സമുദ്രം എന്നത് എല്ലാവർക്കും ഒരുപോലെയാണ്. ചിലർ അതിൽ നീന്തിത്തുടിക്കുന്നു. ചിലർ അതിൽ മരിച്ചു വീഴുന്നു. ജീവിതം എന്നതും ഒരു സമുദ്രം പോലെയാണ്. അവിടെ നിങ്ങൾക്ക് തീരുമാനിക്കാം. മുങ്ങിത്താഴണമോ അതോ നീന്തി തുടിക്കണമോ? എന്ന്. നിങ്ങൾ സമുദ്രത്തിൽ മുങ്ങിത്താഴുമ്പോൾ അതിനെ കുറ്റം പറയുന്നു. ജീവിതത്തിലും നിങ്ങൾ അതു തന്നെയാണ് ചെയ്യുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യം എത്തിപ്പിടിക്കാൻ ആവാതെ വരുമ്പോൾ നിങ്ങളുടെ ഭാഗ്യത്തെ കുറ്റം പറയുന്നു. ഒരു കാര്യം പറയട്ടെ; കുറ്റം പറയുന്നത് അവസാനിപ്പിച്ച് മുന്നോട്ട് പോകുവാൻ ശ്രമിക്കൂ. ഈ ലോകത്തെ നിങ്ങൾ എങ്ങനെയാണോ നോക്കിക്കാണുന്നത് അതുപോലെ തന്നെയാണ് ഈ ലോകവും. ഈ ലോകത്തുള്ള എല്ലാറ്റിനും അതിൻറെതായ സൗന്ദര്യമുണ്ട്. എന്നാൽ എല്ലാവർക്കും ആ സൗന്ദര്യത്തെ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് മാത്രം.
വാർദ്ധക്യത്തിൽ നിങ്ങൾ ഭൂതകാലത്തിൽ ജീവിക്കാൻ ശ്രമിക്കുന്നു. യുവാവ് ആയിരിക്കുമ്പോൾ ഭാവിയിലും. ഇതു തന്നെയാണ് നിങ്ങളെ ദുഃഖത്തിലാഴ്ത്തുന്നതും. നിങ്ങൾ ചെറിയ കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ എപ്പോഴും വർത്തമാന കാലത്തിലാണ് ജീവിക്കുന്നത്. അതിനാൽ തന്നെ അവർ എല്ലായ്പ്പോഴും സന്തോഷത്തിലുമാണ്. അതിനാൽ തന്നെ വർത്തമാനകാലത്തിൽ ജീവിക്കാൻ പഠിക്കൂ.
നിങ്ങൾക്ക് ഒരു ജോലി ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ അതിൽ ഒരായിരം നന്മകൾ കണ്ടെത്തും. അതു പോലെ തന്നെ ഒരു ജോലി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എങ്കിൽ അതിൽ നൂറായിരം കുറ്റങ്ങളും നിങ്ങൾ കണ്ടെത്തിയിരിക്കും. നിങ്ങളുടെയുള്ളിൽ മോശം ചിന്തകളും പ്രവർത്തികളും നിലനിൽക്കുന്നുണ്ടെങ്കിൽ അത് കൃത്യസമയത്ത് മാറ്റി എടുക്കാൻ ശ്രമിക്കുക.അല്ലെങ്കിൽ സമയം അത് മാറ്റിയെടുക്കും. അത് നിങ്ങളെയൊക്കെ സംബന്ധിച്ച് വേദനാജനകവും ആയിരിക്കും. അതിനാൽ തന്നെ ഒരിക്കലും കീഴടങ്ങരുത്. ഏത് യുദ്ധത്തിനെയും പ്രതീക്ഷയോടെ നേരിടുക. വിജയം തൊട്ടരികത്തുണ്ട്.
നിങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും, പ്രതിസന്ധികളും വരുമ്പോൾ ഒന്നോർമിക്കുക. ഓട്ട മത്സരത്തിൽ ഓടുന്ന കുതിരയ്ക്ക് ഒരിക്കലും വിജയവും തോൽവിയും എന്താണെന്ന് അറിയില്ല.അത് അതിൻറെ യജമാനൻ നൽകുന്ന വേദനയെ മറികടക്കാൻ വേണ്ടിയാണ് ഓടുന്നത്. ഇനി നിങ്ങളുടെ ജീവിതത്തിലും പ്രതിസന്ധികൾ വരുമ്പോൾ ഒന്നോർക്കുക. നിങ്ങളുടെ യജമാനനായ ദൈവം നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയാണ്. പ്രതിസന്ധികളും, പ്രശ്നങ്ങളും ജീവിതത്തിൻറെ ഭാഗമാണ്. വൃക്ഷങ്ങളിൽ പുതിയ ഇലകൾ വരുന്നതിനു മുമ്പ് പഴയ ഇലകൾ കൊഴിയുന്നതു പോലെ പ്രശ്നങ്ങളും, പ്രതിസന്ധികളും എല്ലാം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നത് നിങ്ങളെയും നിങ്ങളുടെ നല്ല സമയത്തിലേക്ക് വരവേൽക്കാൻ വേണ്ടിയാണ്.
നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വീണു പോവുകയാണ് എന്ന് തോന്നുമ്പോൾ നിങ്ങളെക്കൊണ്ട് അത് കഴിയില്ല എന്ന് പറഞ്ഞവരെ കുറിച്ച് ഓർക്കുക. അപ്പോൾ നിങ്ങളുടെ ഉള്ളിൽ ഉണ്ടാകുന്ന അഗ്നി നിങ്ങളെ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കും. ഒരിക്കലും നിങ്ങൾ നിങ്ങളിലെ വിശ്വാസത്തെ ഉപേക്ഷിച്ച് പിന്തിരിഞ്ഞു നടക്കരുത്. കാരണം ഇനിയും നിങ്ങൾക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. നിങ്ങളെക്കൊണ്ട് ഇതൊന്നും കഴിയില്ല എന്ന് പറഞ്ഞവർക്ക് കാണിച്ചു കൊടുക്കാനായെങ്കിലും നിങ്ങൾ വിജയിച്ചിരിക്കണം. മറ്റുള്ളവരും സമൂഹവും എന്തു പറയുമെന്ന് നിങ്ങൾ ഒരിക്കലും ചിന്തിക്കരുത്. കാരണം ഈ സമൂഹം വളരെ വിചിത്രമാണ്. ജീവിതത്തിൽ വിജയിക്കാത്തവരെ നോക്കി ഈ സമൂഹം കളിയാക്കി കൊണ്ടിരിക്കും. ജീവിതത്തിൽ വിജയിച്ചവരെ അസൂയയോടെ നോക്കുകയും ചെയ്യും. നിങ്ങൾ സ്വപ്നം കണ്ടതു കൊണ്ട് മാത്രം വിജയിക്കാൻ പോകുന്നില്ല. അതിനായി എന്തും ത്യജിച്ചു ഇറങ്ങാൻ നിങ്ങൾ തയ്യാറാകണം. നിങ്ങളുടെ സന്തോഷത്തിൻറെ താക്കോൽ ഒരിക്കലും നിങ്ങൾ മറ്റൊരാളെ ഏൽപ്പിക്കരുത്. കാരണം മറ്റുള്ളവർ നിങ്ങളുടെ സാധനം മറന്നു വയ്ക്കും. നിങ്ങളുടെ പോരായ്മകൾ മറ്റുള്ളവർക്ക് മുന്നിൽ തുറന്നു പറഞ്ഞു നിങ്ങൾ തന്നെയാണ് നിങ്ങളെ പരിഹാസ്യ പാത്രമാക്കുന്നത്. അവസാനമായി ഒന്നു മാത്രം. വിജയത്തിൻറെ വെളിച്ചം എവിടെയാണോ നിങ്ങൾക്ക് ദൃശ്യമാകുന്നത് ആ വഴിയിലൂടെ സഞ്ചരിക്കുക. വിജയം നിങ്ങൾക്കരികിൽ എത്തിയിരിക്കും..