കുക. ഇന്ന് ആ ബിറ്റ്കോയിൻറെ വില എന്താണ്? ഇതാണ് പാസീവ് ഇൻകത്തിന്റെ ശക്തി.
ഇനി ഞാൻ മറ്റൊരു ഉദാഹരണം പറയാം. നിങ്ങളുടെ കൈവശം 60 ലക്ഷം രൂപയുണ്ടെന്ന് കരുതുക. നിങ്ങൾ അതിലെ 50 ലക്ഷം രൂപ എടുത്ത് മികച്ച ഒരു വീട് വെച്ചു. 10 ലക്ഷം രൂപയ്ക്ക് ഒരു കാറും സ്വന്തമാക്കി. ഇവിടെ നിങ്ങൾ നിങ്ങളുടെ കൈവശമുള്ള 60 ലക്ഷം രൂപയും നഷ്ടപ്പെടുത്തി.അത് നിങ്ങൾക്ക് തിരിച്ചു ലഭിക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ കൈവശമുള്ള വാഹനവും വീടും വിൽക്കേണ്ടി വരും. അങ്ങനെ ചെയ്താലും നിങ്ങൾ നഷ്ടപ്പെടുത്തിയ തുകയേക്കാൾ കുറവേ നിങ്ങൾക്ക് ലഭിക്കൂ. എന്നാൽ ഇവിടെയും നിങ്ങൾക്ക് മറ്റൊരു കാര്യം ചെയ്യാമായിരുന്നു. ആ 60 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം രൂപയെടുത്ത് നിങ്ങൾ ഒരു വീട് വെച്ചു. 20ലക്ഷം രൂപയെടുത്ത് മറ്റൊരു ചെറിയ വീട് വെച്ചു.20 ലക്ഷം രൂപയുടെ വീട് നിങ്ങൾ വാടകയ്ക്ക് കൊടുത്തു. ബാക്കിയുള്ള 10 ലക്ഷം രൂപ വാഹനം വാങ്ങുന്നതിന് പകരം നിങ്ങൾ മികച്ച ലാഭം തരുന്ന മേഖലകളിൽ നിക്ഷേപിച്ചു. നിങ്ങൾ 20 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീടിൻറെ മൂല്യം ഓരോ നാളും വർദ്ധിക്കും. ഇനി നിങ്ങൾ അത് വിൽക്കുന്നില്ല എങ്കിലും മാസാവസാനം നിങ്ങൾക്ക് അതിൽ നിന്ന് വാടക ലഭിച്ചു കൊണ്ടിരിക്കും. നിങ്ങളുടെ കൈവശം ഒരു പാസീവ് ഇൻകം സോഴ്സ് ഉണ്ടാവുകയും ചെയ്യും. നിങ്ങൾ താമസിക്കുന്ന വീടിൻറെ വിലയും ഓരോ ദിവസവും വർദ്ധിക്കും. ഇങ്ങനെ നിങ്ങൾ പണത്തെ ആലോചിച്ചും, ശ്രദ്ധിച്ചും ചെലവഴിച്ചാൽ നിങ്ങളുടെ കൈവശമുള്ള 60 ലക്ഷം നാളെ ഒരു കോടിയിലധികം രൂപയായി മാറും.
ഇനി നിങ്ങളുടെ കൈവശം പണമുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി നിങ്ങൾ ആ പണത്തെ ഉപയോഗിച്ചാൽ നിമിഷനേരങ്ങൾക്കുള്ളിൽ നിങ്ങൾ ദരിദ്രനായി തീരും. എപ്പോഴും നിങ്ങളുടെ കൈവശമുള്ള പണത്തെ അതിൻറെ മൂല്യം വർധിപ്പിക്കുന്ന മേഖലകളിൽ മാത്രം നിക്ഷേപം നടത്താൻ ശ്രദ്ധിക്കുക. മറ്റുള്ളവരെ കാണിക്കാനായി, ആഡംബര വസ്തുക്കൾ വാങ്ങാനായി ഒരിക്കലും നിങ്ങൾ പണത്തെ ഉപയോഗിക്കരുത്.പാസീവ് ഇൻകം ഉണ്ടാക്കാൻ ഒട്ടനവധി വഴികളുണ്ട്. എന്നാൽ ദൗർഭാഗ്യം എന്ന് പറയട്ടെ ഈ ലോകത്തിലെ 80 ശതമാനം ആളുകളും മാസവസാനം ലഭിക്കുന്ന സാലറിയെ മാത്രം ആശ്രയിച്ചു ജീവിക്കാൻ ശ്രമിക്കുന്നവരാണ്.
ഇനി ഒരു സുപ്രഭാതത്തിൽ നിങ്ങളുടെ ഒരു തീരുമാനം കൊണ്ട് നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും? അതുകൊണ്ടു തന്നെ ഒരു വരുമാന മാർഗത്തെ മാത്രം ആശ്രയിച്ച് ജീവിക്കാൻ ശ്രമിക്കരുത്. നിങ്ങൾക്ക് അധിക വരുമാനം ഉണ്ടാക്കിത്തരുന്ന ഒട്ടനവധി മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ പഠിക്കൂ. നിങ്ങൾ ജോലി എടുത്തില്ലെങ്കിലും നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള ഒരു ഇൻകം സോഴ്സ് എപ്പോഴും നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. അതിനു വേണ്ടി ഇപ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ രാപ്പകലുകൾ അധ്വാനിക്കേണ്ടി വന്നേക്കാം. എന്നാൽ ഭാവിയിൽ നിങ്ങളെ അത് ധനവാനാക്കും.