Ticker

7/recent/ticker-posts

Fear of Taking Risk


നിങ്ങൾ വീടു മാറാറുണ്ട്, സുഹൃത്തുക്കളെ മാറാറുണ്ട്, ബന്ധങ്ങൾ മാറാറുണ്ട്. ഇതൊക്കെ ചെയ്താലും നിങ്ങൾ എല്ലാ സമയവും പ്രശ്നങ്ങളുടെയും, കുഴപ്പങ്ങളുടെയും നടുവിലാണ്  അതിൻറെ കാരണം എന്തെന്നറിയാമോ? നിങ്ങൾ ഒരിക്കലും നിങ്ങളെ മാറ്റാൻ ശ്രമിക്കാറില്ല. നിങ്ങൾക്കറിയാമോ ഈ ലോകത്തിലെ ഏറ്റവും വലിയ റിസ്ക് എന്താണെന്ന്? നിങ്ങൾ ഒരു റിസ്കും എടുക്കാതിരിക്കുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ റിസ്ക്. ഒന്നുകിൽ നിങ്ങൾ റിസ്ക് എടുക്കുന്നതിലൂടെ ജീവിതത്തിൽ വിജയിക്കും. ഇനി നിങ്ങൾ റിസ്ക് എടുത്ത് തോറ്റു പോവുകയാണെങ്കിൽ ജീവിതത്തിൽ നിങ്ങൾ വലിയ പാഠങ്ങൾ പഠിച്ചിട്ടുണ്ടാകും. എന്നാൽ നിങ്ങൾ റിസ്ക് എടുക്കാതിരുന്നാൽ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കേണ്ടി വരും. റിസ്ക് എടുക്കാതിരുന്നാൽ നിങ്ങൾക്ക് ഒരിക്കലും മുന്നോട്ടു പോകാൻ ആകില്ല. അതിനാൽ തന്നെ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം തെറ്റായി പോകുമോ എന്നോർത്ത് ഒരിക്കലും പേടിക്കരുത്. നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ തെറ്റുകൾ വരുമ്പോൾ നിങ്ങൾ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് അർത്ഥം. ഒന്നും ചെയ്യാതിരിക്കുന്ന വ്യക്തികളെക്കാൾ എത്രയോ മുന്നിലാണ് നിങ്ങൾ. ഓർമ്മവയ്ക്കുക വീഴുമെന്നോർത്ത് നിങ്ങൾ നിങ്ങളുടെ കാലുകളെ മുന്നോട്ടു വെയ്ക്കാൻ ശ്രമിച്ചില്ലെങ്കിൽ ഒരിക്കലും നിങ്ങൾ ജീവിതത്തിൽ നടക്കാൻ പോകുന്നില്ല.





  രാവിലെ നിങ്ങൾ ഉണരുമ്പോൾ ഒരിക്കലും നിങ്ങൾക്ക് കുറ്റബോധം ഉണ്ടാകരുത്; ഇന്നലെ എനിക്കൊന്നും നേടിയെടുക്കാൻ കഴിഞ്ഞില്ല എന്ന്. പകരം ഇന്ന് എന്ത് നേടിയെടുക്കാം എന്നതിനെ കുറിച്ച് ആലോചിച്ച് ഉറക്കമുണരൂ.  എപ്പോഴും ഒരു സമയത്ത് ഒരു ജോലി ചെയ്യാൻ ശ്രമിക്കുക. അതിൽ നിങ്ങൾ പൂർണ്ണ ഫോക്കസ് നൽകുകയും ചെയ്യുക. ഇതാണ് വിജയത്തിന്റെ മൂലമന്ത്രം. ഈ ലോകത്തുള്ളവർ വളരെ വിചിത്രമാണ്. എല്ലാവർക്കും ജീവിതത്തിൽ വിജയിക്കണം. എന്നാൽ വിജയത്തിനായി ഇറങ്ങിത്തിരിക്കാനോ  അവിടെ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ നേരിടാനോ ഒരാൾ പോലും തയ്യാറാല്ല. എന്നിട്ട് എല്ലാവരും പറയുന്നു ജീവിതത്തിൽ സങ്കടങ്ങളും ബുദ്ധിമുട്ടുകളും മാത്രമാണ് കൂട്ടിന് എന്ന്.





ജീവിതത്തിൽ നിങ്ങൾക്ക് പലപ്പോഴും കയ്പേറിയ  തീരുമാനങ്ങൾ  എടുക്കേണ്ടി വരും. എന്നാൽ ആ കയ്പേറിയ  തീരുമാനങ്ങൾ നിങ്ങളെ ഒരുനാൾ മധുരത്തിൽ ആറാടിക്കുകയും ചെയ്യും.  നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഒരിക്കലും പിന്തിരിഞ്ഞു നടക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുകയേ വേണ്ട. നിങ്ങൾക്ക് ആരോടെങ്കിലും മത്സരിക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ മേഖലയിലെ ഏറ്റവും ഉയർന്ന വ്യക്തിയുമായി മത്സരിക്കുക. കാരണം അയാളും നിങ്ങളെ പോലെ തന്നെയാണ്. ആ വ്യക്തിക്ക് അവിടെ എത്തിപ്പെടാൻ കഴിയുമെങ്കിൽ നിങ്ങൾക്കും അതിന് കഴിയും. നിങ്ങളുടെ വിജയത്തെ ഒരാൾക്കും തടയാനാകില്ല എങ്കിൽ മറ്റുള്ളവർ നിങ്ങളെക്കുറിച്ച് അപവാദങ്ങൾ പറയുന്നത് സ്വാഭാവികമാണ്.  ശക്തമായ കൊടുങ്കാറ്റിനു പോലും പാറയെ ഇളക്കാൻ കഴിയാത്തതുപോലെ ഇത്തരം അപവാദങ്ങൾക്കൊന്നും നിങ്ങളെയും ഒന്നും ചെയ്യാൻ കഴിയരുത്. ഈ ലോകത്തുള്ളവർ കഠിനമായ ജോലികളെ പാതിവഴിയിൽ ഉപേക്ഷിച്ച് പിന്തിരിഞ്ഞു നടക്കുന്നവരാണ്. എന്നാൽ അവർ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. കഠിനമായ ജോലികൾ ചെയ്താൽ മാത്രമേ നിങ്ങൾക്ക് വിജയത്തിൽ എത്തിച്ചേരാൻ കഴിയൂ. ഏറ്റവും എളുപ്പമുള്ള ജോലികൾ ചെയ്ത് വിജയം നേടിയെടുക്കാൻ കഴിയുമായിരുന്നുവെങ്കിൽ ഈ ലോകത്തിലെ ഓരോ വ്യക്തിയും വിജയിച്ചേനെ.





സമയത്തിന്റെ വിലയെന്തെന്ന് രാവിലെ നിങ്ങൾക്ക് മുന്നിൽ എത്തുന്ന പത്രത്തിൽ നിന്ന് മനസ്സിലാക്കുക. രാവിലെ 4 രൂപയ്ക്ക് നിങ്ങൾ  വാങ്ങുന്ന പത്രം വൈകുന്നേരത്തോടെ 1 കിലോയ്ക്ക് 4 രൂപയായി നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ മുന്നിലുള്ള സമയത്തെ എപ്പോഴും ബഹുമാനിക്കാൻ പഠിക്കുക. കാരണം ജീവിതം നിങ്ങൾക്ക് മുന്നിൽ സമയത്തെ  വളരെ കുറച്ച് മാത്രമേ നൽകൂ. ആ സമയത്തിനുള്ളിൽ ഒന്നുകിൽ നിങ്ങൾക്ക് വിജയിക്കാം. അതല്ല എങ്കിൽ പരാജിതനായ് മടങ്ങാം. തീരുമാനം അത് എന്തായാലും നിങ്ങളുടേതാണ്, ജീവിതവും.