ഈ ലോകത്ത് ജനിച്ച എല്ലാവരും മരണമടയും. എന്നാൽ ഈ ലോകത്ത് ജനിച്ച എല്ലാവരും അവരുടെ ജീവിതം ജീവിക്കുന്നില്ല. ജീവിതത്തെ ആസ്വദിക്കുന്നില്ല. നിങ്ങൾ വരാൻ പോകുന്ന സുപ്രഭാതത്തെ കാണുമോ, ഇല്ലയോ എന്നതിന് യാതൊരു ഉറപ്പുമില്ല. വരാൻ പോകുന്ന നിമിഷത്തിൽ എന്ത് സംഭവിക്കും എന്നതും നിങ്ങൾക്ക് പ്രവചിക്കാൻ ആകില്ല. എന്നാൽ ഈ നിമിഷം നിങ്ങളുടെ കൈകളിലാണ്. ഈ നിമിഷത്തിൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും എന്നതും നിങ്ങളുടെ കൈകളിലാണ്. ഇന്ന് നിങ്ങൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ജീവിക്കുന്നുവോ, ഇന്ന് നിങ്ങൾ ജീവിതത്തിൽ എന്ത് ചെയ്യുന്നു എന്നതും നിങ്ങളുടെ കൈകളിലാണ്. എന്നും ഉറക്കം ഉണരുമ്പോൾ ഓർമ്മ വയ്ക്കുക ഈ ദിവസം, ഈ മണിക്കൂറുകൾ ഇത് നിങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച വരദാനമാണെന്ന്.
ജീവിതത്തിൽ നിങ്ങൾ എന്തുചെയ്യാൻ ആഗ്രഹിച്ചുവോ അത് നിങ്ങൾക്ക് ഈ നിമിഷം ചെയ്യാം. അത് ചെയ്യണമോ, വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. അതല്ലെങ്കിൽ നിങ്ങൾ ജീവിതത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യരുത്. ഒരു സാധാരണ ജീവിതം മുന്നോട്ടു നയിക്കുക. വലിയ സ്വപ്നങ്ങൾ ഒന്നും കാണാതിരിക്കുക. ജീവിതം എന്താണോ നിങ്ങൾക്ക് മുന്നിൽ വച്ച് നീട്ടിയിരിക്കുന്നത് അതിൽ സന്തോഷം കണ്ടെത്തുക. ഇങ്ങനെയാണ് നിങ്ങൾ ജീവിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പിന്നീട് ഒരിക്കലും മറ്റൊരാളുടെ വിജയം കണ്ട് നിങ്ങൾ അസൂയപ്പെടരുത്. ജീവിതത്തിന്റെ അവസാന നാളുകളിൽ ഒരിക്കലും നിങ്ങൾ പരിതപിക്കരുത്; അവസരങ്ങൾ ഉണ്ടായിട്ടും അവയൊന്നും ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല എന്നോർത്ത്.
ഓർമ്മ വയ്ക്കുക ദൈവം നിങ്ങൾക്ക് മുന്നിലും അവസരങ്ങളുടെ വാതിൽ തുറന്നിട്ടിരുന്നു. നിങ്ങൾ ജീവിച്ച ഓരോ ദിവസത്തിലും വിജയിക്കാനുള്ള അവസരങ്ങൾ തുറന്നു കിടന്നിരുന്നു.ആ അവസരങ്ങളെ പ്രയോജനപ്പെടുത്തി നിങ്ങൾക്ക് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താമായിരുന്നു. ഒരുപക്ഷേ നിങ്ങൾക്ക് വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിഞ്ഞേനെ. പക്ഷേ നിങ്ങൾ ആ അവസരങ്ങൾ ഒന്നും ഉപയോഗപ്പെടുത്താതെ കാലം കഴിച്ചു.
നിങ്ങളുടെ ജീവിതം എന്നത് ഒരു യാത്രയാണ്. സ്വപ്നതുല്യമായ ഒരു യാത്ര. അതിനെ നിങ്ങൾക്ക് എന്നും ഓർത്തുവയ്ക്കാവുന്ന നിമിഷങ്ങൾ കൊണ്ട് നിറയ്ക്കണം. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങൾക്ക് നേടിയെടുക്കാനുള്ളതാണ്. നിങ്ങൾ മരിച്ചു കഴിഞ്ഞാലും നിങ്ങളെക്കുറിച്ച് ജനങ്ങൾ ഓർത്തിരിക്കണം. അത്തരത്തിലുള്ള നേട്ടങ്ങൾ നിങ്ങൾ എത്തി പിടിക്കണം. അതിനായി നിങ്ങൾ നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണർത്തേണ്ടതുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ അവസാന നിമിഷം വരെയും നിങ്ങൾക്ക് പ്രയത്നിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട്. നിങ്ങളുടെ ചുറ്റിലും നൂറായിരം പേരെ നിങ്ങൾക്ക് കണ്ടെത്താനാകും. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യരുത്,നിങ്ങളുടെ സ്വപ്നങ്ങൾ ഒന്നും നിങ്ങൾക്ക് നേടിയെടുക്കാൻ ആകില്ല എന്നൊക്കെ പറയുന്നവരെ. അവരെയും അവരുടെ ആ വാക്കുകളെയും നിങ്ങൾ ഒരിക്കലും ഗൗനിക്കരുത്. ഒരിക്കലും നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച് സംസാരിക്കാൻ മറ്റുള്ളവർക്ക് നിങ്ങൾ അവസരം ഒരുക്കി കൊടുക്കരുത്. നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടാൻ ഒരിക്കലും മറ്റുള്ളവരെ അനുവദിക്കരുത്. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന് നിങ്ങളെ നിയന്ത്രിക്കാൻ ഒരിക്കലും മറ്റൊരാൾക്ക് നിങ്ങൾ അവസരം ഒരുക്കി കൊടുക്കരുത്. അല്ലെങ്കിൽ അവർ ആദ്യം നിങ്ങളെ അവരോടൊപ്പം കൂട്ടും. പിന്നീട് നിങ്ങൾ പരാജയപ്പെടുമ്പോൾ അവർ നിങ്ങളെ പരിഹസിക്കുകയും ചെയ്യും. അത്തരക്കാരുമായുള്ള നിങ്ങളുടെ ബന്ധം അവസാനിപ്പിക്കൂ. അവർ നിങ്ങളെ ഒരിക്കലും വിജയത്തിലേക്ക് നയിക്കില്ല. അവർ ഈ ലോകത്ത് ജീവിക്കുന്നുണ്ടാകും. എന്നാൽ ഒരിക്കലും അവർ ജീവിതത്തെ ആസ്വദിക്കുന്നില്ല. അവർ എത്രയോ പേരുടെ സ്വപ്നങ്ങളെ നശിപ്പിച്ചു കളഞ്ഞവരാണ്. അത്തരക്കാരെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് വലിച്ചെറിയൂ.
ഓർമ്മ വയ്ക്കുക ഈ ലോകത്ത് ജനിച്ച എല്ലാവരും ഒരു നാൾ മരണമടയുന്നവരാണ്. എന്നാൽ ഈ ലോകത്ത് ജനിച്ച എല്ലാവരും ജീവിതത്തെ ആസ്വദിച്ചവരല്ല. എന്നാൽ നിങ്ങൾക്ക് ഈ ജീവിതം ആസ്വദിക്കാനുള്ളതാണ്.