യഥാർത്ഥത്തിൽ ഇരുട്ട് നിങ്ങളുടെ വഴി തടയുകയാണോ? അതോ നിങ്ങൾ ചുറ്റിലുമുള്ള വെളിച്ചത്തിൽ ഇരുട്ട് പരത്തുകയാണോ? നിങ്ങൾക്ക് ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ ചെയ്തു തീർക്കാൻ ആയി സമയം കിട്ടാത്തത് ആണോ അതോ നിങ്ങൾ സമയത്തെ വെറുതെ നഷ്ടപ്പെടുത്തി കളയുകയാണോ? എന്തെങ്കിലും കാര്യം ചെയ്യാൻ നിങ്ങൾ ഇറങ്ങി തിരിക്കുന്നതിനു മുമ്പ് ഈ ചോദ്യങ്ങൾ നിങ്ങൾ സ്വയം ചോദിച്ചിട്ടുണ്ടാകണം. നല്ല സമയം ഒരിക്കലും നിങ്ങൾ പ്രതീക്ഷിച്ചിരുന്നതു കൊണ്ട് സംഭവിക്കില്ല. അത് എത്രയോ കാലമായി നിങ്ങളോടൊപ്പം സഞ്ചരിക്കുന്നുണ്ട്. നിങ്ങൾക്ക് അതിൻറെ താക്കോലാണ് ആവശ്യം; നല്ല സമയത്തിന്റെ വാതിലിലെ പൂട്ട് തുറക്കാനായി.ആ താക്കോൽ കണ്ടുപിടിക്കൂ. എന്നിട്ട് ആ പൂട്ട് തുറന്ന്, അല്ലെങ്കിൽ ആ വാതിൽ തകർത്ത് അകത്തു കയറൂ.നിങ്ങൾ ഈ ഭൂമിയിലേക്ക് പിറന്നു വീണതു തന്നെ വിജയിക്കാനായാണ്.

യഥാർത്ഥത്തിൽ നിങ്ങൾ ആരാണ്? വാസ്തവത്തിൽ നിങ്ങൾ ഈ ഇരുട്ടിനോട് പോരാടാൻ വന്നവനല്ല;മറിച്ച് ഈ ഇരുട്ടിനെ മുഴുവനായും വിഴുങ്ങാൻ പിറന്നവരാണ്. അതിനായ് നിങ്ങളുടെ കൈവശമുള്ള ആയുധം എന്നത് ഫോക്കസ് ,ഡെഡിക്കേഷൻ,കഠിനാദ്ധ്വാനം എന്നിവ മാത്രമാണ്. നിങ്ങൾ പരാജയപ്പെട്ടിട്ടുണ്ടാകും എത്രയോ തവണ. പക്ഷേ ആ പരാജയങ്ങൾ ഒന്നും നിങ്ങളെ ഭയപ്പെടുത്തരുത്. വേദനകൾ ഉണ്ടാകും; എന്നാൽ ആ വേദനകൾ ഒന്നും നിങ്ങളെ തോൽപ്പിക്കാൻ പാകത്തിലുള്ളതാവരുത്. എല്ലാവർക്കും ആഗ്രഹമുണ്ട് ജീവിതത്തിൽ വിജയിക്കാൻ,ഉയരങ്ങൾ കീഴടക്കാൻ. എന്നാൽ നിങ്ങളുടെ കൈവശം കഠിനമായ സാഹചര്യത്തിലും പോരാടി ലക്ഷ്യം നേടിയെടുക്കാൻ ഉള്ള ആഗ്രഹം ആണ് ഉണ്ടാകേണ്ടത്. ആ ലക്ഷ്യം നേടിയെടുക്കാൻ ഉള്ള വിശപ്പാണ് നിങ്ങളിൽ അവശേഷിക്കേണ്ടത്. മറ്റുള്ളവരെല്ലാം ഉറങ്ങുകയായിരിക്കും. അവർ ഉറങ്ങി കൊള്ളട്ടെ.നിങ്ങളുടെ വിജയത്തിൻറെ ഫ്ലാഷ് ലൈറ്റ് അവരുടെ കണ്ണുകളിൽ പതിക്കുമ്പോൾ അവർ തനിയെ ഞെട്ടിയുണർന്നു കൊള്ളും. നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് പിൻതിരിപ്പിക്കുന്ന ഏകവ്യക്തി അത് നിങ്ങൾ മാത്രമാണ്.
തയ്യാറാക്കിയത്:രൂപേഷ് വിജയൻ
അനുബന്ധ ലേഖനങ്ങൾക്ക് സന്ദർശിക്കുക