ദൈവം നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായാണ് ജനിപ്പിച്ചിരിക്കുന്നത്. മറ്റു ജീവികളിൽ നിന്ന്, മറ്റു മനുഷ്യരിൽ നിന്ന് എല്ലാം നിങ്ങൾ വ്യത്യസ്തരാണ്. ഒപ്പം നിങ്ങൾക്ക് വലിയൊരു വരദാനവും ദൈവം നൽകിയിട്ടുണ്ട്. എന്താണെന്നല്ലേ! നിങ്ങൾക്ക് നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാം. ഒരു നായ ജീവിതകാലം മുഴുവൻ നായ ആയിരിക്കും. ഒരു പൂച്ച അതിന്റെ മരണം വരെ പൂച്ച തന്നെയായിരിക്കും. അവയ്ക്കൊന്നും ജീവിതത്തിൽ ഡോക്ടറോ എൻജിനീയറോ ആവുക സാധ്യമല്ല. അവയ്ക്ക് ഒരിക്കലും ജീവിതത്തിൽ ഒന്നും തെരഞ്ഞെടുക്കാൻ കഴിയില്ല. എന്നാൽ നിങ്ങൾ ഒരിക്കലും നായയും പൂച്ചയും പോലെയല്ല. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തെരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ദൈവം നിങ്ങൾക്ക് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുക്കൂ നിങ്ങളുടെ സന്തോഷത്തിന്റെ വഴി. തെരഞ്ഞെടുക്കൂ നിങ്ങൾക്ക് വിജയിക്കാനുള്ള വഴി. എന്നാൽ നിങ്ങളുടെ കുഴപ്പം എന്താണെന്ന് പറയട്ടെ; ജീവിതത്തിൽ വിജയത്തിൻറെ തൊട്ടടുത്തു വരെ കഠിനാധ്വാനം ചെയ്ത് നിങ്ങൾ തിരിഞ്ഞു നടക്കുന്നു എന്നതു തന്നെ.
നിങ്ങൾ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളാണ് നിങ്ങളെ വിജയിയാക്കുന്നതും പരാജിതനാക്കുന്നതും. നിങ്ങൾ ജീവിതത്തിൽ എടുക്കുന്ന ഓരോ തീരുമാനങ്ങളും നിങ്ങളുടെ ചിന്തകളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ചിന്താഗതികൾ ശരിയാണെങ്കിൽ ജീവിതത്തിൻറെ ഏതു ഇരുണ്ട കാലഘട്ടത്തിൽ നിന്നും നിങ്ങൾക്ക് കരകയറാം. നിങ്ങൾക്ക് എപ്പോഴെങ്കിലും ജീവിതത്തിൽ തോറ്റുപോകും എന്ന് തോന്നുകയാണെങ്കിൽ ഓർമ്മവയ്ക്കുക. മത്സരം ആരംഭിച്ചിട്ട് മാത്രമേ ഉള്ളൂ. ഇപ്പോൾ മാത്രം ആണ് നിങ്ങൾക്ക് ബോൾ ലഭിച്ചിട്ടുള്ളൂ. ഇത് നിങ്ങൾക്കുള്ള മത്സരമാണ്. നിങ്ങൾ നിങ്ങളിൽ എത്രത്തോളം വിശ്വസിക്കുന്നു എന്നറിയാൻ. നിങ്ങൾ നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കാൻ എത്രത്തോളം ആഗ്രഹിക്കുന്നു എന്നറിയാൻ.
ജീവിതത്തിൽ നിങ്ങൾക്ക് എന്തെങ്കിലും നേടിയെടുക്കണം എന്നുണ്ടെങ്കിൽ എന്തെങ്കിലും നഷ്ടപ്പെടുത്തിയേ മതിയാകൂ. നിങ്ങൾക്ക് ഒരുപാട് വലിയ നേട്ടങ്ങൾ നേടിയെടുക്കണം എന്നുണ്ടെങ്കിൽ അത്രയും വലുതായിരിക്കും നിങ്ങളുടെ നഷ്ട്ടങ്ങളും. അതോടൊപ്പം മറ്റുള്ളവർ എന്ത് വിചാരിക്കും, അവർ എന്തു പറയും തുടങ്ങിയ ചിന്താഗതികളും നിങ്ങൾ നിങ്ങളിൽ നിന്നും ഉപേക്ഷിക്കാൻ തയ്യാറാകണം. ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കൂ. നിങ്ങളുടെ ലക്ഷ്യം എപ്പോഴും വളരെ ഉയരത്തിൽ ആയിരിക്കണം. അതോടൊപ്പം ഓർമ്മ വയ്ക്കുക; നിങ്ങൾ വിജയത്തിലേക്കുള്ള ആദ്യ ചുവട് എടുത്തുവയ്ക്കാൻ തയ്യാറായാൽ മാത്രമേ അവസാന ചുവടും എടുത്തുവയ്ക്കാൻ കഴിയൂ. ആരുടെയും സ്വപ്നം ഒരു ദിവസം കൊണ്ട് നേടിയെടുക്കാൻ ആവില്ല. അതിന് സമയമെടുക്കും. നിങ്ങൾ നിങ്ങളുടെ ചെറിയ നേട്ടങ്ങളിൽ സന്തോഷം കണ്ടെത്തൂ. കഠിനമായ തീരുമാനങ്ങൾ എടുക്കാൻ പരിശീലിക്കൂ. വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ പഠിക്കൂ.
ജീവിതത്തിൽ വിജയിച്ചവരുടെ വിജയ നിമിഷങ്ങൾ മനസ്സിൽ ഓർത്തുവയ്ക്കുന്നതിനൊപ്പം അവർ ചവിട്ടി കയറിയ ഇരുണ്ട വഴികളും നിങ്ങളുടെ ഓർമ്മയിൽ ഉണ്ടായിരിക്കണം. സമയം നിങ്ങളുടെ കഠിനാധ്വാനവും കാണുന്നുണ്ട്.അതിനാൽ തന്നെ ഒരുനാൾ നിങ്ങളും വിജയത്തിൽ എത്തിച്ചേരും. പ്രത്യാശയോടെ മുന്നോട്ട് പോവുക.