നിങ്ങൾ രാവിലെ പഠിക്കാൻ ഇരുന്നാലും രാത്രി പഠിക്കാൻ ഇരുന്നാലും ഒരു കാര്യം എപ്പോഴും ഓർമ്മിക്കുക. ഒരുനാൾ നിങ്ങൾക്ക് ഉയരങ്ങളിലെത്തണം, ജീവിതത്തിൽ വിജയിക്കണം. രാത്രി വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ വേണ്ടി മാത്രം ഉറങ്ങാതെ ഇരിക്കുമ്പോൾ ആലോചിക്കുക ആ സമയത്തും ചിലർ ജീവിതത്തിൽ വിജയിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുന്നുണ്ടാകുമെന്ന്.രാവിലെ പഠിക്കാനിരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ ഉറക്കം വരും; കാരണം നിങ്ങൾക്ക് രാത്രിയും ഉറക്കമൊഴിച്ച് പഠിക്കാനുള്ളതാണ്; എല്ലാവരും ഉറങ്ങുമ്പോൾ പോലും. കാരണം നിങ്ങൾ രാത്രിയിൽ ഉറങ്ങി കൊണ്ട് ഉന്നതങ്ങളിൽ എത്താൻ ഉള്ള സ്വപ്നം കാണുമ്പോൾ മറ്റെവിടെയോ ഉറക്കമൊഴിച്ചിരുന്ന് ആ സ്വപ്നം നേടിയെടുക്കാനായി മറ്റൊരാൾ കഠിനാധ്വാനം ചെയ്യുന്നുണ്ടാകും.
ജീവിതത്തിൽ തോറ്റു പോയവർ വിജയിച്ചവരെ ശ്രദ്ധിക്കുന്നു. എന്നാൽ ജീവിതത്തിൽ വിജയിച്ചവർ അവരുടെ വിജയത്തിൽ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. ഓർമ്മിക്കുക ജീവിതം നിങ്ങൾക്ക് വെറുതെ ആഗ്രഹിച്ചിരുന്നത് കൊണ്ട് മാത്രം ഒന്നും തരില്ല പകരം അതിനുവേണ്ടി രാപ്പകലുകൾ അധ്വാനിക്കാൻ നിങ്ങൾ തയ്യാറായാൽ മാത്രമേ നിങ്ങൾക്ക് അത് ലഭിക്കുകയുള്ളൂ. ജീവിതത്തിൽ ഒരിക്കലും നിങ്ങൾ തോറ്റു പോയതുകൊണ്ട് പിന്മാറരുത്. എത്ര തവണ തോറ്റു പോയാലും മുന്നോട്ടു തന്നെ പോവുക.നിങ്ങൾ എന്തെങ്കിലും ഒരു കാര്യം നാളെ ചെയ്യാം എന്ന് പറഞ്ഞ് മാറ്റി വയ്ക്കുന്ന സ്വഭാവക്കാർ ആണോ? എങ്കിൽ ഒന്ന് ഓർത്തുകൊള്ളൂ നിങ്ങൾ നിങ്ങളുടെ ഭാവിയെ കൂടിയാണ് ഇത്തരത്തിൽ നഷ്ടപ്പെടുത്തി കളയുന്നത്. കുറച്ചുസമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കാം, കുറച്ചുസമയം ഗെയിം കളിക്കാം, കുറച്ചുസമയം കറങ്ങി നടക്കാൻ പോകാം. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ പാതിരാത്രിയിൽ വീട്ടിൽ കയറി വന്ന് നിങ്ങൾ ചിന്തിക്കും ഇനി കുറച്ചു സമയം പഠിക്കാൻ ഇരിക്കാം എന്ന്. അങ്ങനെ പഠിക്കാനിരിക്കുമ്പോൾ ഉറക്കം നിങ്ങളുടെ കണ്ണുകളെ പതിയെ പതിയെ കീഴടക്കും. എന്നാൽ ഇവിടെ നിങ്ങളുടെ ഭാഗത്ത് തന്നെയാണ് തെറ്റ്. ഒരു കാര്യവും ഇല്ലാത്ത കുറെ കാര്യങ്ങൾ ചെയ്യാനായി പകൽ മുഴുവൻ സമയം കണ്ടെത്തിയപ്പോൾ ഏറ്റവും പ്രധാനപ്പെട്ട പഠനത്തിനായി സമയം കണ്ടെത്താൻ നിങ്ങൾ മറന്നുപോയി. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ചെയ്യാനായി നിങ്ങൾ ഏറ്റവും അവസാനമാണ് സമയം കണ്ടെത്തിയത്. എന്നാൽ നിങ്ങൾ ഒന്ന് ഓർമിച്ചു കൊള്ളുക. നിങ്ങൾ രാത്രിയോളം ചെയ്ത ഈ കാര്യങ്ങളൊന്നും നിങ്ങളുടെ ഭാവി നിർണയിക്കില്ല. നിങ്ങളുടെ ചുറ്റുമുള്ളവർ എത്ര സാലറി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭാവിയിൽ നിങ്ങൾ എത്ര സാലറി വാങ്ങും എന്നുള്ളത്. ഒരു മഹദ് വ്യക്തി ഒരിക്കൽ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട് "നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ കുറിച്ച് എന്നോട് പറയൂ.അത് നോക്കി ഞാൻ നിങ്ങളുടെ ഭാവി നിർണയിക്കാം" എന്ന്. ജീവിതത്തിൽ നിങ്ങൾ എത്രത്തോളം മുന്നോട്ടു പോകും എന്നുള്ളത് നിങ്ങൾക്ക് ചുറ്റും നിങ്ങൾ തെരഞ്ഞെടുക്കുന്ന കൂട്ടത്തെ കൂടി ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ മോശം ആളുകളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കൂ. എന്നിട്ട് നല്ല കൂട്ടുകാർക്കൊപ്പം ചേരൂ.
നിങ്ങളുടെ വഴിയിൽ നിങ്ങളെ കളിയാക്കുന്നവർ ഉണ്ടാകും,ഒട്ടനവധി വെല്ലുവിളികൾ ഉണ്ടാകും. എന്തൊക്കെ വന്നാലും നിങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തതായി ഒന്നുമില്ല ഈ ലോകത്ത്. നമ്മൾ വലുതാകുമ്പോൾ എഴുതാനായി പെൻസിലിനു പകരം പേനയാണ് ലഭിക്കുക. അതിൽ നിന്ന് നിങ്ങൾ ഒന്നു മനസ്സിലാക്കിക്കൊള്ളൂ. നിങ്ങൾ വരുത്തുന്ന തെറ്റുകളെ മായ്ച്ചു കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാൽ തന്നെ ജീവിതത്തിൽ ഒരിക്കലും നിങ്ങളുടെ ഭാവിയെ നശിപ്പിക്കും വിധത്തിലുള്ള തെറ്റുകൾ ചെയ്യാതിരിക്കുക. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ചിന്തിക്കാനും, പ്രവർത്തിക്കാനും കഴിഞ്ഞാൽ മാത്രമേ നിങ്ങളുടെ മുന്നോട്ടുള്ള യാത്രയും സുഗമമാകൂ. ഒരു വിജയിയുടെയും ഒരു പരാജയൻറെയും ചിന്താഗതികൾ തന്നെ തമ്മിൽ വളരെയധികം അന്തരമുണ്ട്. പരാജിതൻ ക്ഷീണിതൻ ആകുമ്പോൾ തൻറെ പരിശ്രമം അവസാനിപ്പിക്കുന്നു. എന്നാൽ ഒരു വിജയി വിജയം നേടി എടുക്കുന്നതുവരെ തൻറെ പരിശ്രമം തുടർന്നുകൊണ്ടിരിക്കുന്നു.വെല്ലുവിളികളും,പ്രതിസന്ധികളും നിങ്ങൾക്ക് മുന്നിൽ നിറയുമ്പോഴും കീഴടങ്ങാതെ മുന്നോട്ടുപോവുക.ആ യാത്രയിൽ ഒരുപാട് പുതിയ ബന്ധങ്ങൾ, പുതിയ പ്രതിസന്ധികൾ, വെല്ലുവിളികൾ, ശീലങ്ങൾ, നേട്ടങ്ങൾ എല്ലാം നിങ്ങളെ തേടിയെത്തും. പക്ഷേ നിങ്ങൾ നഷ്ടപ്പെടുത്തിയ സമയം ഒരിക്കലും നിങ്ങളെ തേടി വരില്ല. ആ കാര്യത്തെ എപ്പോഴും ഓർത്തുകൊള്ളുക.
അനുബന്ധ ലേഖനങ്ങൾക്ക് സന്ദർശിക്കുക